Friday, July 18, 2025
Mantis Partners Sydney
Home » 6.8 ശതമാനം വരെ ഇന്ത്യ വളരും; ധനമന്ത്രി നിർമല സീതാരാമൻ സാമ്പത്തിക സർവേ റിപ്പോർട്ട് അവതരിപ്പിച്ചു.
ജപ്പാനെ പിന്തള്ളി ഇന്ത്യ ലോകത്തെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥ.

6.8 ശതമാനം വരെ ഇന്ത്യ വളരും; ധനമന്ത്രി നിർമല സീതാരാമൻ സാമ്പത്തിക സർവേ റിപ്പോർട്ട് അവതരിപ്പിച്ചു.

by Editor

ദില്ലി: ബജറ്റിന് ഒരു ദിവസം മുമ്പ് ഇന്ന് ധനമന്ത്രി നിർമല സീതാരാമൻ സാമ്പത്തിക സർവേ പാർലമെൻ്റിൽ അവതരിപ്പിച്ചു. 2025-26 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപാദനം (ജിഡിപി) 6.3 ശതമാനം മുതൽ 6.8 ശതമാനം വരെ വളരുമെന്നാണ് സാമ്പത്തിക സർവേ റിപ്പോർട്ട്. ഇന്ത്യയുടെ ആഭ്യന്തര സാമ്പത്തിക അടിത്തറ ശക്തമാണെന്നും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ സമഗ്രമായ അവലോകനവും കേന്ദ്രസർക്കാരിന്റെ ഇനിയുള്ള നയങ്ങളിലേക്കുള്ള ദിശാസൂചികയുമാണു സാമ്പത്തിക സർവേ. ഇന്ത്യയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിൻ്റെ (സിഇഎ) മാർഗനിർദേശപ്രകാരം ധനമന്ത്രാലയത്തിലെ സാമ്പത്തിക കാര്യ വകുപ്പിലെ സാമ്പത്തിക വിഭാഗമാണ് ഇത് തയ്യാറാക്കുന്നത്.

രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ നയപ്രഖ്യാപനത്തിന് പിന്നാലെയാണു ധനമന്ത്രി നിർമല സീതാരാമൻ സാമ്പത്തിക സർവേ റിപ്പോർട്ട് പാർലമെന്റിന്റെ മേശപ്പുറത്തു വച്ചത്. കാർഷിക മേഖല ഉൾപ്പടെ എല്ലാ മേഖലകളും മികച്ച പ്രകടനമാണ് നടത്തുന്നതെന്ന് സാമ്പത്തിക സർവേ റിപ്പോർട്ടിൽ പറയുന്നു. വ്യാവസായിക മേഖലയും പുരോഗതിയിലാണ്. കോവിഡിന് മുൻപുള്ള വർഷങ്ങളേക്കാൾ മികച്ച സ്ഥിതിയിലാണ് രാജ്യത്തെ വ്യാവസായിക മേഖല എന്നും റിപ്പോർട്ട് പറയുന്നു. ശരാശരി 7 ശതമാനം വളരുകയെന്ന ലക്ഷ്യം നടപ്പുവർഷവും അടുത്തവർഷവും കൈവരിക്കാനാകില്ലെന്നു സർവേ വ്യക്തമാക്കുന്നു. നടപ്പുവർഷത്തിന് സമാനമായ പ്രതിസന്ധികൾ അടുത്തവർഷവും പ്രതീക്ഷിക്കാമെന്ന സൂചനയുമാണ് ഇതു നൽകുന്നത്. സ്വകാര്യ ഉപഭോഗം വർധിച്ചതു ശുഭകരമാണ്. രാജ്യാന്തരതലത്തിൽ നിന്നുള്ള പണപ്പെരുപ്പം ഉൾപ്പെടെയുള്ള വെല്ലുവിളികളാണു പ്രതിസന്ധിയാവുക. സമ്പദ് വ്യവസ്ഥയുടെ നെടുംതൂണുകളിലൊന്നായ നിർമാണ മേഖലയുടെ മോശം പ്രകടനമാണ് ജിഡിപി വളർച്ചയെ പ്രധാനമായും മന്ദഗതിയിലാക്കുന്നത്.

2047-ഓടെ വികസിത രാജ്യമാകണമെങ്കിൽ രാജ്യം ശരാശരി 8 ശതമാനം പ്രതിവർഷ ജിഡിപി വളർച്ച നേടണം. ഇന്ത്യ അടുത്ത ഏതാനും വർഷം ശരാശരി 6.5 ശതമാനം വളർച്ചയാണ് കുറിക്കുകയെന്നാണ് രാജ്യാന്തര നാണ്യനിധിയുടെ (ഐഎംഎഫ്) അനുമാനം. ലോകബാങ്ക്, ഗോൾഡ്മാൻ സാക്സ് തുടങ്ങിയവ വിലയിരുത്തുന്നത് 6 മുതൽ 6.7 ശതമാനം വരെ വളർച്ചയും. 2047-ഓടെ വികസിത ഭാരതം ആക്കുകയെന്ന ലക്ഷ്യത്തിന് കരുത്തേകുന്ന പ്രഖ്യാപനങ്ങൾ‌ ബജറ്റിലുണ്ടാകുമെന്നു പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. നാളെയാണു മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ 2025-26 വർഷത്തേക്കുള്ള ബജറ്റ് നിർമല സീതാരാമൻ അവതരിപ്പിക്കുക.

Send your news and Advertisements

You may also like

error: Content is protected !!