ടെൽ അവീവ്: ഇസ്രയേലും ലബനനും തമ്മിൽ നടന്നുവന്ന സംഘർഷം അവസാനിപ്പിച്ച് വെടിനിർത്തൽ കരാർ. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വിളിച്ചു ചേർത്ത സുരക്ഷാ മന്ത്രിസഭ വെടിനിർത്തൽ കരാർ അംഗീകരിച്ചതോടെ ഇസ്രയേൽ ഹിസ്ബുള്ള യുദ്ധഭീതി ഒഴിയുന്നു. അമേരിക്കയുടെയും ഫ്രാൻസിന്‍റേയും വെടിനിർത്തൽ നിർദ്ദേശങ്ങൾ ഇരു രാജ്യങ്ങളും അംഗീകരിച്ചതോടെയാണ് ഇസ്രയേൽ – ഹിസ്ബുള്ള യുദ്ധത്തിന് പരിഹാരമാകുന്നത്. ഹിസ്ബുള്ള ലിറ്റനി നദിയുടെ കരയിൽ നിന്ന് പിന്മാറണമെന്നതടക്കമുള്ള നിർദ്ദേശങ്ങളാണ് അംഗീകരിക്കപ്പെട്ടത്. ഇസ്രയേൽ സൈന്യവും ലെബനൻ അതിർത്തിയിൽ നിന്ന് പിന്മാറുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ കരാർ ലംഘിച്ചാൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
യുഎസ് തയാറാക്കിയ വെടിനിർത്തൽ പദ്ധതി ചർച്ച ചെയ്യാൻ കഴിഞ്ഞയാഴ്ച വൈറ്റ്ഹൗസ് പ്രതിനിധി എമസ് ഹോക്സ്റ്റൈൻ ലബനനും ഇസ്രയേലും സന്ദർശിച്ചിരുന്നു. വെടിനിർത്തൽ ശുപാർശകളോട് അനുകൂല നിലപാടാണ് ഹിസ്ബുല്ല സ്വീകരിച്ചതെന്ന് ലബനൻ സർക്കാർ വ്യക്തമാക്കി.
ഇസ്രയേൽ ലബനൻ വെടിനിർത്തൽ ബുധനാഴ്ച പ്രദേശിക സമയം പുലർച്ചെ നാലു മുതൽ പ്രാബല്യത്തിൽ വരുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. ജോ ബൈഡൻ തന്നെ ഇക്കാര്യം അറിയിക്കാനായി ലോകത്തെ അഭിസംബോധന ചെയ്തു. ലെബനൻ ഇസ്രയേൽ വെടിനിർത്തൽ വിവരം പങ്കുവച്ച ബൈഡൻ, നല്ല വാർത്തയാണെന്നും ആശ്വാസകരമായ തീരുമാനമാണ് ഇതെന്നും വ്യക്തമാക്കി. ഹിസ്ബുള്ളയടക്കം ധാരണ ലംഘിച്ചാൽ ഇസ്രയേലിന് സ്വയം പ്രതിരോധിക്കാൻ എല്ലാ അവകാശങ്ങളും ഉണ്ടെന്നും അമേരിക്കൻ പ്രസിഡന്‍റ് കൂട്ടിച്ചേർത്തു. ഇസ്രയേൽ ലബനൻ വെടിനിർത്തൽ യാഥാർഥ്യമാകുന്നതോടെ ഗാസയിലും വെടിനിർത്തലിന് തന്റെ സർക്കാർ ശ്രമമാരംഭിക്കുമെന്ന് ജോ ബൈഡൻ പറഞ്ഞു.
വെടിനിർത്തൽ ധാരണയെ ലബനന്റെ കെയർടേക്കർ പ്രധാനമന്ത്രി നജീബ് മികാട്ടി സ്വാഗതം ചെയ്തു. വെടിനിർത്തൽ തീരുമാനം ലബനനിലെയും വടക്കൻ ഇസ്രയേലിലെയും സാധാരണക്കാർക്ക് ആശ്വാസം നൽകുമെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി കിയേർ സ്റ്റാമെർ പറഞ്ഞു.