സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ വിമർശിച്ചും പരിഹസിച്ചും കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. ഇസ്ലാമിന്റെ നിയമങ്ങൾ മതപണ്ഡിതർ പറയും, അത് പണ്ഡിതർക്ക് വിട്ട് കൊടുക്കണം. സമസ്തക്കെതിരെ സ്ത്രീ വിരുദ്ധത ആരോപിക്കുന്നവർ സ്വന്തം കാര്യത്തിൽ മൗനം പാലിക്കുന്നുവെന്ന് കാന്തപുരം കുറ്റപ്പെടുത്തി. കണ്ണൂരിൽ ഏരിയ സെക്രട്ടറിമാരെ തെരഞ്ഞെടുത്തതിൽ ഒറ്റ സ്ത്രീ ഇല്ലെന്നും എല്ലാം പുരുഷൻമാരാണെന്നും കാന്തപുരം വിമർശിച്ചു. എന്തേ അവിടെ സ്ത്രീകളെ പരിഗണിച്ചില്ലെന്നും കാന്തപുരം ചോദിച്ചു. അന്യ പുരുഷന്മാരുമായി ഇടകലർന്ന് സ്ത്രീകൾ വ്യായാമം ചെയ്യരുതെന്ന സമസ്ത കാന്തപുരം വിഭാഗത്തിൻ്റെ വിമർശനത്തിനെതിരെ എംവി ഗോവിന്ദൻ നേരത്തെ രംഗത്തെത്തിയിരുന്നു. പൊതു ഇടങ്ങളിലേക്ക് സ്ത്രീകൾ ഇറങ്ങരുതെന്നത് പിന്തിരിപ്പൻ നിലപാടാണെന്നും അങ്ങനെ ശാഠ്യം പിടിക്കുന്നവർക്ക് പിടിച്ചു നിൽക്കാനാവില്ലെന്നു മായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയുടെ വിമർശനം. പിന്നാലെയാണ് സിപിഎമ്മിന് കാന്തപുരത്തിന്റെ മറുപടി.
മെക് സെവനെതിരെ തുടർച്ചയായി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ വിമർശനവുമായി രംഗത്തെത്തിയിരുന്നു. സ്ത്രീകളും പുരുഷന്മാരും ഇടകലർന്നുള്ള ഏത് പദ്ധതി കൊണ്ടുവന്നാലും എതിർക്കും. യഥാസ്ഥിതികരെന്ന് വിമർശിച്ചാലും പ്രശ്നമില്ല. ലോകം തിരിയാത്തത് കൊണ്ട് പറയുന്നതുമല്ല. നന്നായി മനസിലാക്കിയാണ് ഇക്കാര്യം പറയുന്നതെന്നും കാന്തപുരം മെക് സെവനെ വിമർശിച്ചുകൊണ്ട് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കുറ്റ്യാടിയിൽ നടത്തിയ പ്രസംഗത്തിലാണ് കാന്തപുരം തൻ്റെ നിലപാട് ആവർത്തിച്ചത്.
അന്യപുരുഷൻമാരും സ്ത്രീകളും ഒന്നിച്ചുകൂടാൻ പാടില്ലെന്നത് ഇസ്ലാമിന്റെ നിയമമാണ്. ബസിലും ഇരിപ്പിടങ്ങളിൽ തുടങ്ങി എല്ലാ ഇടത്തും ലോകമോട്ടാകെ സ്ത്രീ പുരുഷൻ എന്ന് എഴുതി വച്ചിരിക്കുന്നത് സ്ത്രീകളെ അടിച്ചമർത്താൻ അല്ല. സ്ത്രീകളെ സ്വർണം സൂക്ഷിക്കും പോലെയാണ് സൂക്ഷിക്കുന്നത്. ഇസ്ലാമിന് മുൻപ് സ്ത്രീകൾക്ക് സ്വത്ത് അവകാശം ഉണ്ടായിരുന്നില്ല. ഇസ്ലാം സ്ത്രീകൾക്ക് സ്വത്ത് അവകാശം കൊടുത്തു. സ്ത്രീകളുടെ പാതിവ്രത്യവും സംരക്ഷണവും നിലനിർത്തുന്നതിനാണ് പർദ്ദ സമ്പ്രദായം. ഒരാളും എതിർത്തിട്ട് കാര്യമില്ല. പറയാനുള്ളത് പറയുക തന്നെ ചെയ്യും. ഇസ്ലാമിന്റെ വിധി പറയുന്നത് മുസ്ലിങ്ങളോടാണ്, അതിൽ എന്തിനാണ് കുതിര കയറാൻ വരുന്നതെന്നും കാന്തപുരം എം വി ഗോവിന്ദനെ വിമർശിച്ചുകൊണ്ട് ചോദിച്ചു.