Thursday, July 17, 2025
Mantis Partners Sydney
Home » ഇന്ത്യയ്ക്ക് അത്യാധുനിക എഫ് 35 പോർ വിമാനം; റഫേലിനൊപ്പം എഫ് 35 കൂടി എത്തുന്നതോടെ ഇന്ത്യൻ വ്യോമസേന കൂടുതൽ കരുത്താർജിക്കും.
ഇന്ത്യയ്ക്ക് അത്യാധുനിക എഫ് 35 പോർ വിമാനം; റഫേലിനൊപ്പം എഫ് 35 കൂടി എത്തുന്നതോടെ ഇന്ത്യൻ വ്യോമസേന കൂടുതൽ കരുത്താർജിക്കും.

ഇന്ത്യയ്ക്ക് അത്യാധുനിക എഫ് 35 പോർ വിമാനം; റഫേലിനൊപ്പം എഫ് 35 കൂടി എത്തുന്നതോടെ ഇന്ത്യൻ വ്യോമസേന കൂടുതൽ കരുത്താർജിക്കും.

by Editor

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും തമ്മിൽ നടത്തിയ കൂടിക്കാഴ്ച്ചയിൽ എഫ് 35 വിമാനം ഇന്ത്യക്ക് കൈമാറാൻ തീരുമാനമായി. ലോകത്തെ ഏറ്റവും അത്യാധുനിക യുദ്ധവിമാനങ്ങളിൽ ഒന്നായ എഫ് 35 അടക്കം ഇന്ത്യയ്ക്ക് നൽകി പ്രതിരോധ ഇടപാടുകൾ അമേരിക്ക വിപുലീകരിക്കും. ലോക് ഹീൽഡ് മാർട്ടിൻ എഫ് 35 ലൈറ്റനിങ് ലോകത്തിലെ എണ്ണംപറഞ്ഞ ഫൈറ്റർ ജെറ്റുകളിലൊന്നാണ്. ഫ്രാൻസിന്റെ റാഫേലിനൊപ്പം എഫ് 35 കൂടിയാകുന്നതോടെ ഇന്ത്യൻ വ്യോമസേനയുടെ പ്രഹരശേഷി ഒന്നുകൂടി വർദ്ധിക്കും. റഷ്യയുടെ അഞ്ചാം തലമുറ യുദ്ധവിമാനമായ എസ്. യു 57നോട് കിടപിടിക്കുന്നതാണ് എഫ് 35. എസ്.യു 57 തരാൻ റഷ്യയും തയ്യാറാണ് എന്നാണ് സൂചന.

ലോക് ഹീൽഡ് മാർട്ടിനാണ് വിമാനം വികസിപ്പിച്ചെടുത്തത്. ശബ്ദത്തേക്കാൾ വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന സൂപ്പർ സോണിക് വിമാനമാണിത്. മറ്റുള്ള വിമാനങ്ങളേക്കാൾ പോരാട്ട ശേഷിയും രഹസ്യ സ്വഭാവവുമുള്ള വിമാനമാണ് എഫ് 35. മണിക്കൂറിൽ 1200 മൈൽ വേഗതയിൽ വരെ പറക്കാനാകും. വിമാനത്തിന് ചുറ്റും 6 ഇൻഫ്രാറെഡ് ക്യാമറകളുണ്ട്. 6000 മുതൽ 8100 കിലോ വരെയുള്ള ആയുധങ്ങൾ വഹിക്കാൻ എഫ് 35 ന് സാധിക്കും. 80 മുതൽ 110 ദശലക്ഷം ഡോളർ വരെയാണ് ഒരു എഫ് 35 വിമാനത്തിന് നൽകേണ്ടി വരിക. എഫ് 35 ന് എ, ബി, സി എന്നിങ്ങനെ മൂന്ന് വേരിയന്‍റുകളാണ് ഉള്ളത്. എന്നാൽ അമേരിക്ക തങ്ങളുടെ കരുത്തൻ വിമാനം ഇന്ത്യയ്ക്കല്ല ആദ്യമായി നൽകുന്നത്. ഇതിനോടകം ഓസ്ട്രേലിയ 72 എഫ് 35 വിമാനം സ്വന്തമാക്കിയിട്ടുണ്ട്. ബ്രിട്ടനും നോർവേയും ഇറ്റലിയുമെല്ലാം തങ്ങളുടെ വ്യോമസേന ശേഖരത്തിൽ ഈ വിമാനത്തെ എത്തിച്ചിട്ടുണ്ട്. ഫ്രഞ്ച് കരുത്തനായ റഫേലിനൊപ്പം എഫ് 35 കൂടി എത്തുന്നതോടെ ഇന്ത്യൻ വ്യോമസേന കൂടുതൽ കരുത്താർജിക്കും എന്ന് ഉറപ്പാണ്.

