റിയാദ്: ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയെ വാതോരാതെ പ്രശംസിച്ച് കേന്ദ്ര വാണിജ്യ – വ്യവസായ മന്ത്രി പീയുഷ് ഗോയൽ. എം.എ യൂസഫലിയ ഇന്ത്യയുടെ റോവിംഗ് അംബാസിഡറെന്ന് വിശേഷിപ്പിച്ച പീയുഷ് ഗോയൽ ഇന്ത്യ-സൗദി വാണിജ്യ ബന്ധം സുദൃഢമാക്കുന്നതിൽ ലുലു നിർണായക പങ്ക് വഹിക്കുന്നുവെന്നും, യൂസഫലിയുടെ വ്യവസായിക പങ്കാളിത്തം ഇരുരാജ്യങ്ങളുടെയും സൗഹൃദം കൂടുതൽ കരുത്താർജിക്കുന്നതിന് ഊർജ്ജമായെന്നും പറഞ്ഞു. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി സൗദിയിലെ ലുലു ഹൈപ്പർമാർക്കറ്റുകളിലെ വൈവിധ്യമാർന്ന ഇന്ത്യൻ ഉത്പന്നങ്ങളുടെ പ്രദർശനത്തിന് തുടക്കം കുറിച്ച് സംസാരിക്കവേയാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം.
മിഡിൽ ഈസ്റ്റിലെ ലിസ്റ്റഡ് കമ്പനിയായി മാറിയ ലുലു ഇന്ന് ഗൾഫ് മേഖലയിലെ ഇന്ത്യയുടെ അഭിമാനമാണെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യൻ ഉത്പന്നങ്ങളുടെ ഗുണമേന്മ ലോകമെമ്പാടും പരിചയപ്പെടുത്തുന്നതിൽ നിർണായക പങ്കാണ് ലുലുവിനുള്ളത്. ഇന്ത്യയും ജിസിസി രാഷ്‌ട്രങ്ങളും തമ്മിലുള്ള മികച്ച വാണിജ്യബന്ധത്തിന് ലുലു മികച്ചസേവനമാണ് നൽകുന്നത്. ഇന്ത്യ-സൗദി വാണിജ്യബന്ധത്തിന് കൂടുതൽ കരുത്തേകാൻ ലുലുവിലെ ഇന്ത്യൻ ഉത്പന്നങ്ങളുടെ പ്രദർശനത്തിന് കഴിയുമെന്നും കേന്ദ്രവാണിജ്യ മന്ത്രി പീയുഷ് ഗോയൽ കൂട്ടിചേർത്തു. ഇന്ത്യൻ ഉത്പന്നങ്ങളുടെ സുഗമമായ ലഭ്യത പ്രവാസ സമൂഹത്തിന് ഉറപ്പാക്കുന്നതിനൊപ്പം രാജ്യത്തെ ഉത്പന്നങ്ങൾക്ക് അർഹമായ പ്രോത്സാഹനം കൂടിയാണ് ലുലു നൽകുന്നത്.