Friday, July 18, 2025
Mantis Partners Sydney
Home » കേരളത്തിൽ അഞ്ചുദിവസം അതിതീവ്ര മഴയ്‌ക്ക് സാധ്യത; 4 ജില്ലകളിൽ റെഡ് അലർട്ട്
ജാഗ്രതാ നിർദ്ദേശം

കേരളത്തിൽ അഞ്ചുദിവസം അതിതീവ്ര മഴയ്‌ക്ക് സാധ്യത; 4 ജില്ലകളിൽ റെഡ് അലർട്ട്

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു

by Editor

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ചു ദിവസം അതിതീവ്ര മഴയ്‌ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ റെഡ് അലെർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 204.4 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ കൊണ്ട് അർഥമാക്കുന്നത്. അതിതീവ്ര മഴ മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടായേക്കാം. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്നു കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഇന്നലെ കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലും ഇന്ന് എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കാസർഗോഡ് എന്നീ ജില്ലകളിലും കഴിഞ്ഞ ദിവസം കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു.  എറണാകുളം, ഇടുക്കി, തൃശ്ശുർ, പാലക്കാട്, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരും. മധ്യ തെക്കൻ കേരളത്തിലെ മലയോരമേഖകളിൽ ജാഗ്രത വേണമെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി. മഴ ശക്തമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് 4 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. വയനാട്, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് അവധി.

ഇടിമിന്നലോട് കൂടിയായിരിക്കും മഴയ്ക്ക് സാധ്യത. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ഈരാറ്റുപേട്ട-വാഗമൺ റോഡിൽ രാത്രികാലയാത്രക്ക് നിരോധനം ഏർപ്പെടുത്തി. കോട്ടയം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ വാഗമൺ ഇല്ലിക്കൽ കല്ല്, മാർമല അരുവി, ഇല വീഴാ പൂഞ്ചിറ എന്നിവിടങ്ങളിലേക്കുള്ള പ്രവേശനവും നിരോധിച്ചു. ഡിസംബർ നാലുവരെയാണ് നിരോധനം. തീര്‍ഥാടകര്‍ ഇന്ന് രാത്രി പമ്പാനദിയില്‍ കുളിക്കാന്‍ ഇറങ്ങരുതെന്ന് പത്തനംതിട്ട ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി. വനത്തില്‍ ശക്തമായ മഴയുള്ളതിനാല്‍ നദിയില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ടെന്നതിനാലാണ് നടപടി. മഴ ശക്തമായി തുടര്‍ന്നാല്‍ കാനനപാത വഴി തീര്‍ത്ഥാടകരെ കടത്തിവിടില്ല. മലയോരമേഖലയായ അത്തിക്കയം , പെരുനാട് സീതത്തോട് എന്നിവിടങ്ങളില്‍ ഇന്ന് കൂടുതല്‍ അളവില്‍ മഴ ലഭിച്ചു.

മലപ്പുറം ജില്ലയില്‍ നാളെ എല്ലാ ക്വാറി പ്രവര്‍ത്തനങ്ങളും നിരോധിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലും മറ്റും വിനോദസഞ്ചാരം ഒഴിവാക്കണം. നദീതീരത്ത് താമസിക്കുന്ന എല്ലാവരും പ്രത്യേക ജാഗ്രത പാലിക്കണം. വലിയ മഴ പെയ്യുകയാണെങ്കില്‍ ബാക്കിക്കയം ഷട്ടര്‍ തുറക്കുന്നതിനാല്‍ കടലുണ്ടിപ്പുഴ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. സര്‍ക്കാര്‍ വകുപ്പുകളും പോലീസും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ എല്ലാവരും പാലിക്കണം. വൈദ്യുതി ബോര്‍ഡും പൊതുമരാമത്ത് വകുപ്പും പഞ്ചായത്ത് തല ദുരന്ത പ്രതികരണ സംഘങ്ങളും ഏത് അടിയന്തരാവസ്ഥയ്ക്കും തയ്യാറായിരിക്കണമെന്ന് കളക്ടര്‍ അഭ്യര്‍ഥിച്ചു.

മഴ കനക്കുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മലയോര മേഖലയില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവര്‍ സുരക്ഷിതമായ സ്ഥലത്തേക്ക് പകല്‍ സമയത്ത് തന്നെ മാറി താമസിക്കാന്‍ തയ്യാറാവമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. സ്ഥിരമായി വെള്ളക്കെട്ട് രൂപപ്പെടാറുള്ള താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ സാഹചര്യം വിലയിരുത്തി തയ്യാറാക്കപ്പെടുന്ന ക്യാമ്പുകളിലേക്ക് മാറണം. വിവിധ തീരങ്ങളില്‍ കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം. മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ കളക്ടര്‍മാര്‍ ജില്ലയില്‍ തന്നെ ഉണ്ടാകണം എന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. തിരുവന്തപുരത്തു നടക്കേണ്ടിയിരുന്ന ജില്ലാ കളക്ടര്‍മാരുടെ യോഗം മാറ്റിവെച്ചു.

 

Send your news and Advertisements

You may also like

error: Content is protected !!