Sunday, April 19, 2026
Home » വട്ടിയൂർക്കാവിൽ ആർ ശ്രീലേഖ ചുവരെഴുതി മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചരണങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു.
വട്ടിയൂർക്കാവിൽ ആർ ശ്രീലേഖ ചുവരെഴുതി മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചരണങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു.

വട്ടിയൂർക്കാവിൽ ആർ ശ്രീലേഖ ചുവരെഴുതി മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചരണങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു.

by Editor
Send your news and Advertisements

തിരുവനന്തപുരം: വട്ടിയൂർക്കാവ് മണ്ഡലത്തിലെ എൻഡിഎയുടെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണങ്ങളുടെ ഉദ്ഘാടനം ബിജെപി സംസ്ഥാന ഉപാധ്യക്ഷ ശ്രീമതി ആർ. ശ്രീലേഖ ചുവരെഴുതി നിർവഹിച്ചു. കവടിയാർ, അമ്പലമുക്കിൽ നടന്ന പരിപാടിയിൽ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ എസ് സുരേഷ്, സംസ്ഥാന ഉപാധ്യക്ഷൻ കെ സോമൻ, തിരുവനന്തപുരം നഗരസഭ മേയർ അഡ്വ വി വി രാജേഷ്, ഡെപ്യൂട്ടി മേയർ ശ്രീമതി ആശാനാഥ് തുടങ്ങിയവരും വിവിധ സംസ്ഥാന ജില്ലാ നേതാക്കളും പങ്കെടുത്തു.

സംസ്ഥാനത്ത് ബിജെപി പ്രചാരണം തുടങ്ങുന്ന രണ്ടാമത്തെ മണ്ഡലമാണ് വട്ടിയൂർക്കാവ്. തന്റെ സ്ഥാനാർഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലായെന്നും പാർട്ടി പറയുന്നത് അനുസരിക്കുമെന്നും ശ്രീലേഖ പറഞ്ഞു. കൗൺസിലറായതും പാർട്ടി പറഞ്ഞിട്ടാണെന്നും ശ്രീലേഖ പറഞ്ഞു. വട്ടിയൂർക്കാവിൽ മാത്രമല്ല തിരുവനന്തപുരത്തെ എല്ലാ മണ്ഡലങ്ങളിലും താമര വിരിയുമെന്നും താമരപ്പൂക്കൾ നിറഞ്ഞ കേരളത്തെയാകും ഇക്കുറി കാണുകയെന്നും ശ്രീലേഖ വ്യക്തമാക്കി.

മണ്ഡലത്തില്‍ വി കെ പ്രശാന്ത് തന്നെയായിരിക്കും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. രൂപീകരിക്കപ്പെട്ടതുമുതല്‍ കോണ്‍ഗ്രസിന്റെ ഉറച്ച സീറ്റായിരുന്ന വട്ടിയൂർക്കാവ് 2019 ലെ ഉപതെരഞ്ഞെടുപ്പിലാണ് എല്‍ഡിഎഫ് വിജയിച്ചത്. 2021 ല്‍ വി കെ പ്രശാന്ത് വിജയം ആവര്‍ത്തിക്കുകയായിരുന്നു. 2011 ലെ തെരഞ്ഞെടുപ്പില്‍ കെ മുരളീധരന്‍ 16,167 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ചെറിയാന്‍ ഫിലിപ്പിനെ പരാജയപ്പെടുത്തിയത്.

2016ല്‍ കെ മുരളീധരന്‍ മണ്ഡലം നിലനിര്‍ത്തുകയും ബിജെപി കുമ്മനം രാജശേഖരനിലൂടെ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ടി എന്‍ സീമ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 2019ല്‍ കെ മുരളീധരന്‍ വടകര ലോക്‌സഭാ സീറ്റില്‍ മത്സരിക്കാന്‍ പോയതിനെ തുടര്‍ന്നുനടന്ന ഉപതെരഞ്ഞെടുപ്പിലാണ് വി കെ പ്രശാന്ത് 14,465 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ മോഹന്‍കുമാറിനെ പരാജയപ്പെടുത്തി മണ്ഡലം പിടിച്ചത്.

മണ്ഡലം തിരിച്ചുപിടിക്കാൻ കോൺഗ്രസ്, മണ്ഡലത്തിലെ മുൻ എം എൽ എയായിരുന്ന കെ മുരളീധരനെ ഇറക്കിയേക്കുമെന്നാണ് സൂചന. അങ്ങനെയെങ്കിൽ വട്ടിയൂർകാവിൽ ശക്തമായ ത്രികോണപ്പോരിനാകും ഇക്കുറി കളമൊരുങ്ങുക.

You may also like

error: Content is protected !!