ന്യൂഡൽഹി: ഇന്ത്യയെ ആഗോള ചിപ്പ് നിർമ്മാണ കേന്ദ്രമാക്കുക എന്ന ലക്ഷ്യത്തോടെ 1.27 ലക്ഷം കോടി രൂപയുടെ ബജറ്റ് വിഹിതവുമായി ഇന്ത്യ സെമികണ്ടക്ടർ മിഷൻ 2.0 (ISM 2.0) പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം ഔദ്യോഗികമായി അംഗീകാരം നൽകി. രാജ്യത്തെ സെമികണ്ടക്ടർ, ഇലക്ട്രോണിക്‌സ് നിർമാണ മേഖലയെ ആഗോള നിലവാരത്തിലേക്ക് ഉയർത്തുക, ഇന്ത്യയുടെ ആഭ്യന്തര ചിപ്പ് നിർമാണ ശേഷി ഗണ്യമായി വർധിപ്പിക്കുക, ഇതുവഴി ഏകദേശം 4 ലക്ഷം കോടി രൂപയുടെ സ്വകാര്യ നിക്ഷേപം ആകർഷിക്കുക എന്നിവയാണ് ലക്‌ഷ്യം.
ആദ്യഘട്ട പദ്ധതിയുടെ പുരോഗതിയെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ഐഎസ്എം 2.0യിൽ സെമികണ്ടക്ടർ നിർമാണം, ചിപ്പ് പാക്കേജിങ്, പരിശോധന, ഡിസൈൻ നവീകരണം, ഗവേഷണ-വികസനം, നൈപുണ്യ വികസനം, ശക്തമായ വിതരണ ശൃംഖല സൃഷ്ടിക്കൽ എന്നിവ ഉൾപ്പെടുന്ന ആറ് പ്രധാന തന്ത്രങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. കൃത്രിമബുദ്ധി, ഇലക്ട്രിക് വാഹനങ്ങൾ, ടെലികമ്മ്യൂണിക്കേഷൻ, ഉപഭോക്തൃ ഇലക്ട്രോണിക്സ്, പ്രതിരോധ മേഖലകൾ എന്നിവയുടെ വളർച്ചയ്ക്ക് ആവശ്യമായ ചിപ്പ് നിർമാണം രാജ്യത്തിനകത്ത് തന്നെ ഉറപ്പാക്കി, ഇന്ത്യയെ ആഗോള സെമികണ്ടക്ടർ നിർമാണ കേന്ദ്രമാക്കി മാറ്റുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. വലിയ തോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സാങ്കേതികവിദ്യ കൈമാറ്റം പ്രോത്സാഹിപ്പിക്കുന്നതിനും ലോകത്തിലെ മുൻനിര സെമികണ്ടക്ടർ കമ്പനികളെ ഇന്ത്യയിലേക്ക് ആകർഷിക്കുന്നതിനും ഈ പദ്ധതി സഹായിക്കുമെന്ന് കേന്ദ്രസർക്കാർ പ്രതീക്ഷിക്കുന്നു.
