ന്യൂഡല്‍ഹി: മൂന്നാമത് നരേന്ദ്രമോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് അവതരിപ്പിച്ചു. പാർലമെന്റിൽ പ്രതിപക്ഷ ബഹളത്തോടെയാണ് ബജറ്റ് അവതരണം ആരംഭിച്ചത്. മോദി സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ചൂണ്ടിക്കാട്ടിക്കൊണ്ടാണ് നിര്‍മല സീതാരാമന്‍ ബജറ്റ് അവതണം ആരംഭിച്ചത്. ലോകത്ത് അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയുടേതെന്ന് ധനമന്ത്രി പറഞ്ഞു. നികുതിയും സാമ്പത്തിക മേഖലയും ഉൾപ്പെടെ 6 മേഖലകളിൽ വലിയ പരിഷ്കാരങ്ങൾക്കാണു ബജറ്റിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്നു മന്ത്രി പറഞ്ഞു. നികുതി, ഊർജം, നഗര വികസനം, ഖനനം, സാമ്പത്തിക രംഗം, റഗുലേറ്ററി പരിഷ്കാരങ്ങൾ എന്നിവയാണിത്. കൃഷിക്കാണു മുൻഗണന. ഇത്തരത്തിലുള്ള ശ്രദ്ധ നമ്മുടെ വളർച്ചാ സാധ്യതയും ആഗോളതലത്തിൽ മത്സരശേഷിയും വർധിപ്പിക്കുമെന്നു നിര്‍മല സീതാരാമന്‍ പറഞ്ഞു.
ആദായനികുതി പരിധി 12 ലക്ഷമാക്കി ഉയര്‍ത്തിയതാണ് കേന്ദ്ര ബജറ്റിലെ വമ്പന്‍ പ്രഖ്യാപനം. ആദായ നികുതി സ്ലാബ് നിലവില്‍ വന്നതിനുശേഷമുള്ള ഏറ്റവും വലിയ ഇളവാണ് ധനമന്ത്രി ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ധനമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനം ഇടത്തരം-മധ്യവര്‍ഗ കുടുംബങ്ങളിലെ നികുതിദായകര്‍ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്. നിലവിൽ ഏഴ് ലക്ഷമാണ് ആദായ നികുതി പരിധി. പ്രതിമാസം 1 ലക്ഷം വരെ ശമ്പളം ലഭിക്കുന്നവർക്ക് നികുതി അടക്കേണ്ടതില്ലയെന്നത് മദ്ധ്യവർഗ കുടുംബങ്ങൾക്ക് ഏറെ ആശ്വാസം പകരും. 12 ലക്ഷം ശമ്പളമുള്ളവർക്ക് എൺപതിനായിരം രൂപ വരെ ലാഭിക്കാം. 25 ലക്ഷം ശമ്പളമുള്ളവർക്ക് 1.1 ലക്ഷം രൂപയുടെ നേട്ടമാണ് പ്രഖ്യാപത്തിലൂടെ ഉണ്ടാവുക.
വയോജനങ്ങൾക്ക് നികുതി ഇളവ് സംബന്ധിച്ച് വൻ പ്രഖ്യാപനവും ബജറ്റിലുണ്ടായി. പ്രായമായവർക്ക് നാല് വർഷത്തേക്ക് പുതുക്കിയ റിട്ടേണുകൾ ഫയൽ ചെയ്യാൻ കഴിയും. ടിഡിഎസ് പലിശ പരിധി മുതിർന്ന പൗരൻമാർക്ക് 50,000 രൂപയിൽ നിന്ന് 1 ലക്ഷം രൂപയായി. പുതിയ ആദായനികുതി ബിൽ അടുത്തയാഴ്ച പാർലമെന്റിൽ അവതരിപ്പിക്കുമെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി പറഞ്ഞു. ഇന്ത്യ പോസ്റ്റിനെ രാജ്യത്തെ വലിയ ലൊജിസ്റ്റിക്സ് കമ്പനിയാക്കി മാറ്റും. രാജ്യവ്യാപകമായി ഒന്നര ലക്ഷം പോസ്റ്റ് ഓഫിസുകൾ വഴിയാകും പദ്ധതി നടപ്പാക്കുക. ഇതു പ്രാദേശിക സമ്പദ്‌വ്യവസ്ഥയിൽ പുരോഗതിയുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനങ്ങളുമായി ചേർന്ന് പ്രധാനമന്ത്രി