Wednesday, July 1, 2026
Home » ചെണ്ടയിൽ സംഗീത വിസ്മയം തീർത്തു സാന്തോം ഡ്രംസ് ആസ്വാദക മനസ്സുകൾ കീഴടക്കി
ചെണ്ടയിൽ സംഗീത വിസ്മയം തീർത്തു സാന്തോം ഡ്രംസ് ആസ്വാദക മനസ്സുകൾ കീഴടക്കി

ചെണ്ടയിൽ സംഗീത വിസ്മയം തീർത്തു സാന്തോം ഡ്രംസ് ആസ്വാദക മനസ്സുകൾ കീഴടക്കി

ലിബി നെടി

by Editor

മെൽബൺ: മെൽബൺ സൗത്ത് ഈസ്റ്റിലെ സെയിന്റ് തോമസ് സിറോ മലബാർ ഇടവകയും സാന്തോം കൾച്ചറൽ സെന്ററും സംയുക്തമായി ജൂൺ 27–നു പാകെൻഹാം ഹിൽ ക്രെസ്ട് കോളേജിൽ വച്ച് സംഘടിപ്പിച്ച റിമി ടോമി ലൈവ് മ്യൂസിക്കൽ കോൺസെർട്ടിൽ പരമ്പരാഗത തനിമയും ആധുനിക താളബോധവും ഒന്നിച്ചു ചേർത്ത് ഒരു ദൃശ്യ ശ്രാവ്യ വിരുന്നായി സാന്തോം ഡ്രംസ് ഒരുക്കിയ ചെണ്ടമേള വിസ്മയം ജനപഥങ്ങളെ ആവേശത്തിലാഴ്ത്തി. സംഗീത ലോകത്തെ പ്രഗത്ഭയായ റിമി ടോമിയുടെ നേതൃത്വത്തിൽ അരങ്ങേറിയ സംഗീത സന്ധ്യയിൽ വേദിയെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് അരങ്ങേറിയ ഈ താളമഹോത്സവം നൂറു കണക്കിനാളുകളുടെ കയ്യടിയും പ്രശംസയും ഏറ്റു വാങ്ങി. ഇടവകാംഗമായ ജുവാൻ പൗള ഗ്ലാഡ്‌വിൻ എന്ന പന്ത്രണ്ടു വയസുള്ള അനുഗ്രഹീത കലാകാരി വയലിനിൽ ഉതിർത്ത മാങ്കുയിലെ.. പൂങ്കുയിലേ… എന്ന മനോഹര ഗാനത്തിന് ഇടന്തലയിലും വലന്തലയിലും ഒരേപോലെ വിസ്മയം തീർത്തത് പത്തൊൻപതു പ്രഗത്ഭരായ ചെണ്ട വാദ്യ കലാകാരൻമാർ ആണ്.

കേവലമൊരു കൊട്ടിക്കലാശത്തിനപ്പുറം, ശാസ്ത്രീയമായ മേളപ്പദങ്ങളും യുവ കലാപ്രതിഭകൾ തീർത്ത ഇലത്താള സംഗീതത്തിന്റെ അകമ്പടിയും ഒന്ന് ചേർന്നപ്പോൾ കലാകാരന്മാരുടെ ചെണ്ടയിൽ നിന്നുയർന്നതു ഒരേ മനസ്സിന്റെ അത്ഭുത താളമായിരുന്നു.

കേരളത്തിന്റെ തനത് കലാരൂപമായ ചെണ്ടമേളത്തെ കടൽ കടന്നു ഈ കങ്കാരു നാട്ടിൽ ഇത്രത്തോളം ഊർജ്ജസ്വലതയോടെയും പുതുമയോടെയും അവതരിപ്പിക്കാൻ സാന്തോം ഡ്രംസിന് കഴിഞ്ഞത് ചെണ്ട മേള ട്രൂപ്പിന്റെ ഗുരുവായ മലപ്പുറം ജില്ലയിലെ എടവണ്ണപ്പാറ സ്വദേശിയായ പ്രശസ്ത ചെണ്ട വാദ്യ ഗുരു പോരൂർ ഹരികൃഷ്ണൻ മാഷിന്റെ കൃത്യമായ പാഠങ്ങളും അംഗങ്ങളുടെ സമർപ്പണ ബോധത്തോടെയുള്ള കഠിന പരിശീലനവുമാണ്.

സെയിന്റ് തോമസ് സീറോ – മലബാർ ഇടവക വികാരിയായ റവ ഫാ ഡോ സിബി പുളിക്കൽ അച്ചന്റേയും അസിസ്റ്റന്റ് വികാരി ആയ റെവ ഫാ സജി ഞവരക്കാട്ടിന്റെയും അനുഗ്രഹീത രക്ഷാധികാരിത്വത്തിൽ സാന്തോം കൾച്ചറൽ സെന്റർ, സാന്തോം ഡ്രംസ് ട്രൂപ് കോർഡിനേറ്റഴ്‌സ് എന്നിവരുടെ സഹകരണവും, പ്രോത്സാഹനവും സാന്തോം ഡ്രംസിനെ മേള ലോകത്തു ഇനിയും അത്ഭുതങ്ങൾ സൃഷ്ടിക്കാൻ ഇടയാക്കും എന്നതിന് സംശയം ഇല്ല.

ലിബി നെടി

Send your news and Advertisements

You may also like

error: Content is protected !!