Tuesday, July 21, 2026
Home » ഏകപക്ഷീയമായ ഒരു ഗോളിന് അർജന്റീനയെ തകർത്ത് സ്പെയിൻ ലോക ജേതാക്കൾ.
ഏകപക്ഷീയമായ ഒരു ഗോളിന് അർജന്റീനയെ തകർത്ത് സ്പെയിൻ ലോക ജേതാക്കൾ.

ഏകപക്ഷീയമായ ഒരു ഗോളിന് അർജന്റീനയെ തകർത്ത് സ്പെയിൻ ലോക ജേതാക്കൾ.

by Editor

ന്യൂയോർക്ക്: ആവേശകരമായ ലോകകപ്പ് ഫൈനലിൽ ഏകപക്ഷീയമായ ഒരു ഗോളിന് അർജന്റീനയെ തകർത്ത് സ്‌പെയിൻ രണ്ടാം ലോകകിരീടമുയർത്തി. എക്സ്ട്രാ ടൈമിലെ 106–ാം മിനിറ്റിൽ ഫെറാൻ ടോറസാണ് സ്പാനിഷ് പടയുടെ വിജയഗോൾ നേടിയത്. മത്സരത്തിലെ 20–ാം ശ്രമത്തിലാണ് അർജന്റീന ഗോളി എമിലിയാനോ മാർട്ടിനസിന്റെ പ്രതിരോധം സ്പെയിൻ മറികടന്നത്.

എൻസോ ഫെർണാണ്ടസിന് ചുവപ്പ് കാർഡ് ലഭിച്ചതിനു പിന്നാലെ പത്ത് പേരുമായി പൊരുതിയ അർജന്റീന പൊരുതി നോക്കിയെങ്കിലും നിരന്തരം ആക്രമണങ്ങൾ നടത്തിയ സ്‌പെയിനിന് മുൻപിൽ പിടിച്ചു നില്ക്കാൻ സാധിച്ചില്ല. 2010 -ൽ ഇനിയേസ്റ്റയുടെ വിജയ ഗോളിലൂടെ നെതർലാൻഡ്സിനെ തകർത്ത് ലോകകപ്പ് വിജയിച്ചതിന് ശേഷം തങ്ങളുടെ രണ്ടാം ലോകകപ്പ് വിജയമാണ് ഇന്ന് സ്‌പെയിൻ അർജന്റീനയ്‌ക്കെതിരെ നേടിയത്. മത്സരത്തിന്റെ ആദ്യ നിമിഷം മുതൽ ആക്രമിച്ചു കളിച്ച സ്‌പെയിൻ തന്നെയായിരുന്നു കളിയുലടനീളം പൊസഷൻ സൂക്ഷിച്ചിരുന്നത്. ആദ്യ പകുതിയിൽ ഒരൊറ്റ ഷോട്ട് ഓൺ ടാർഗ്ഗറ്റ് പോലും നേടാൻ കഴിയാതിരുന്ന അർജന്റീനയ്ക്ക് രണ്ടാം പകുതിയിലും കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല.

ഫിഫ റാങ്കിങ്ങിലെ ഒന്നാം സ്ഥാനക്കാർ ഇതുവരെ കിരീടം നേടിയിട്ടില്ലെന്ന ദുഷ്പേര് ഇനി മെസ്സിപ്പടയെയും പിന്തുടരും. 1993-ൽ ഫിഫ ടീമുകളുടെ റാങ്കിങ് ആരംഭിച്ചതു മുതൽ, ലോകകപ്പിന് ആരംഭിക്കുമ്പോൾ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഒരു ടീമും പിന്നീട് കിരീടം നേടിയിട്ടില്ല. ഇത്തവണയും അതിൽ മാറ്റമുണ്ടായില്ല. ഈ ലോകകപ്പിനെത്തുമ്പോൾ അർജൻ്റീന ഫിഫ റാങ്കിങ്ങിൽ ഒന്നാം സ്‌ഥാനത്തായിരുന്നു. ടൂർണമെൻ്റിനിടെ ഇടയ്ക്ക് രണ്ടാമതായെങ്കിലും ഫൈനലിന് മുൻപ് വീണ്ടും ഒന്നാമതെത്തി. എന്നാൽ ഇപ്പോഴിതാ, കലാശപ്പോരിൽ രണ്ടാം സ്ഥാനക്കാരയ സ്പെയിനിനു മുന്നിൽ അർജന്റീന മുട്ടുമടക്കി. 2022-ൽ അർജൻ്റീന കിരീടം നേടിയെങ്കിലും അപ്പോൾ ഫിഫ റാങ്കിങ്ങിൽ മൂന്നാം സ്‌ഥാനത്തായിരുന്നു. ലോകകപ്പ് കിരീടം നേടിയ ശേഷവും അവർ രണ്ടാമതായിരുന്നു. ഒന്നാം സ്ഥാനത്ത് ബ്രസീലായിരുന്നു.

ലോകകപ്പിൽ ആദ്യമായാണ് ഫിഫ റാങ്കിങ്ങിൽ ഒന്നും രണ്ടും സ്ഥാനത്തുള്ളവർ കലാശപ്പോരിൽ പരസ്പരം ഏറ്റുമുട്ടിയത്. ഒടുവിൽ കിരീടം രണ്ടാം സ്ഥാനക്കാർക്ക്. റാങ്കിങ്ങിൽ ആദ്യ നാലു സ്ഥാനത്തുണ്ടായിരുന്നവരാണ് സെമിഫൈനലിലെത്തിയത്. മൂന്നാം സ്ഥാനക്കാരായ ഫ്രാൻസും നാലാം സ്ഥാനക്കാരായ ഇംഗ്ലണ്ടുമാണ് അർജന്റീനയെയും സ്പെയിനിനെയും കൂടാതെ സെമിയിലെത്തിയത്. ഇരു ടീമുകളും സെമിയിൽ പുറത്തായി. എന്നാൽ ലൂസേഴ്‌സ് ഫൈനലിൽ നാലാം റാങ്കുകാരായ ഇംഗ്ലണ്ട്, ഫ്രാൻസിനെ തോൽപ്പിച്ച് വെങ്കല മെഡൽ നേടി.

Send your news and Advertisements

You may also like

error: Content is protected !!