Monday, September 21, 2026
Home » ഏഷ്യൻ ഗെയിംസിൽ ചരിത്ര നേട്ടവുമായി മലയാളി താരം വിദർശ കെ. വിനോദ്
ഏഷ്യൻ ഗെയിംസിൽ ചരിത്ര നേട്ടവുമായി മലയാളി താരം വിദർശ കെ. വിനോദ്

ഏഷ്യൻ ഗെയിംസിൽ ചരിത്ര നേട്ടവുമായി മലയാളി താരം വിദർശ കെ. വിനോദ്

by Editor

നഗോയ: ജപ്പാനിലെ നഗോയയിൽ നടക്കുന്ന 2026 ഏഷ്യൻ ഗെയിംസിൽ ചരിത്ര നേട്ടം കുറിച്ച് മലയാളി താരം വിദർശ കെ. വിനോദ് വെള്ളി മെഡൽ സ്വന്തമാക്കിയിരിക്കുകയാണ്. ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ മെഡൽ നേടുന്ന ആദ്യ മലയാളി താരം എന്ന സുവർണ്ണ നേട്ടമാണ് ഇതോടെ വിദർശ സ്വന്തമാക്കിയത്.

വിദർശ വിനോദിനൊപ്പം ഇളവേനിൽ വാളറിവൻ, സോനം മസ്‌കർ എന്നിവരടങ്ങിയ ടീമാണ് വെള്ളി മെഡൽ വെടിവെച്ചിട്ടത്. വാശിയേറിയ പോരാട്ടത്തിൽ ആകെ 1898.0 പോയിന്റുകൾ നേടിയാണ് ഇന്ത്യൻ ടീം രണ്ടാം സ്ഥാനം ഉറപ്പിച്ചത്. ഈ ഇനത്തിൽ 1904.2 എന്ന ലോക റെക്കോർഡ് സ്‌കോറോടെ ചൈന സ്വർണ്ണവും, ആതിഥേയരായ ജപ്പാൻ വെങ്കലവും നേടി.

50 മീറ്റർ റൈഫിൾ ഇനത്തിലും വിദർഷ മത്സരിക്കുന്നുണ്ട്. വനിതാ വിഭാഗം 10 മീറ്റർ എയർ റൈഫിള്‍ ഇനത്തിൽ ഇന്ത്യൻ താരം എളവേനിൽ വാളറിവൻ‍ വെള്ളി മെഡൽ വിജയിച്ചു. 60 കിലോ വനിതാ വിഭാഗം മിക്സഡ് മാർഷ്യൽ ആർട്സിൽ ഇന്ത്യൻ താരം സുചിക തരിയലും മെ‍ഡൽ ഉറപ്പിച്ചിട്ടുണ്ട്.

കോഴിക്കോട് തിരുവമ്പാടി സ്വദേശിയാണ് വിദർശ കെ. വിനോദ്. മുഖ്യമന്ത്രി വി.ഡി സതീശൻ താരത്തെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. കേരളത്തിലെ ഒരു സാധാരണ ഇടത്തരം കുടുംബത്തിൽ നിന്നാണ് വിദർശയുടെ കായിക യാത്ര ആരംഭിക്കുന്നത്. കരാറുകാരനായ അച്ഛനും അമ്മയും അടങ്ങുന്ന കുടുംബത്തിൽ ജനിച്ച വിദർശ, യാതൊരുവിധ ഔദ്യോഗിക പരിശീലനവുമില്ലാതെയാണ് ഷൂട്ടിങ് രംഗത്തേക്ക് കടന്നുവന്നത്.

ഷൂട്ടിങ് രംഗത്തെ ഉയർന്ന ചെലവുകൾ തങ്ങാനാകാതെ കരിയറിൻ്റെ തുടക്കത്തിൽ കടം വാങ്ങിയ ഉപകരണങ്ങൾ ഉപയോഗിച്ചായിരുന്നു വിദർശയുടെ പരിശീലനം. ആദ്യ പരീക്ഷണത്തിൽ തന്നെ എൻസിസി ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതോടെയാണ് വിദർശയുടെ ഷൂട്ടിങ് കരിയർ ആരംഭിക്കുന്നത്. വൈകാതെ കേരള സംസ്ഥാന ടീമിലും ഇടം നേടി. കേരള സംസ്ഥാന ചാമ്പ്യൻഷിപ്പിൽ അഗ്രഗേറ്റ് ചാമ്പ്യനായി മാറിയെങ്കിലും സ്വന്തമായി ഒരു പ്രൊഫഷണൽ റൈഫിൾ സ്വന്തമാക്കുക എന്നത് വിദർശയ്ക്ക് സ്വപ്നം മാത്രമായി അവശേഷിച്ചു. തുടക്കക്കാർക്ക് വളരെ ചെലവേറിയ ഒരു കായികയിനമാണ് ഷൂട്ടിങ്. ജാക്കറ്റും വെടിയുണ്ടകളും വാങ്ങുന്നതിന് മുമ്പ് തന്നെ റൈഫിളുകൾക്ക് മാത്രം ലക്ഷക്കണക്കിന് രൂപ ചെലവ് വരും.

Send your news and Advertisements

You may also like

error: Content is protected !!