കോട്ടയം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാദ്ധ്യക്ഷ്യൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായ്ക്ക് റഷ്യൻ ഓർത്തഡോക്സ് സഭയുടെ പരമോന്നത ബഹുമതിയായ ഓർഡർ ഓഫ് ഗ്ലോറി ആൻഡ് ഓണർ ബഹുമതി സമ്മാനിച്ചു. 2021 ഒക്ടോബർ 15 ന് മലങ്കര സഭയുടെ പരമാദ്ധ്യക്ഷനായി ചുമതലയേറ്റ പരിശുദ്ധ കാതോലിക്കാ ബാവാ മതാന്തര സൗഹൃദം വളര്‍ത്തുവാനും സഭകള്‍ തമ്മിലുള്ള ഐക്യം ഊട്ടിയുറപ്പിക്കുവാനും നല്‍കിയ നേതൃത്വം പരിഗണിച്ചാണ് ബഹുമതി. റഷ്യൻ ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യഷൻ പരിശുദ്ധ കിറിൽ പാത്രയർക്കീസിന്റെ പ്രതിനിധിയും എക്സ്റ്റേണൽ എക്യുമിനിക്കൽ റിലേഷൻഷിപ്പ് ചെയർമാനും ആയ ബിഷപ് ആന്റണി ബഹുമതി പരിശുദ്ധ കാതോലിക്കാ ബാവായ്ക്ക് സമ്മാനിച്ചു.
പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസ് സെക്രട്ടറിയും നിരണം ഭദ്രാസനാധിപനും ആയ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം ഡോ. തിയോഡോഷ്യസ് മാർത്തോമാ മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്‌തു. റഷ്യൻ പാത്രയർക്കീസ് പരിശുദ്ധ അലക്സി ദ്വിതീയൻ, റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ, ക്യൂബൻ പ്രസിഡൻ്റ് ഫിഡൽ കാസ്ട്രോ, അർമേനിയൻ കാതോലിക്കോസ് ഗരേ ഹിൻ ദ്വിതീയൻ, കോപ്റ്റിക് പാത്രയർക്കീസ് തേവോദോറോസ് ദ്വിതീയൻ തുടങ്ങിയവർക്കാണ് മുൻപ് അവാർഡ് ലഭിച്ചിട്ടുള്ളത്.