ന്യൂയോര്‍ക്ക്: ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ ടെഹ്‌റാനില്‍നിന്ന് എല്ലാവരും ഒഴിയണമെന്ന് ആവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തന്റെ സാമൂഹികമാധ്യമ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലി’ലൂടെയാണ് ട്രംപ് പുതിയ നിര്‍ദേശം നല്‍കിയത്. ‘‘ഇറാന് ആണവായുധം കൈവശം വയ്ക്കാൻ കഴിയില്ല. ഞാൻ ഒപ്പിടാൻ പറഞ്ഞ കരാറിൽ ഇറാൻ ഒപ്പിടേണ്ടതായിരുന്നു. എന്തൊരു നാണക്കേട്, മനുഷ്യജീവിതം പാഴാക്കൽ. ലളിതമായി പറഞ്ഞാൽ, ഇറാന് ആണവായുധം കൈവശം വയ്ക്കാൻ കഴിയില്ല. ഞാൻ അത് വീണ്ടും വീണ്ടും പറയുന്നു! എല്ലാവരും ഉടൻ ടെഹ്‌റാൻ ഒഴിയണം’’ – ട്രംപ് പറഞ്ഞു. വടക്കുകിഴക്കൻ ടെഹ്‌റാനിൽനിന്ന് ജനങ്ങളോട് ഒഴിഞ്ഞുപോകണമെന്ന് ഇസ്രയേൽ നേരത്തെ നിർദേശിച്ചിരുന്നു. ഇറാനിലെ സൈനികകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടത്താൻ പദ്ധതിയുള്ളതിനാലാണ് ഇസ്രയേൽ ടെഹ്റാനിലെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയത്. ഇതിനുപിന്നാലെയാണ് ഡൊണാൾഡ് ട്രംപും ടെഹ്റാനിൽനിന്ന് ഒഴിഞ്ഞുപോകാനുള്ള അറിയിപ്പ് നൽകിയിരിക്കുന്നത്.
ഇറാൻ–ഇസ്രായേൽ സംഘര്‍ഷം രൂക്ഷമായതോടെ ഇന്ത്യ ഇറാനിൽ നിന്ന് തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചു. ഇറാനിൽ കുടുങ്ങിയ പതിനായിരത്തോളം ഇന്ത്യൻ വിദ്യാർത്ഥികൾക്കു സുരക്ഷിതമായ യാത്ര ഒരുക്കണമെന്ന് ഇന്ത്യ ഇറാനോട് ആവശ്യപ്പെട്ടിരുന്നു. ഇറാൻ തങ്ങളുടെ വ്യോമാതിർത്തി അടച്ചിട്ടിരിക്കുന്നതിനാൽ വിദ്യാർത്ഥികൾക്ക് കര അതിർത്തികൾ ഉപയോഗിച്ച് അസർബൈജാൻ, തുർക്ക്മെനിസ്‌ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിലേക്കു കടക്കാമെന്ന് ഇറാൻ അറിയിച്ചിട്ടുണ്ട്. ടെഹ്റാനിൽ ഉള്ള ഇന്ത്യൻ വിദ്യാർത്ഥികളെ അർമേനിയൻ അതിർത്തിയിലെത്തിച്ച്, ഇവിടെ നിന്നും വിമാനത്തിൽ ഇന്ത്യയിലെത്തിക്കാനും നീക്കം നടക്കുന്നുണ്ട്.
ഇറാനിലുള്ള ഇന്ത്യൻ പൗരന്മാരെ ടെഹ്‌റാനിൽ നിന്നും ഒഴിപ്പിക്കുന്നതും ഇന്ത്യയിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് അർമേനിയൻ വിദേശകാര്യമന്ത്രിയുമായി ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ സംസാരിച്ചിരുന്നു. മൂവായിരത്തോളം വിദ്യാർത്ഥികളുൾപ്പെടെ ഇരുപതിനായിരത്തോളം ഇന്ത്യക്കാർ ഇറാനിലുണ്ട്. ടെഹ്റാനിലെ ഇന്ത്യൻ എംബസി സുരക്ഷാ സാഹചര്യം നിരന്തരം നിരീക്ഷിക്കുകയും ഇറാനിലെ ഇന്ത്യൻ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ നടപടിയെടുക്കുകയും ചെയ്യുന്നുണ്ടെന്നും എംബസിയുടെ സൗകര്യത്തോടെ വിദ്യാർത്ഥികളെ ഇറാനിലെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുകയാണെന്നും മന്ത്രാലയം വ്യക്തമാക്കിയിരുന്നു.