ധൻധാന്യ കൃഷിയോജന പദ്ധതിയും ബജറ്റിൽ പ്രഖ്യാപിച്ചു. വിളവൈവിധ്യവും കാർഷിക ഉൽപാദനവും കൂട്ടുക, മികച്ച സംഭരണ സംവിധാനം ഉറപ്പാക്കുക, ജലസേചനസംവിധാനം മെച്ചെപ്പെടുത്തുക, ധനലഭ്യത ഉറപ്പാക്കുക എന്നിവയാണ് ലക്ഷ്യങ്ങൾ. 1.7 കോടി കർഷകർക്ക് പദ്ധതി സഹായകരാകുമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. പച്ചക്കറി–പഴ ഉൽപാദനത്തിനും സംഭരണത്തിനും വിതരണത്തിനും പ്രത്യേക പദ്ധതി ഒരുക്കും. ധാന്യവിളകളുടെ ഉത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി ആറുവർഷത്തെ മിഷൻ പ്രഖ്യാപിച്ചു. തുവര, ഉറാദ്, മസൂർ എന്നീ ധാന്യങ്ങൾക്കായി പ്രത്യേക പദ്ധതി കൊണ്ടുവരുന്നതിനൊപ്പം കർഷകരിൽനിന്ന് ധാന്യം ശേഖരിക്കുകയും വിപണനം ഉറപ്പാക്കുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു. പിഎം കിസാൻ ആനുകൂല്യം വർധിപ്പിക്കും. കിസാൻ ക്രഡിറ്റ് കാർഡ് വഴിയുളള ലോൺ പരിധി ഉയർത്തി. മൂന്ന് ലക്ഷത്തിൽ നിന്ന് 5 ലക്ഷമാക്കിയാണ് ഉയർത്തിയത്. പരുത്തി കൃഷിക്ക് വേണ്ടി വിവിധ പദ്ധതികൾ തുടങ്ങും. പരുത്തി കൃഷിയുടെ ഉത്പാദനക്ഷമതയിലും സുസ്ഥിരതയിലും ഗണ്യമായ പുരോഗതി കൊണ്ടുവരും. പരുത്തി കർഷകർക്ക് എല്ലാ പിന്തുണയും നൽകും. ടെക്സ്റ്റൈൽ സെക്ടറുമായി സഹകരിച്ച് പദ്ധതികൾ നടപ്പിലാക്കും. പരുത്തി കൃഷിക്കായി ദേശീയ പദ്ധതികളും പഞ്ചവത്സര പദ്ധതികളും കൊണ്ടുവരുമെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി. 100 ജില്ലകള്‍ കേന്ദ്രീകരിച്ച് കാര്‍ഷിക വികസനം നടപ്പിലാക്കുമെന്നും കേന്ദ്രമന്ത്രി പ്രഖ്യാപിച്ചു. ഇതിലൂടെ അന്യസംസ്ഥാനങ്ങളിലേക്കുള്ള കുടിയേറ്റം കുറച്ച് ഗ്രാമീണ മേഖലയിൽ തന്നെ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാകുമെന്നും നിർമ്മലാ സീതാരാമൻ പറഞ്ഞു.
ജീവൻരക്ഷാ മരുന്നുകൾക്ക് നികുതി ഇളവ് പ്രഖ്യാപിച്ചതിനൊപ്പം കാൻസർ മേഖലയ്ക്കും പദ്ധതികൾ പ്രഖ്യാപിച്ചു. 36 ജീവൻ രക്ഷാമരുന്നുകൾക്ക് പൂർണമായും നികുതി ഇളവ് നൽകി. ആറ് ജീവൻ രക്ഷാമരുന്നുകൾക്ക് നികുതി അഞ്ചു ശതമാനമാക്കി കുറച്ചു. ഇതിനു പുറമെ 37 മരുന്നുകൾക്കും 13 പുതിയ രോഗീസഹായ പദ്ധതികൾക്കും പൂർണമായും നികുതി ഒഴിവാക്കി. വരുന്ന മൂന്നുവർഷത്തിനുള്ളിൽ രാജ്യത്തെ എല്ലാ ജില്ലകളിലും ഡേ കെയർ കാൻസർ സെന്ററുകൾ സ്ഥാപിക്കുമെന്നും പ്രഖ്യാപിച്ചു. 2025-26 വർഷത്തിൽത്തന്നെ ഇതിൽ 200 സെന്ററുകൾ ക്രമീകരിക്കും. രാജ്യത്തുടനീളമുള്ള കാൻസർ രോഗികൾക്ക് ചികിത്സ പ്രാപ്യമാക്കാനും പിന്തുണയേകാനും ആരോഗ്യസേവനങ്ങളിലെ വിടവ് നികത്താനും ലക്ഷ്യമിട്ടാണ് ഈ പദ്ധതി അവതരിപ്പിച്ചത്.
