ജറൂസലേം: ഗാസയിൽ വെടിനിർത്തലിന് ധാരണയായെന്ന് റിപ്പോർട്ട്. ഇസ്രയേലും ഹമാസും കരാർ അംഗീകരിച്ചതായുള്ള വിവരമാണ് പുറത്തുവരുന്നത്. ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിച്ചത് ഖത്തറും, അമേരിക്കയും, ഈജിപ്തുമാണ്. ബന്ധികളെ വിടാമെന്ന പ്രധാന വ്യവസ്ഥ ഹമാസ് അംഗീകരിച്ചുവെന്നാണ് വിവരം. ഖത്തര്‍ പ്രധാനമന്ത്രി ഇസ്രയേല്‍ ഹമാസ് പ്രതിനിധികളുമായി ചര്‍ച്ച നടത്തി. സെന്‍ട്രല്‍ ഗസ്സയില്‍ നിന്ന് ഇസ്രയേല്‍ സൈന്യം പിന്മാറും. ഇസ്രയേല്‍ ആക്രമണത്തെത്തുടര്‍ന്ന് ഗസ്സയില്‍ പലായനം ചെയ്തവര്‍ക്ക് തിരിച്ചുവരാം. തിരിച്ചു വരവിന് ഖത്തറും ഈജിപ്തും മേല്‍നോട്ടം വഹിക്കും. 94 ഇസ്രയേലി തടവുകാരാണ് ഹമാസിന്റെ പക്കലുളളത്. 1000 പലസ്തീനി തടവുകാരെയായിരിക്കും ഇസ്രയേൽ കൈമാറുക.
6 ആഴ്ചത്തെ വെടിനിർത്തലിനാണ് ധാരണ. ഇതോടെ 15 മാസം നീണ്ട യുദ്ധം അവസാനിക്കും. അതേ സമയം നടപടിയിൽ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.
ഗാസയില്‍ വെടിനിര്‍ത്തല്‍ കരാറിലെത്തിയതായി നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. പശ്ചിമയേഷ്യയിലെ ബന്ദികള്‍ ഉടന്‍ മോചിതരാകുമെന്നും അദ്ദേഹം കുറിച്ചു. സമാധാന കരാർ നിലനിൽക്കുമെന്നാണ് തന്റെ വിശ്വാസമെന്നും ബൈഡൻ പറഞ്ഞു. സമാധാന കരാർ ആദ്യ ഘട്ടത്തിന്‍റെ കാലാവധി 42 ദിവസമാണ്. ആറ് ആഴ്ചകൾക്ക് ശേഷം രണ്ടാം ഘട്ടത്തിലേക്ക് കടക്കും. അത് ഇസ്രായേൽ ഹമാസ് യുദ്ധത്തിന്റെ അവസാനമായിരിക്കുമെന്ന് ബൈഡൻ പറഞ്ഞു. കഴിഞ്ഞ മേയിൽ അമേരിക്ക മുന്നോട്ട് വെച്ച സമാധാന കരാറിന്റെ കരട് രേഖയാണ് ഇപ്പോൾ പ്രാവർത്തികമായത്. സമാധാന കരാർ അമേരിക്കൻ നയതന്ത്രത്തിന്റെയും, ദീർഘമായ പിന്നാമ്പുറ ചർച്ചകളുടെയും ഫലമാണെന്ന് ബൈഡൻ വ്യക്തമാക്കി.