Wednesday, July 1, 2026
Home » അധിക്ഷേപ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് വ്യവസായി ബോബി ചെമ്മണ്ണൂർ; മാപ്പപേക്ഷ സ്വീകരിക്കുന്നുവെന്ന് ഹണി റോസ്
.

അധിക്ഷേപ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് വ്യവസായി ബോബി ചെമ്മണ്ണൂർ; മാപ്പപേക്ഷ സ്വീകരിക്കുന്നുവെന്ന് ഹണി റോസ്

by Editor

നടി ഹണി റോസിനെതിരായ അധിക്ഷേപ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് വ്യവസായി ബോബി ചെമ്മണ്ണൂർ. താൻ മൂലം നടിക്കുണ്ടായ ബുദ്ധിമുട്ടുകൾക്ക് ബോബി ഖേദം പ്രകടിപ്പിച്ചു. വാക്കുകൾക്കും അതുണ്ടാക്കിയ ആഘാതത്തിനും പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും ബോബി ചെമ്മണ്ണൂർ സാമൂഹികമാധ്യമങ്ങളിൽ കുറിച്ചു. വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ മാപ്പപേക്ഷ സ്വീകരിക്കുന്നുവെന്ന് നടി ഹണി റോസ് പറഞ്ഞു. ഏതെങ്കിലും തരത്തിൽ ആ വ്യക്തിയെ ഉപദ്രവിക്കാനോ ദ്രോഹിക്കാനോ ഉള്ള യാതൊരു ഉദ്ദേശവും തനിക്കോ കുടുംബത്തിനോ ഇല്ലെന്ന് വ്യക്തമാക്കിയ നടി, ബാക്കി കാര്യങ്ങൾ കുടുംബത്തോട് കൂടി ആലോചിച്ച് തീരുമാനിക്കുമെന്നും വ്യക്തമാക്കി.

നടി ഹണി റോസിനെതിരെ നടത്തിയ പരാമർശങ്ങളിൽ പരസ്യമായിട്ടാണ് ബോബി ചെമ്മണ്ണൂർ ഖേദം പ്രകടിപ്പിച്ചത്.  ‘പ്രിയ സുഹൃത്തുക്കളെ, യഥാർഥത്തിൽ എല്ലാവരോടും ദയയോടും ബഹുമാനത്തോടും സ്നേഹത്തോടും പരിഗണനയോടും കൂടി പെരുമാറുന്ന വ്യക്തിയാണ് ഞാൻ. ആരെയും മനഃപൂർവം ദ്രോഹിക്കുകയോ മോശമായി പെരുമാറുകയോ ചെയ്‌തിട്ടില്ല. സാധ്യമാകുമ്പോഴെല്ലാം മറ്റുള്ളവരെ സഹായിക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. സാമൂഹികമാധ്യമങ്ങളിൽ ഇടയ്ക്കിടെ നർമവും രസകരമായ ഉള്ളടക്കങ്ങളും പങ്കുവെക്കാറുണ്ടെന്നത് ശരിയാണ്. എന്നാൽ അവയൊന്നും ആരെയും അപമാനിക്കാനോ വേദനിപ്പിക്കാനോ വിഷമിപ്പിക്കാനോ ഉള്ള ഉദ്ദേശത്തോടെയുള്ളവയല്ല’, ‘എന്നാൽ, ശ്രീമതി ഹണി റോസിനെക്കുറിച്ചുള്ള എൻ്റെ പ്രസ്താവനകൾ അവർക്കും കുടുംബത്തിനും വലിയ മാനസിക പ്രയാസമുണ്ടാക്കിയിട്ടുണ്ടെന്ന് എനിക്ക് മനസ്സിലായി. ഞാൻ വരുത്തിയ ദ്രോഹത്തിന് ആത്മാർഥമായി ക്ഷമ ചോദിക്കുന്നു. എൻ്റെ വാക്കുകൾക്കും അവയുണ്ടാക്കിയ ആഘാതത്തിനും ഞാൻ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. വേദനിപ്പിക്കാൻ ഞാൻ ഉദ്ദേശിച്ചിരുന്നില്ല. ഈ ആത്മാർഥമായ ക്ഷമാപണം സ്വീകരിച്ച് അവർ കേസ് പിൻവലിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അക്കാര്യം പരിഗണിക്കണമെന്ന് ഞാൻ അഭ്യർഥിക്കുന്നു. പോസിറ്റീവായി മുന്നോട്ടുപോകാൻ ഞാൻ പ്രതിജ്ഞാബദ്ധനാണ്’, എന്നാണ് ബോബി ചെമ്മണ്ണൂർ സോഷ്യൽ മീഡിയയിൽ കുറിച്ചത്.

Send your news and Advertisements

You may also like

error: Content is protected !!