ദേവലോകം, കോട്ടയം: മലങ്കര ഓർത്തഡോക്സ് സഭയ്ക്ക് കാനഡ കേന്ദ്രീകരിച്ചും ഓസ്ട്രേലിയ കേന്ദ്രീകരിച്ചും പുതിയ ഭദ്രാസനങ്ങൾ. 2024 ഒക്ടോബർ 10 -ന് സമ്മേളിച്ച മലങ്കരസഭാ മാനേജിംഗ് കമ്മറ്റിയുടെയും 2024 ഒക്ടോബർ മാസം 29-നു സമ്മേളിച്ച പ. എപ്പിസ് കോപ്പൽ സുന്നഹദോസിന്റെയും ആലോചനയും ശുപാർശയും സ്വീകരിച്ച് ടൊറൊന്റൊ കേന്ദ്രമാക്കി കാനഡ എന്ന പേരിലും, ഓസ്ട്രേലിയായിലെ കാൻബറ കേന്ദ്രമാക്കി ഏഷ്യാ പസഫിക് എന്ന പേരിലും രണ്ട് പുതിയ ഭദ്രാസനങ്ങൾ കുടി രൂപീകരിക്കപ്പെട്ടതായി പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ അറിയിച്ചു. പുതിയ ഭദ്രാസനങ്ങൾ 2024 നവംബർ മാസം 1-നു മുതൽ പ്രാബല്യത്തിൽ വന്നു. മലങ്കര മെത്രാപ്പോലീത്താ എന്ന നിലയിൽ പുതിയ രണ്ട് ഭദ്രാസനങ്ങളുടെയും ചുമതല പരിശുദ്ധ കാതോലിക്കാ ബാവാ ആയിരിക്കും താത്കാലികമായി നിർവഹിക്കുക.