ന്യൂ ഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിൽ പ്രതിഷേധിച്ച് സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് നടത്തിവന്ന 26 ദിവസം നീണ്ടുനിന്ന നിരാഹാര സമരം അവസാനിപ്പിച്ചു. ഗുരുഗ്രാമിലെ മെദാന്ത ആശുപത്രിയിൽ വെച്ച് കേന്ദ്രമന്ത്രിമാരായ ജെ. പി. നഡ്ഡ, ജിതേന്ദ്ര സിങ് എന്നിവരുടെ സാന്നിധ്യത്തിലാണ് അദ്ദേഹം ഉപവാസം അവസാനിപ്പിച്ചത്. സോനം വാങ്ചുക്കിന്റെ ഭാര്യ ഗീതാഞ്ജലി ആങ്‌മോയും ഈ സമയം അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.
നീണ്ട ചർച്ചകൾക്കൊടുവിലാണ് താൻ ഉപവാസം അവസാനിപ്പിച്ചതെന്ന് വാങ്ചുക്ക് പിന്നീട് അറിയിച്ചു. സമരം അക്രമാസക്തമാകാനുള്ള സാധ്യതയും രാജ്യത്തെ സമാധാനാന്തരീക്ഷം തകരുമോ എന്ന ആശങ്കയും ഈ തീരുമാനത്തിന് പിന്നിലുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഉപവാസം അവസാനിപ്പിക്കുന്നതിനു തൊട്ടുമുമ്പ്, കേന്ദ്ര സർക്കാർ വിദ്യാഭ്യാസ സെക്രട്ടറിയെ സ്‌ഥാനത്തുനിന്ന് നീക്കുകയും ചോദ്യപേപ്പർ ചോർച്ച കേസുകൾ കൈകാര്യം ചെയ്യാൻ ഫാസ്‌റ്റ് ട്രാക്ക് കോടതി രൂപീകരിക്കുകയും ചെയ്‌തു. ഇത്തരം കേസുകളിൽ ശക്തമായ നടപടിയുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉറപ്പുനൽകിയിട്ടുണ്ട്.
ചോദ്യപേപ്പർ ചോർച്ച വിവാദത്തിൽ പ്രതികൾക്കെതിരെ വെള്ളിയാഴ്ചത്തെ കേന്ദ്രമന്ത്രിസഭാ യോഗത്തിൽ കൂടുതൽ ശക്തമായ നടപടികളുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. വ്യാഴാഴഴ്ച രാത്രി വൈകി പുറത്തുവിട്ട വിഡിയോ സന്ദേശത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ചോദ്യപേപ്പർ ചോർച്ചാ കേസുകൾ കൈകാര്യം ചെയ്യാൻ ഫാസ്‌റ്റ് ട്രാക്ക് കോടതി സ്‌ഥാപിക്കുമെന്ന് ഡൽഹി ഹൈക്കോടതി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് എക്‌സിലൂടെ മോദിയുടെ വിഡിയോ സന്ദേശം എത്തിയത്. സിജെപിയുടെ നേതൃത്വത്തിൽ ജന്തർ മന്തറിൽ ശക്തമായ പ്രതിഷേധം തുടരുന്നതിനിടയിലാണ് പ്രധാനമന്ത്രിയുടെ നിർണായക പ്രഖ്യാപനം.
വിദ്യാഭ്യാസ സമ്പ്രദായത്തിലെ പരിഷ്കരണങ്ങളും ചോദ്യപേപ്പർ ചോർച്ചയിലെ ഉത്തരവാദിത്തവും ആവശ്യപ്പെട്ട് ജൂൺ 28-നാണ് വാങ്‌ചുക് നിരാഹാര സമരം ആരംഭിച്ചത്. വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനിന്റെ രാജി ആവശ്യപ്പെട്ട് സമരം തുടരുന്ന കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രതിഷേധക്കാർക്കൊപ്പം ജന്തർ മന്തറിലായിരുന്നു അദ്ദേഹം ഉപവാസം അനുഷ്ഠിച്ചിരുന്നത്. സോനം വാങ്ചുക് നിരാഹാരം അവസാനിപ്പിച്ചതിനെ കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കെ സ്വാഗതംചെയ്തു എന്നാൽ കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെയ്ക്കുന്നതുവരെ ജന്തർ മന്തറിലെ പ്രതിഷേധം തുടരുമെന്നും അദ്ദേഹം അറിയിച്ചു.
നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരേ സി.ജെ.പി. ദിവസങ്ങളായി തലസ്ഥാനത്ത് കനത്ത പ്രതിഷേധ സമരം തുടരുകയാണ്. കഴിഞ്ഞദിവസം ഇന്ത്യ മുന്നണികൂടി പ്രതിഷേധം തുടർന്നതോടെ രാജ്യതലസ്ഥാനം വലിയ സമരമുന്നേറ്റത്തിന് സാക്ഷിയായി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കുകയും പരീക്ഷാ സംവിധാനത്തിൽ സമഗ്രമായ പരിഷ്കാരങ്ങൾ കൊണ്ടുവരികയും ചെയ്യുന്നതുവരെ പ്രതിഷേധം തുടരുമെന്നാണ് സി.ജെ.പി.യുടെ നിലപാട്.
എപ്പോൾവേണമെങ്കിലും എത്ര സമയവും ചർച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്
നീറ്റ് പരീക്ഷ ക്രമക്കേടിൽ പ്രതിഷേധം ശക്തമായി തുടരുന്നതിനിടെ സമരംചെയ്യുന്ന സിജെപി പ്രതിനിധികളോട് ചർച്ചയ്ക്ക് അഭ്യർത്ഥിച്ച് കേന്ദ്ര സർക്കാർ. 24 മണിക്കൂറിനിടെ നാലുതവണ വിദ്യാർഥി പ്രതിനിധികളെ ചർച്ചയ്ക്ക് സമീപിച്ചെന്നും എപ്പോൾവേണമെങ്കിലും എത്ര സമയവും ചർച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് അറിയിച്ചു. തങ്ങൾക്ക് ഇക്കാര്യത്തിൽ അഭിമാന പ്രശ്‌നമില്ലെന്നും താനും ആരോഗ്യമന്ത്രി ജെപി നഡ്ഡയും ചർച്ചയിൽ സർക്കാരിനെ പ്രതിനിധീകരിക്കുമെന്നും ജിതേന്ദ്ര സിങ് പറഞ്ഞു. ചർച്ചകൾക്കായി ഒരു സൗകര്യപ്രദമായ അന്തരീക്ഷം ഉറപ്പാക്കാൻ, നിർദ്ദിഷ്ട യോഗസ്ഥലം തിരഞ്ഞെടുക്കാൻ കേന്ദ്രമന്ത്രി പ്രതിഷേധക്കാരോട് ആവശ്യപ്പെടുകയും ചെയ്തു.
‘പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വിഷയം പ്രാധാന്യത്തോടെ കാണുന്നുണ്ട്. ഇന്ന് രാവിലെ അദ്ദേഹം നടത്തിയ പ്രസ്‌താവനയിൽ പറഞ്ഞതുപോലെ, യുവാക്കളുടെ താൽപ്പര്യങ്ങൾക്ക് അദ്ദേഹം ഏറ്റവും വലിയ മുൻഗണനയും പ്രാധാന്യവും നൽകുന്നു. പേപ്പർ ചോർച്ചയിൽ കുറ്റക്കാരെന്ന് കണ്ടെത്തുന്നവരെ അതിവേഗ കോടതികളിലൂടെ വിചാരണചെയ്യാനുള്ള തീരുമാനം അദ്ദേഹം എടുത്തു. ഇത് വേഗത്തിൽ ഒരു തീരുമാനം എടുക്കുന്നതിനും നിർണായക നടപടി സ്വീകരിക്കുന്നതിനും സഹായിക്കും. വിദ്യാർത്ഥികളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി സർക്കാർ സ്വീകരിക്കുന്ന നിരന്തരമായ നടപടികളുടെ ഭാഗമാണിത്. അതിനാൽ, ഞാൻ ഒരിക്കൽക്കൂടി നിങ്ങളോട് വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു: വരിക, ഇരിക്കുക, ചർച്ച ചെയ്യുക, ഈ സാഹചര്യത്തിന് ഒരു പരിഹാരം കണ്ടെത്താൻ നമുക്ക് സത്യസന്ധമായ ശ്രമം നടത്താം‘, ജിതേന്ദ്ര സിങ് പറഞ്ഞു.
സി ജെ പി പ്രതിഷേധം 34-ാം ദിവസം: രാഷ്ട്രീയനേട്ടത്തിനായി ഇത് രാഹുൽ ഉപയോഗിക്കേണ്ട എന്ന് ജെ പി നദ്ദ

