ആഗോളാടിസ്ഥാനത്തിൽ വിദേശനാണ്യ കരുതൽ ശേഖരത്തിൽ ഇന്ത്യ റഷ്യയെ മറികടന്നു. ഇനി മുന്നിൽ മൂന്ന് രാജ്യങ്ങൾ മാത്രം. ചൈനയും ജപ്പാനും സ്വിറ്റ്സർലൻഡും മാത്രമാണ് ഇന്ത്യയ്‌ക്ക് മുന്നിലുള്ളത്. ലോകത്തിൽ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥ എന്ന നേട്ടത്തിനൊപ്പമാണ് രാജ്യം വിദേശനാണ്യ കരുതൽ ശേഖരത്തിലും റെക്കോർഡ് സൃഷ്ടിച്ചിരിക്കുന്നത്. നിലവിൽ ലോകത്തിലെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയാണ് ഇന്ത്യ. ഒക്ടോബർ 25-ന് അവസാനിച്ച ആഴ്ചയിൽ ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 68,480 കോടി ഡോളറായി. ചൈനയക്ക് 3.31 ലക്ഷം കോടി ഡോളറും, ജപ്പാന് 1.25 ലക്ഷം കോടി ഡോളറും സ്വിറ്റ്സർലൻഡിന് 80,243 കോടി ഡോളറാണുമുള്ളത്.
പ്രതിസന്ധികളെ നേരിടാനുള്ള സമ്പദ്‌വ്യവസ്ഥയുടെ മൊത്തത്തിലുള്ള ശക്തിയെ പ്രതിനിധീകരിക്കുന്ന പ്രധാന ഘടകമാണ് വിദേശ വിനിമയ കരുതൽ ശേഖരം. റിസർവ് ബാങ്കാണ് ഇത് കൈകാര്യം ചെയ്യുന്നത്. യുഎസ് ഡോളർ, യൂറോ, ജാപ്പനീസ് യെൻ, പൗണ്ട് സ്റ്റെർലിംഗ് എന്നിങ്ങനെയുള്ള കറൻസികളിലും സ്വർണത്തിലുമാണ് കരുതൽ ശേഖരം സാധാരണയായി സൂക്ഷിക്കുന്നത്. റിസർവ് ബാങ്ക് റിപ്പോർട്ട് അനുസരിച്ച്, ഏകദേശം ഒരു വർഷത്തേക്കുള്ള രാജ്യത്തിന്റെ ഇറക്കുമതികൾ നിർവഹിക്കാൻ ഈ വിദേശനാണ്യ ശേഖരം മതിയാകും.
ഒക്ടോബറിലെ ജിഎസ്ടി വരുമാനത്തിൽ 8.9 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയതായി ധനമന്ത്രാലയം അറിയിച്ചു. 2023 ഒക്ടോബറിൽ ലഭിച്ച വരുമാനം 1.72 ലക്ഷം കോടിയായിരുന്നു. എന്നാൽ 2024 ഒക്ടോബറിൽ 1.87 ലക്ഷം കോടിയാണ് ജിഎസ്ടി വരുമാനം. സാമ്പത്തിക ഇടപാടുകൾ മെച്ചപ്പെട്ടതിന്റെയും നികുതി പിരിവ് കൂടുതൽ കാര്യക്ഷമമായതിന്റെയും സൂചനയാണിത്. കഴിഞ്ഞ സാമ്പത്തിക വർഷം ഒക്ടോബർ വരെയുള്ള കാലയളവിൽ 11.64 ലക്ഷം കോടിയായിരുന്നു ആകെ ലഭിച്ച ജിഎസ്ടി വരുമാനം. എന്നാൽ നടപ്പ് വർഷം ഒക്ടോബർ അവസാനം വരെയുള്ള കണക്കുപ്രകാരം 12.74 ലക്ഷം കോടി ജിഎസ്ടി ഇതിനോടകം ലഭിച്ചുകഴിഞ്ഞു. അതായത്, കഴിഞ്ഞ തവണത്തേക്കാൾ 9.4 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.