കശ്മീർ: ചെനാബ് പാലത്തിലൂടെ വന്ദേഭാരത് എക്സ്പ്രസ് മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിൽ വിജയകരമായി പരീക്ഷണ ഓട്ടം പൂർത്തിയാക്കി. ഇന്ത്യൻ റെയിൽവേ ചരിത്രത്തിലെ ഏറ്റവും സുവർണ്ണ നിമിഷങ്ങളിലൊന്നാണിത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലമായ ചെനാബ് പാലത്തിലൂടെയുള്ള ഈ വേഗപ്പരീക്ഷണം വരുംദിവസങ്ങളിൽ കശ്മീർ താഴ്‌വരയെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നതിൽ നിർണ്ണായക പങ്കുവഹിക്കും.
ജമ്മു റെയിൽവേ ഡിവിഷന് കീഴിലെ ശ്രീ മാതാ വൈഷ്ണോ ദേവി കത്ര-ബനിഹാൾ സെക്ഷനിൽ അനുവദനീയമായ പരമാവധി വേഗത നൂറുകിലോമീറ്ററായി ഉയർത്തിയതിന് പിന്നാലെയാണ് വ്യാഴാഴ്ച വന്ദേഭാരത് എക്സ്പ്രസ് നൂറുകിലോമീറ്റർ വേഗത്തിൽ വിജയകരമായി സർവീസ് നടത്തിയത്. ചെനാബ് പാലത്തിലൂടെയും ഇന്ത്യയിലെ ആദ്യത്തെ കേബിൾ റെയിൽവേപാലമായ അൻജി പാലത്തിലൂടെയുമാണ് നൂറുകിലോമീറ്റർ വേഗതയിൽ വന്ദേഭാരത് സർവീസ് നടത്തിയത്. ഉധംപുർ-ശ്രീനഗർ-ബാരാമുള്ള റെയിൽവേ ലിങ്ക് പദ്ധതിയിലെ സുപ്രധാന നാഴികക്കല്ലാണിത്.
ഇന്ത്യൻ റെയിൽവേയുടെ എൻജിനീയറിങ് വിസ്മയമാണ് ചെനാബ് പാലവും അൻജി കേബിൾ പാലവും. ഈ റെയിൽപാതയിൽ കത്ര-ബനിഹാൾ സെക്ഷനിൽ മാത്രം 33 തുരങ്കങ്ങളുമുണ്ട്. ട്രെയിനുകളുടെ വേഗത 100 കിലോമീറ്ററായി വർദ്ധിപ്പിച്ചതോടെ കശ്മീർ താഴ്‌വരയിലേക്കുള്ള യാത്രാ സമയം ഗണ്യമായി കുറയും. കനത്ത മഞ്ഞുവീഴ്ചയോ മണ്ണിടിച്ചിലോ കാരണം ജമ്മു-ശ്രീനഗർ ദേശീയപാത തടസ്സപ്പെടുമ്പോഴും സുരക്ഷിതമായി യാത്ര ചെയ്യാൻ ഈ റെയിൽ പാത സഹായിക്കും.
ഈ റൂട്ടിൽ ആദ്യം 8 കോച്ചുകളുള്ള ട്രെയിനാണ് പരീക്ഷണാടിസ്ഥാനത്തിൽ വിഭാവനം ചെയ്തിരുന്നത്. യാത്രക്കാരുടെ വൻ ഡിമാൻഡ് കണക്കിലെടുത്ത് പിന്നീട് കൂടുതൽ കോച്ചുകൾ ഈ ട്രെയിൻ സെറ്റിലേക്ക് കൂട്ടിച്ചേർക്കുകയും മൊത്തം കോച്ചുകളുടെ എണ്ണം 20 ആയി ഉയർത്തുകയും ചെയ്തു. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറി (ICF) നിർമ്മിച്ച ഈ വന്ദേഭാരത് കോച്ചുകൾ കശ്മീരിലെ കഠിനമായ തണുപ്പിനെ പ്രതിരോധിക്കാൻ തക്കവണ്ണം മൈനസ് 20 ഡിഗ്രി സെൽഷ്യസ് (-20°C) വരെയുള്ള താപനിലയിൽ സുഗമമായി സർവീസ് നടത്താൻ പ്രത്യേകമായി രൂപകൽപ്പന ചെയ്തതാണ്.
2025 ജൂൺ ആറിനാണ് ഇതുവഴിയുള്ള കത്ര-ശ്രീനഗർ വന്ദേഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ളാഗ് ഓഫ്ചെയ്തത്. ഈ റൂട്ടിൽ ജമ്മു താവി മുതൽ ശ്രീനഗർ വരെ 20 കോച്ചുകളുള്ള വന്ദേഭാരത് എക്സ്പ്രസ് ട്രെയിനാണ് സർവീസ് നടത്തുന്നത്. ആഴ്ചയിൽ 6 ദിവസവും സർവീസ് ഉണ്ടാകും. കത്ര, റിയാസി, ബനിഹാൽ തുടങ്ങിയ പ്രധാന സ്റ്റേഷനുകളിൽ ഇതിന് സ്റ്റോപ്പുകൾ അനുവദിച്ചിട്ടുണ്ട്.

