Monday, September 21, 2026
Home » കടുത്ത ചൂടിനിടെ പെയ്ത അപ്രതീക്ഷിത മഴയിലും മലവെള്ളപ്പാച്ചിലിലും ഉരുൾപൊട്ടലിലും കേരളത്തിൽ 6 മരണം.
ജാഗ്രതാ നിർദ്ദേശം

കടുത്ത ചൂടിനിടെ പെയ്ത അപ്രതീക്ഷിത മഴയിലും മലവെള്ളപ്പാച്ചിലിലും ഉരുൾപൊട്ടലിലും കേരളത്തിൽ 6 മരണം.

by Editor

കോട്ടയം: സംസ്ഥാനത്ത് കനത്ത ചൂടിനിടെ പെയ്ത അപ്രതീക്ഷിത മഴയിലും മലവെള്ളപ്പാച്ചിലിലും ഉരുൾപൊട്ടലിലും കേരളത്തിൽ 6 പേർ മരണപ്പെട്ടു. 4 പേരെ കാണാതായതായും വിവരമുണ്ട്. കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് പ്രധാനമായും വൻ നാശനഷ്ടങ്ങളും അപകടങ്ങളും ഉണ്ടായത്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

വാഗമൺ റോഡിൽ തീക്കോയിക്ക് സമീപം ഉരുൾപൊട്ടി സ്കൂട്ടർ യാത്രക്കാരിയായ ചെന്നൈ സ്വദേശിനി സംഗീത മരിച്ചു. പൂഞ്ഞാർ തെക്കേക്കരയിൽ വീടിന് മുകളിലേക്ക് മണ്ണ് ഇടിഞ്ഞുവീണ് ജോസഫ് (80) എന്നയാൾ മരണപ്പെട്ടു. ഇടുക്കി വട്ടവട കൊട്ടാക്കമ്പൂരിൽ വീട് തകർന്ന് 2 പേർ മരണപ്പെട്ടു. വട്ടവട കൊട്ടാക്കമ്പൂർ വില്ലേജിൽ അമ്മൻകോവിലിനു സമീപം താമസിച്ചിരുന്ന ബാലകൃഷ്ണൻ പെരുമാൾ (51), അയൽവാസി സി. ചിന്നമ്മാൾ (ചിന്നു–38) എന്നിവരാണു മരിച്ചത്. ബാലകൃഷ്ണന്റെ ഭാര്യ മാരിയമ്മ (45) ഗുരുതരമായി പരുക്കേറ്റ് മൂന്നാർ ടാറ്റാ ടീ ആശുപത്രിയിൽ ചികിത്സയിലാണ്.

മലപ്പുറം ജില്ലയിൽ പൂക്കോട്ടുംപാടം ചോക്കാട് കോട്ടപ്പുഴയിലുണ്ടായ ശക്തമായ മലവെള്ളപ്പാച്ചിലിൽ ഒഴുക്കിൽപ്പെട്ട് 2 പേർ മരണമടഞ്ഞു. എടരിക്കോട് സ്വദേശി മങ്ങാടൻ അനസ് ഉൾപ്പെടെയുള്ളവരാണ് ഇവിടെ അപകടത്തിൽപ്പെട്ടത്. 4 പേരെ കാണാതായി. കാണാതായവരിൽ 3 പേർ വിനോദ സഞ്ചാരികളാണെന്നാണു വിവരം. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണു ദുരന്തം. അവധി ദിവസമായതിനാൽ ഒട്ടേറെ വിനോദസഞ്ചാരികൾ പുഴയിൽ കുളിക്കാനെത്തിയിരുന്നു. മഴയുടെ ലക്ഷണമൊന്നുമില്ലായിരുന്നു. ഉൾവനത്തിൽ കനത്ത മഴ പെയ്തതിനെത്തുടർന്നു നിമിഷനേരം കൊണ്ടാണു മലവെള്ളപ്പാച്ചിലുണ്ടായത്. നാട്ടുകാർ അപായ മുന്നറിയിപ്പു നൽകി ഒട്ടേറെപ്പേരെ കരയ്ക്കു കയറ്റിയതിനാൽ വൻ ദുരന്തം ഒഴിവായി.

വരും ദിവസങ്ങളിലും സംസ്ഥാനത്ത് മഴ ശക്തമാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പുഴകളുടെ തീരത്തുള്ളവരും മലയോര മേഖലയിലുള്ളവരും ജാഗ്രത പാലിക്കാൻ നിർദ്ദേശമുണ്ട്.

Send your news and Advertisements

You may also like

error: Content is protected !!