വാഷിങ്ടൺ: അമേരിക്കയിൽ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ (FBI ) പുതിയ ഡയറക്ടറായി ഇന്ത്യൻ വംശജനായ കാഷ് പട്ടേൽ ചുമതലയേറ്റു. ഭഗവത് ഗീതയിൽ കൈവച്ചാണ് കാഷ് പട്ടേൽ സത്യ പ്രതിജ്ഞ ചെയ്തത്. ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യമാണ് ഇതെന്ന് അദ്ദേഹം പ്രതികരിച്ചു. തനിക്ക് ലഭിച്ച അവസരത്തിന് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിനോട് കാഷ് പട്ടേൽ നന്ദി പറഞ്ഞു.
അമേരിക്കക്കാരെ ദ്രോഹിച്ചാൽ വെറുതെവിടില്ലെന്നും ‘അവരെ’ പിടികൂടാൻ ഭൂമിയുടെ ഏതറ്റം വരെയും പോകുമെന്നും കാഷ് പട്ടേൽ വ്യക്തമാക്കി. എഫ്ബിഐയിലുള്ള വിശ്വാസം പുനഃസ്ഥാപിക്കുക എന്നതാണ് തന്റെ ദൗത്യമെന്നും അദ്ദേഹം വ്യക്തമാക്കി. പോരായ്മകൾ തുടച്ചുനീക്കി അന്വേഷണ ഏജൻസിയെ പുനർനിർമ്മിക്കുന്നതിന് FBIയിലെ സമർപ്പിതരായ സഹപ്രവർത്തകർക്കൊപ്പം താനുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സാധാരണ ജീവിത സാഹചര്യങ്ങളിൽ വളർന്ന ഇന്ത്യൻ യുവാവിന് ഇത്രയും ഉയർന്ന പദവിയിലെത്താനായത് അമേരിക്ക നൽകുന്ന അവസരങ്ങളുടെ തെളിവാണെന്ന് അദ്ദേഹം പറഞ്ഞു.
കാഷ് പട്ടേൽ എന്നാണ് അറിയപ്പെടുന്നതെങ്കിലും യഥാർത്ഥ പേര് കശ്യപ് പട്ടേൽ എന്നാണ്. കാനഡ വഴി അമേരിക്കയിലേക്ക് കുടിയേറിയ ഗുജറാത്തി വേരുകളുള്ള കുടുംബമാണ് ഇദ്ദേഹത്തിൻ്റേത്. 1980 ഫെബ്രുവരി 25 ന് ന്യൂയോര്‍ക്കിലെ ഗാർഡൻ സിറ്റിയിൽ ജനിച്ച കാഷ്, റിച്ച്മണ്ട് സർവകലാശാലയിൽനിന്ന് ബിരുദ പഠനം പൂർത്തിയാക്കി. ലണ്ടനിലെ യൂണിവേഴ്‌സിറ്റി കോളജിൽ നിന്ന് അന്താരാഷ്ട്ര നിമയത്തിൽ ബിരുദാന്തര ബിരുദവും കരസ്ഥമാക്കി. ക്രിമിനൽ അഭിഭാഷകനായ അദ്ദേഹം മയാമി കോടതിയിലായിരുന്നു പ്രാക്ടീസ് ചെയ്തിരുന്നത്. ഫെഡറൽ ഡിഫൻഡറായും നീതിന്യായ വകുപ്പിലെ തീവ്രവാദ വിരുദ്ധ പ്രോസിക്യൂട്ടറായും സേവനമനുഷ്ഠിച്ചിരുന്നു.
കഴിഞ്ഞ ട്രംപ് സർക്കാരിൽ വിവിധ ഇന്റലിജൻസ് വകുപ്പുകളുടെ മേധാവി ആയിരുന്ന അദ്ദേഹം ഇക്കുറി ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സജീവമായിരുന്നു.