സ്വകാര്യ വാഹനങ്ങൾ മറ്റുള്ള വ്യക്തികളുടെ ഉപയോഗത്തിലേക്കായി പണമോ പ്രതിഫലമോ വാങ്ങി വാടകയ്ക്ക് നൽകുന്നത് മോട്ടോർ വാഹന നിയമപ്രകാരം ശിക്ഷാർഹമാണെന്ന് മോട്ടോര്‍ വാഹന വകുപ്പ്. കേരളത്തിൽ വ്യാപകമായ അനധികൃത റെന്റ് എ കാർ ഇടപാടുകൾക്ക് തടയിടാൻ കർശന നടപടികളിലേക്ക് മോട്ടോർ വാഹന വകുപ്പ് നീങ്ങുകയാണ്. ഇത്തരം കേസുകളിൽ അനധികൃതമായി വാടകയ്‌ക്ക് നൽകുന്ന വാഹനങ്ങളുടെ രജിസ്‌ട്രേഷൻ റദ്ദ് ചെയ്യുന്നതുൾപ്പെടെയുളള നടപടികൾ സ്വീകരിക്കുമെന്ന് ട്രാൻസ്‌പോർട്ട് കമ്മീഷണർ അറിയിച്ചു.
സ്വകാര്യ വാഹനങ്ങൾ സ്ഥിരമായി മറ്റ് വ്യക്തികളുടെ ഉപയോഗത്തിനായി വിട്ടു നൽകുന്നതും സ്ഥിരമായി പല വ്യക്തികളെ വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ, വിനോദസഞ്ചാര കേന്ദ്രങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ കൊണ്ടുപോകുകയോ കൊണ്ടുവരികയോ ചെയ്യുന്നതും കുറ്റകരമാണെന്ന് മോട്ടോർ വാഹന വകുപ്പ് പറയുന്നു. പത്രമാദ്ധ്യമങ്ങൾ വഴിയോ സോഷ്യൽ മീഡിയ വഴിയോ പരസ്യം നൽകി സ്വകാര്യ വാഹനങ്ങൾ മറ്റുളളവരുടെ ഉപയോഗത്തിനായി വാടകയ്‌ക്ക് നൽകുന്നതും നിയമപ്രകാരം ശിക്ഷാർഹമാണെന്ന് ട്രാൻസ്‌പോർട്ട് കമ്മീഷണർ വ്യക്തമാക്കുന്നു.
എന്നാൽ വാഹന ഉടമയുടെ കുടുംബാംഗങ്ങൾ വാഹനം സ്ഥിരമായി ഉപയോഗിക്കുന്നത് നിയമവിരുദ്ധമല്ല. അതുപോലെതന്നെ ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ അത്യാവശ്യഘട്ടങ്ങളിൽ പ്രതിഫലം കൂടാതെ വാഹനം ഉപയോഗിക്കാൻ നൽകുന്നതിലും തെറ്റില്ല. സ്വകാര്യ വാഹനങ്ങൾ അനധികൃതമായി വാടകയ്‌ക്ക് കൊടുക്കുന്നത് സംബന്ധിച്ച പരാതികൾ വ്യാപകമാണെന്ന് പറഞ്ഞ ട്രാൻസ്‌പോർട്ട് കമ്മീഷണർ പരാതികൾ ലഭിക്കുന്ന വാഹനങ്ങളെക്കുറിച്ച് അന്വേഷിച്ച് ദുരുപയോഗം തെളിഞ്ഞാൽ കർശന നടപടികൾ ഉടമയ്‌ക്കെതിരെ സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി.
8 സീറ്റിൽ കൂടുതൽ ഘടിപ്പിച്ച വാഹനങ്ങൾ വാഹന ഉടമയുടെയും കുടുംബാംഗങ്ങളുടെയും മാത്രം ഉപയോഗത്തിന് വേണ്ടിയുളളതാണ് എന്ന് സത്യവാങ്മൂലം ഉടമ നൽകുന്നതിന്റെ അടിസ്ഥാനത്തിലാണ് സ്വകാര്യ വാഹനമായി രജിസ്റ്റർ ചെയ്ത് നൽകിയിട്ടുളളതെന്ന് ട്രാൻസ്‌പോർട്ട് കമ്മീഷണർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഇത്തരം വാഹനങ്ങൾ എന്ത് ആവശ്യത്തിന്റെ പേരിലായാലും മറ്റുളളവരുടെ ഉപയോഗത്തിന് വിട്ടു നൽകുന്നത് നിയമവിരുദ്ധമാണ്.
മോട്ടോർ വാഹന നിയമത്തിൽ അനുവദിക്കുന്ന റെന്റ് എ ക്യാബ് എന്ന സംവിധാനത്തിൽ വാഹനം വാടകയ്‌ക്ക് നൽകണമെങ്കിൽ അൻപതിൽ കുറയാത്ത ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റുളള വാഹനങ്ങളും അനുബന്ധ സൗകര്യങ്ങളും ആവശ്യമാണെന്ന് വകുപ്പ് ചൂണ്ടിക്കാട്ടി. മോട്ടോർ സൈക്കിളുകളും ബൈക്കുകളും റെന്റിന് നൽകാനും റെന്റ് എ മോട്ടോർസൈക്കിൾ എന്ന സ്‌കീം പ്രകാരമുളള ലൈസൻസും നിയമപ്രകാരം ആവശ്യമാണ്. 5 മോട്ടോർസൈക്കിളുകൾ ട്രാൻസ്‌പോർട്ട് വാഹനമായി രജിസ്റ്റർ ചെയ്താൽ മാത്രമേ ലൈസൻസ് ലഭിക്കുകയുളളൂ. ഇത്തരം വാഹനങ്ങളിൽ കറുത്ത പ്രതലത്തിൽ മഞ്ഞനിറത്തിലുള്ള അക്ഷരങ്ങളിലാണ് രജിസ്ട്രേഷൻ നമ്പർ പ്രദർശിപ്പിക്കുന്നത്. റെന്റ് എ ക്യാബ് സ്കീമിൽ ഉൾപ്പെട്ട ഇലക്ട്രിക് വാഹനങ്ങളുടെ രജിസ്ട്രേഷൻ നമ്പർ പച്ച പ്രതലത്തിൽ കറുത്ത അക്ഷരത്തിൽ ആണ് പ്രദർശിപ്പിക്കുന്നത്.