Monday, May 4, 2026
Home » ഇന്ത്യയ്ക്ക് പൂർണ സുരക്ഷയൊരുക്കാൻ ‘സുദർശൻ ചക്ര’ നടപ്പിലാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ.
ഇന്ത്യയ്ക്ക് പൂർണ സുരക്ഷയൊരുക്കാൻ 'സുദർശൻ ചക്ര' നടപ്പിലാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ.

ഇന്ത്യയ്ക്ക് പൂർണ സുരക്ഷയൊരുക്കാൻ ‘സുദർശൻ ചക്ര’ നടപ്പിലാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ.

by Editor

ന്യൂഡൽഹി: രാജ്യത്തിൻ്റെ സുരക്ഷ ലക്ഷ്യമിട്ട് വ്യോമ പ്രതിരോധ പദ്ധതിയായ ‘സുദർശൻ ചക്ര’ നടപ്പിലാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. പദ്ധതിയുടെ സാധ്യതാ പഠനങ്ങൾ പ്രതിരോധ മന്ത്രാലയം ആരംഭിച്ചതായാണ് റിപ്പോർട്ട്. ഭാരതീയ പുരാണങ്ങളിലെ സുദർശൻ ചക്രത്തിന്റെ പ്രതീകാത്മകമായ കരുത്ത് ഉൾക്കൊണ്ടാണ് ഈ ദൗത്യത്തിന് പേര് നൽകിയിരിക്കുന്നത്. ആരംഭ ഘട്ടത്തിൽ ആയതിനാലും അതീവ രഹസ്യ സ്വഭാവം ഉള്ളതിനാലും പദ്ധതിയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

ഇന്ത്യയുടെ സുരക്ഷാ കവചം ശക്തമാക്കുന്നതിനായി ‘മിഷൻ സുദർശൻ ചക്ര’ നടപ്പിലാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി 2025-ലെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ വെളിപ്പെടുത്തിയിരുന്നു. ഇന്ത്യയിലെ തന്ത്രപ്രധാനമായ ഇടങ്ങൾക്കും ജനവാസ കേന്ദ്രങ്ങൾക്കും പൂർണ്ണമായ സുരക്ഷാ കവചം ഒരുക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ആഗോള തലത്തിൽ വ്യോമാക്രമണങ്ങൾ വർധിച്ച് വരുന്ന സാഹചര്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. സുരക്ഷാ സംവിധാനത്തിൽ ഉൾപ്പെടുത്തേണ്ട അത്യാധുനിക റഡാറുകൾ, ആയുധങ്ങൾ എന്നിവയെക്കുറിച്ചും വിഭിന്ന തലങ്ങളിലുള്ള പ്രതിരോധം എങ്ങനെ ഉറപ്പാക്കാമെന്നതിനേക്കുറിച്ചുമാണ് സാധ്യതാ പഠനത്തിലൂടെ പ്രധാനമായും പരിശോധിക്കുന്നത്.

മിസൈലുകൾ, ഡ്രോണുകൾ, ഷെല്ലുകൾ, ആയുധങ്ങൾ അടങ്ങിയ ആളില്ലാ വിമാനങ്ങൾ തുടങ്ങിയവയെ പ്രതിരോധിക്കാനും നിർവീര്യമാക്കാനുമായി റഡാറുകളുടേയും കമാൻഡുകളുടേയും കൺട്രോൾ സെന്ററുകളുടേയും ഇൻ്റർസെപ്റ്റർ മിസൈലുകളുടേയും ദേശ വ്യാപക നെറ്റ്‌വർക്ക് കെട്ടിപ്പടുക്കുകയാണ് സുദർശൻ ചക്ര ദൗത്യത്തിലൂടെ ലക്ഷ്യമിടുന്നത്. പൂർണമായും തദ്ദേശീയമായി വികസിപ്പിക്കുന്ന ഈ സംവിധാനത്തിൽ നിലവിൽ സൈന്യത്തിൻ്റെ പക്കലുള്ള വ്യോമപ്രതിരോധ ആയുധങ്ങളെയും സംയോജിപ്പിക്കും. ഓപ്പറേഷൻ സിന്ദൂറിൽ മികച്ച പ്രവർത്തനം കാഴ്വെച്ച ഭാരത് ഇലക്ട്രോണിക്‌സ് വികസിപ്പിച്ച ആകാശതീർ എന്ന കൺട്രോൾ ആൻഡ് റിപ്പോർട്ടിങ് സംവിധാനവും ഇതിന്റെ ഭാഗമാകും.

ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത, ബംഗളൂര് തുടങ്ങിയ മെട്രോ നഗരങ്ങൾക്കും ഐ.എസ്.ആർ.ഒ, ഡിപ്പാർട്ട്മെന്റ് ഓഫ് അറ്റോമിക് എനർജി തുടങ്ങിയ തന്ത്രപ്രധാന സ്ഥാപനങ്ങൾക്കും ആദ്യ ഘട്ടത്തിൽ സുരക്ഷയൊരുക്കാനാണ് പദ്ധതി ലക്ഷ്യം വെയ്ക്കുന്നത്. 2035 -ടെ രാജ്യം മുഴുവൻ ഈ പ്രതിരോധ സംവിധാനത്തിൻ്റെ പരിധിയിൽ കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്.

Send your news and Advertisements

You may also like

error: Content is protected !!