Tuesday, July 8, 2025
Mantis Partners Sydney
Jeevan MRI Kottayam, Thodupuzha
Home » ഇന്ന് ഭരത് ഗോപിയുടെ ഓർമദിനം
ഇന്ന് ഭരത് ഗോപിയുടെ ഓർമദിനം

ഇന്ന് ഭരത് ഗോപിയുടെ ഓർമദിനം

by Editor

യവനികയിലെ പരുക്കനും ക്രൂരനുമായ തബലിസ്റ്റ് അയ്യപ്പനെ അവതരിപ്പിച്ച അതേ നടനാണ് പഞ്ചവടിപ്പാലത്തിലെ പഞ്ചായത്തു പ്രസിഡന്റായി വെള്ളിത്തിര നിറഞ്ഞാടിയതെന്ന് വിശ്വസിക്കാൻ പ്രയാസം..!

ഭരത് ഗോപി..! ‘കൊടിയേറ്റ‘ത്തിലെ ശങ്കരൻ കുട്ടിയുടെ നിഷ്ക്കളങ്കത.. ‘യവനിക‘യിലെ അരാജകത്വത്തിന്റെ പര്യായമായ തബലിസ്റ്റ് അയ്യപ്പന്റെ ധാർഷ്ട്യവും ആണഹങ്കാരവും.. ‘പഞ്ചവടിപ്പാല‘ത്തിലെ ദുശ്ശാസനക്കുറുപ്പിന്റെ അധികാരത്തോടുള്ള ആർത്തി.. ‘കള്ളൻ പവിത്ര’നിൽ പെണ്ണിന്റെയും പണത്തിന്റെയും കാര്യത്തിൽ അയൽക്കാരനോടുള്ള അസൂയ.. ‘പാളങ്ങൾ‘ എന്ന ചിത്രത്തിൽ കുടുംബസ്ഥനായിരിക്കുമ്പോഴും മറ്റൊരു സ്ത്രീയോടുള്ള (ഭാര്യയുടെ അനുജത്തിയോട്) ആസക്തി.. ചിദംബരത്തിലെ കുറ്റബോധത്തിന്റെ ആൾരൂപം.. എന്നിങ്ങനെ മലയാളസിനിമയിലെ എന്നല്ല ഇന്ത്യൻ സിനിമയിൽ തന്നെ മാനുഷിക വികാരങ്ങളുടെ നാളിതുവരെ അവതരിപ്പിക്കപ്പെട്ടിട്ടുള്ള ഏറ്റവും ഗംഭീരമായ സാക്ഷാത്കാരങ്ങൾ പലതും നിർവ്വഹിക്കപ്പെട്ടത് ഈ മലയാളി നടനിലൂടെയായിരുന്നു.

മേക്കപ്പിലൂടെയും വസ്ത്ര വൈവിധ്യങ്ങളിലൂടെയും കഥാപാത്രങ്ങൾക്ക് രൂപപരമായി എന്തെങ്കിലും വ്യത്യസ്തത സൃഷ്ടിക്കാൻ (അഭിനയത്തിൽ അതുണ്ടാക്കുക എളുപ്പമല്ലല്ലോ) ശ്രമിക്കുന്ന നടന്മാർക്കിടയിൽ ഒരു കഷണ്ടിത്തലയുടെ മാത്രം ‘ആഡംബര’ത്തിൽ നഖശിഖാന്തം കഥാപാത്രമായി പരകായപ്രവേശം നടത്തിക്കൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ച നടനായിരുന്നു ഭരത് ഗോപി.

ഏറ്റവും ഇഷ്ടപ്പെട്ട നടന്മാരുടെ പേരു ചോദിച്ചാൽ നമ്മുടെ പ്രിയ താരങ്ങൾ സമാന്തരവും അല്ലാത്തതുമായ ഹിന്ദി സിനിമയിലെ നടന്മാരുടെ പേരു പറയുന്ന കാലത്തും ഇവിടെ ഭരത് ഗോപി ജീവിച്ചിരുന്നിരുന്നു.

അഭിനയത്തിന്റെ സ്കൂളുകൾ തപ്പി നടക്കുന്ന നമ്മുടെ പുതു തലമുറ അഭിനേതാക്കൾക്കും അഭിനയമോഹികൾക്കും സർവ്വകലാശാല തന്നെയായി അസുഖബാധിതനാകുന്നതിനു മുമ്പുള്ള (1986-നു മുമ്പ്) ഭരത് ഗോപി ചിത്രങ്ങളും കഥാപാത്രങ്ങളും നിലകൊള്ളുന്നു എന്നതാണ് വാസ്തവം..

അലസ സ്വഭാവമുള്ള.. അത്യാവശ്യം മണ്ടത്തരങ്ങൾ കാണിക്കുന്ന, പൊതുബോധത്തിന് നിരക്കാത്ത തരം പ്രവർത്തനങ്ങളിലൂടെ ചിരി ഉണർത്തുന്ന കഥാപാത്രങ്ങളെ നമ്മുടെ ചെറുതും വലുതുമായ നടന്മാർ അവതരിപ്പിച്ചിട്ടുണ്ട്.. അവയിൽ മിക്ക പ്രകടനങ്ങളിലും ഒരല്പം ‘ബുദ്ധിമാന്ദ്യം’ കലർത്തപ്പെട്ടിട്ടുണ്ടാകുമെന്ന് കാണാം. അഭിനയിക്കാനും ചിരിയുണ്ടാക്കാനും അതാണെളുപ്പം എന്നതുതന്നെ കാരണം..! എന്നാൽ പുതുമണവാട്ടിയുമായി യാത്ര പോകുമ്പോൾ ഷർട്ടിലേക്ക് ചെളി തെറിപ്പിച്ചു കടന്നു പോകുന്ന ലോറിയെ നോക്കി ‘എന്തൊരു സ്പീഡാ’ എന്നു പറയുന്ന കൊടിയേറ്റത്തിലെ പഞ്ചപാവം ശങ്കരൻ കുട്ടിയിലോ കള്ളൻ പവിത്രനിലെ മാമച്ചനിലോ സ്വന്തം പ്രതിമ സ്വയം അനാച്ഛാദനം ചെയ്യുന്ന പഞ്ചവടിപ്പാലത്തിലെ ദുശ്ശാസനക്കുറുപ്പിലോ പോലും ആ ‘ബുദ്ധിമാന്ദ്യം’ ലവലേശം കണ്ടെത്താനാവില്ല എന്നത് ഭരത് ഗോപിയുടെ അപൂർവ്വപ്രതിഭയുടെ ഒരു കൊച്ചു ദൃഷ്ടാന്തം മാത്രം..!

‘ആശാൻ‘ എന്ന വിശേഷണം അതർഹിക്കുന്ന ആളുകളുടെ പേരിനൊപ്പം ചേർക്കപ്പെടുമ്പോൾ അഴകും പൊലിമയും കൂടും.. ഭരത് ഗോപി ഇന്നും എത്രയോ പേർക്ക് ‘ഗോപിയാശാൻ’ ആയി തുടരുന്നു…

ലാലു കോനാടിൽ

Send your news and Advertisements

You may also like

error: Content is protected !!