അതേസമയം, ഇന്ത്യയിൽ നിന്നുള്ള സ്റ്റീൽ, അലുമിനിയം ഇറക്കുമതിക്ക് 25% തീരുവ ചുമത്താനുള്ള തീരുമാനത്തിൽ നിന്ന് പിൻമാറാൻ ട്രംപ് തയ്യാറായില്ല. അമേരിക്കയിൽ നിന്നുള്ള ഇറക്കുമതിക്ക് ഇന്ത്യ താരിഫ് കുറച്ചാൽ സമാന നിലപാട് സ്വീകരിക്കുമെന്ന് ട്രംപ് വ്യക്തമാക്കി. അനധികൃത കുടിയേറ്റക്കാരെ ഇന്ത്യയിലേക്ക് തിരിച്ച് അയയ്ക്കുന്നതിലും മാറ്റമില്ല. 119 പേരുമായി രണ്ടാം വിമാനം ഇന്ന് അമൃത്സറിൽ എത്തുമെന്നാണ് റിപ്പോർട്ട്. ഫെബ്രുവരി 15 ശനിയാഴ്ച ഒരു വിമാനവും ഞായറാഴ്ച 16 ന് മറ്റൊരു വിമാനവും അമൃത്സറിലെ ഗുരു റാം ദാസ് ഇന്റൻഷണൽ വിമാനത്താവളത്തിൽ എത്തും. നാടുകടത്തപ്പെട്ടവരിൽ 67 പേർ പഞ്ചാബിൽ നിന്നുള്ളവരും, 33 പേർ ഹരിയാനയിൽ നിന്നുള്ളവരും, എട്ട് പേർ ഗുജറാത്തിൽ നിന്നുള്ളവരും, മൂന്ന് പേർ ഉത്തർപ്രദേശിൽ നിന്നുള്ളവരും, രണ്ട് പേർ രാജസ്ഥാൻ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നുള്ളവരുമാണ്. ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ നിന്നും ഓരോരുത്തരും എത്തുന്നവരിൽ ഉണ്ട്. ഫെബ്രുവരി 5 ന് അമൃത്സറിൽ എത്തിയ ആദ്യ സംഘത്തിൽ 104 ഇന്ത്യക്കാരുണ്ടായിരുന്നു.

യുഎസ് സന്ദർശനത്തിനിടെ മനുഷ്യക്കടത്തിനെതിരെ പോരാടേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി മോദി ഊന്നിപ്പറഞ്ഞു. നിയമവിരുദ്ധമായി യുഎസിൽ കഴിഞ്ഞ എല്ലാ ഇന്ത്യക്കാരെയും തിരിച്ചെടുക്കാൻ ഇന്ത്യ പൂർണ്ണമായും തയ്യാറാണെന്നും മോദി പറഞ്ഞു. യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ (യുഎസ്സിബിപി) കണക്കു പ്രകാരം, 2022 നും 2024 നവംബറിനും ഇടയിൽ ഏകദേശം 1,700 ഇന്ത്യക്കാരെ പിടികൂടിയിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ‘ഓർമ്മപ്പുസ്തകം’ അമേരിക്കൻ പ്രസി‍ഡന്റ് സമ്മാനമായി നൽകി. കഴിഞ്ഞ ദശാബ്ദത്തിനിടെ ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങൾ അടങ്ങിയ ഫോട്ടോപുസ്തകമാണ് മോദിക്കായി ട്രംപ് സമ്മാനിച്ചത്. “നമ്മുടെ ഒന്നിച്ചുള്ള യാത്ര” (Our Journey Together) എന്ന പുസ്തകത്തിന്റെ ഒപ്പുവച്ച പകർപ്പ് ഇന്ത്യൻ പ്രധാനമന്ത്രിക്ക് ട്രംപ് കൈമാറി. വൈറ്റ്ഹൗസിൽ നടന്ന കൂടിക്കാഴ്ചയ്‌ക്ക് ശേഷമായിരുന്നു ഫോട്ടോ ആൽബം മോദിക്ക് നൽകിയത്. അമേരിക്കയിൽ ട്രംപ് അധികാരമേറ്റ നാൾ മുതൽ മോദിയുമായി നടത്തിയ എല്ലാ കൂടിക്കാഴ്ചകളുടെയും ചിത്രങ്ങളടങ്ങുന്നതാണ് ഫോട്ടോബുക്ക്. Mr Prime Minister, you are great എന്നെഴുതി ഒപ്പുവച്ചതിന് ശേഷമാണ് ഫോട്ടോപുസ്തകം മോദിക്ക് സമ്മാനിച്ചത്. ഇന്ത്യൻ പ്രധാനമന്ത്രി മോദിയെ സ്വീകരിക്കാൻ കഴിഞ്ഞത് ബഹുമതിയായി കണക്കാക്കുന്നുവെന്നും തന്റെ ദീർഘകാല സുഹൃത്താണ് മോദിയെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.

Send your news and Advertisements

You may also like

error: Content is protected !!