ശിവസാഗർ: അസമിലും ഗുജറാത്തിലും കനത്ത മഴ. പ്രളയക്കെടുതിയിൽ അസമിൽ മരണസംഖ്യ 47 ആയി. തെക്കൻ ഗുജറാത്തിൽ കനത്ത നാശനഷ്ടമുണ്ടായ പ്രളയത്തിൽ താപി ജില്ലയിൽ ഒരാൾ മരിച്ചു. അസമിൽ 11 ജില്ലകളിലായി 7.2 ലക്ഷത്തിലധികം ആളുകളെ പ്രളയം സാരമായി ബാധിച്ചു. ശിവസാഗർ, ചരാഡിയോ, ജോർഹട്ട് എന്നീ ജില്ലകളിലാണ് പ്രളയം ഏറ്റവും കൂടുതൽ നാശം വിതച്ചത്.
ബ്രഹ്മപുത്ര ഉൾപ്പെടെയുള്ള പ്രധാന നദികൾ അപകടരേഖയ്ക്ക് മുകളിലാണ് ഒഴുകുന്നത്. കരസേന, വ്യോമസേന, NDRF, SDRF എന്നിവരുടെ നേതൃത്വത്തിൽ ശക്തമായ രക്ഷാപ്രവർത്തനം തുടരുന്നു. ഒറ്റപ്പെട്ടുപോയവർക്ക് ഡ്രോണുകൾ വഴിയാണ് ഭക്ഷണവും മരുന്നും എത്തിക്കുന്നത്. നദികൾ കരകവിഞ്ഞ് ഒഴുകുന്നതിനാൽ ജനങ്ങളോട് ജാഗ്രത പാലിക്കാൻ സംസ്ഥാന സർക്കാർ നിർദ്ദേശം നൽകി.
സൂറത്ത്, നവ്സാരി, വൽസാദ് തുടങ്ങിയ ദക്ഷിണ ഗുജറാത്ത് ജില്ലകളിൽ റെക്കോർഡ് മഴയാണ് ലഭിക്കുന്നത്. ഉമർഗാമിൽ മാത്രം 16 മണിക്കൂറിനുള്ളിൽ 1100 മില്ലിമീറ്ററിലധികം മഴ രേഖപ്പെടുത്തി. പ്രളയസാഹചര്യത്തെ തുടർന്ന് താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് 38,000-ത്തിലധികം ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. അഹമ്മദാബാദ് – മുംബൈ റെയിൽവേ ട്രാക്കിൽ വെള്ളം കയറിയതിനെ തുടർന്ന് നിരവധി ട്രെയിനുകൾ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തിട്ടുണ്ട്. വൽസാദിലെ ഉമർഗാമിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ പെയ്തത് 1064 മില്ലി മീറ്റർ മഴയാണ്. റെക്കോർഡ് പെയ്ത്തിൽ സൂറത്തും നവ്സാരിയുമടക്കമുളള ജില്ലകളുടെ ഏറിയ ഭാഗവും വെളളത്തിനടിയിലാണ്. മുംബൈ – അഹമ്മദാബാദ് ദേശീയ പാതയിലും വെളളം കയറിയതോടെ രക്ഷാ ദൗത്യവും ദുഷ്കരമായി. പ്രശ്നമേഖലകളിൽ സൈന്യത്തെയും ദുരന്തനിവാരണസേനയെയും വിന്യസിച്ചതായി ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര ഭാഗേൽ അറിയിച്ചു.

