ഈഴവർക്ക് സിപിഎമ്മിലും കോൺഗ്രസിലും അവഗണനയാണെന്നും കസേരയ്ക്ക് ഭീഷണി വരുമ്പോൾ മാത്രമാണ് സമുദായ ചിന്തയെന്നും വെള്ളാപ്പള്ളി നടേശൻ. എസ്എൻഡിപി മുഖപത്രമായ യോഗനാദത്തിൽ ‘ഈഴവർ കറിവേപ്പിലയോ’ എന്ന പേരിൽ എഴുതിയ എഡിറ്റോറിയലിലാണ് വെള്ളാപ്പള്ളിയുടെ പരാമർശങ്ങൾ.
കോൺഗ്രസ് ഈഴവരെ വെട്ടിനിരത്തുകയാണ്. നിലവിൽ സമുദായത്തിനുള്ളത് കെ ബാബു എന്ന എംഎൽഎ മാത്രമാണ്. കെപിസിസി പ്രസിഡന്റ് പോലും തഴയപ്പെടുന്നു. തെരഞ്ഞെടുപ്പ് കഴിയുമ്പോൾ ആ ഈഴവൻ പോലും പദവിയിൽ ഇല്ലാതാകുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
പിണറായി ഭരിക്കുമ്പോഴും ഈഴവരെ അവഗണിക്കുകയാണ്. തമ്മിൽ ഭേദം സിപിഎം എന്ന് മാത്രം. ഇടതുപക്ഷത്തിന്റെ അതിരുവിട്ട ന്യൂനപക്ഷ ആഭിമുഖ്യത്തെയും വെള്ളാപ്പള്ളി വിമർശിച്ചു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ നേതൃസ്ഥാനത്ത് പിണറായി വിജയനല്ലാതെ മറ്റൊരു മുഖം സിപിഎമ്മിനില്ലെന്നു പറഞ്ഞ വെള്ളാപ്പള്ളി, എൻഡിഎയുടെ വളർച്ചയും യുഡിഎഫിൻ്റെ തകർച്ചയും കാണുമ്പോൾ അടുത്ത തിരഞ്ഞെടുപ്പിലും പിണറായി വിജയൻ തന്നെ അധികാരത്തിലെത്തുമെന്ന് പറഞ്ഞു. കോടിയേരി ബാലകൃഷ്ണൻ്റെ വിയോഗം സൃഷ്ടിച്ച വിടവ് നികത്താൻ സിപിഐഎമ്മിന് സാധിച്ചിട്ടില്ലെന്നും എഡിറ്റോറിയലിൽ പരാമർശമുണ്ട്.
പിണറായി വിജയൻ സർക്കാരും കുറ്റങ്ങൾക്കും കുറവുകൾക്കും അതീതരല്ലെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാണിക്കുന്നുണ്ട്. പാവപ്പെട്ടവർക്ക് വേണ്ടി ഒട്ടനവധി കാര്യങ്ങൾ സർക്കാർ ചെയ്യുന്നുണ്ടെങ്കിലും ആ മേന്മകളെ നിഷ്പ്രഭമാക്കുന്ന പ്രവർത്തികളാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലർ ചെയ്യുന്നതെന്നും വെള്ളാപ്പള്ളി നടേശൻ വിമർശിച്ചു.
സമകാലിക കേരള രാഷ്ട്രീയത്തിൽ എറ്റവും അവഗണിക്കപ്പെടുന്ന ഒരു ജനസമൂഹം ഉണ്ടെങ്കിൽ അത് ഈഴവരാണെന്നും വെള്ളാപ്പള്ളി നടേശൻ ചൂണ്ടിക്കാണിച്ചു. ജനസംഖ്യയിൽ ഗണ്യമായ വിഭാഗമായിട്ടും രാഷ്ട്രീയമായും സാമ്പത്തികമായും സാമൂഹികമായും വിദ്യാഭ്യാസപരമായും ഈഴവർ പാർശ്വവത്കരിക്കപ്പെടുകയാണ്. കേരളത്തിലെ ഏത് രാഷ്ട്രീയ പാർട്ടിയിലും മുന്നണിയിലും ഇതുതന്നെയാണ് അവസ്ഥ എന്നും വെള്ളാപ്പള്ളിയുടെ യോഗനാദത്തിലെ എഡിറ്റോറിയൽ വ്യക്തമാക്കുന്നുണ്ട്.