ആണവോര്‍ജ മേഖലയില്‍ സ്വകാര്യപങ്കാളിത്തത്തിന് നിര്‍ദേശം മുന്നോട്ടുവെച്ചു ധനമന്ത്രി. വികസിത ഭാരതത്തിനുവേണ്ടിയാണ് ആണവോര്‍ജ പദ്ധതി. 2047-ഓടെ ചുരുങ്ങിയത് നൂറ് ജി.ഡബ്ല്യൂ. ആണവോര്‍ജമെങ്കിലും ഉത്പാദിപ്പിക്കേണ്ടത് രാജ്യത്തിന്റെ ഊര്‍ജപരിവര്‍ത്തനത്തിന് അനിവാര്യമാണ്. ഈ ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായി സ്വകാര്യ മേഖലയുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെടാന്‍ അറ്റോമിക് എനര്‍ജി നിയമത്തിലും സിവില്‍ ലയബിലിറ്റി ഫോര്‍ ദ ന്യൂക്ലിയര്‍ ഡാമേജ് നിയമത്തിലും ഭേദഗതികള്‍ കൊണ്ടുവരുമെന്ന് മന്ത്രി പറഞ്ഞു.
നിർമിത ബുദ്ധിയുമായി (എഐ) ബന്ധപ്പെട്ട വിദ്യാഭ്യാസത്തിനും ഗവേഷണത്തിനും 500 കോടി രൂപ വകയിരുത്തി. 100 കോടി ചെലവിൽ എഐയ്ക്കായി 5 മികവിന്റെ കേന്ദ്രങ്ങളും (സെന്റർ ഓഫ് എക്സ്‌ലൻസ്) സ്ഥാപിക്കുമെന്നു ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. എഐ മേഖലയിൽ ആഗോള പങ്കാളിത്തവും ഉറപ്പാക്കും.
സ്വകാര്യമേഖലയുടെ പങ്കാളിത്തത്തോടെ 50 ടൂറിസം കേന്ദ്രങ്ങൾ കൊണ്ടുവരുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. വിനോദസഞ്ചാര മേഖലയിൽ കൂടുതൽ യുവാക്കളെ നിയമിക്കും. ഹോം സ്റ്റേകൾക്ക് നൽകുന്ന മുദ്ര ലോണിന് പുറമേ ഹോട്ടൽ സ്കീമുകളുടെ കീഴിലുള്ള ആനുകൂല്യങ്ങളും ഹോം സ്റ്റേകൾക്ക് നൽകും. വിദേശ ടൂറിസ്റ്റ് ഗ്രൂപ്പുകൾക്ക് വിസ ഇളവുകളുണ്ടാകും. സ്വകാര്യ മേഖലയുമായി സഹകരിച്ച് വിനോദസഞ്ചാര മേഖലയെ കൂടുതൽ ഉയർത്തും. ഹോട്ടലുകളുടെ അടിസ്ഥാനസൗകര്യ വികസനത്തിനായി കൂടുതൽ പദ്ധതികൾ നടപ്പിലാക്കും. പ്രീമിയം ഹോട്ടലുകൾക്ക് ജിഎസ്ടി 18 ശതമാനത്തിൽ നിന്ന് 12 ശതമാനമായി കുറയ്‌ക്കും. മൊബൈൽ ഫോണുകൾക്കും ഇലക്ട്രിക് വാഹനങ്ങൾക്കും വില കുറയും. ഇലക്ട്രിക് വാഹനങ്ങളുടെ നിർമാണത്തിന് പ്രോത്സാഹനം. ലിഥിയം, അയോൺ ബാറ്ററികളുടെ കസ്റ്റംസ് തീരുവ ഒഴിവാക്കും.
120 പ്രാദേശിക വിമാനത്താവളങ്ങളെയും ഹെലിപാഡുകളെയും ബന്ധിപ്പിച്ചുകൊണ്ട് സർക്കാർ പരിഷ്കരിച്ച ഉഡാൻ (ഉഡേ ദേശ് കാ ആം നാഗരിക്) പദ്ധതി ആരംഭിക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. പരിഷ്കരിച്ച പദ്ധതി അടുത്ത പത്ത് വർഷത്തിനുള്ളിൽ നാല് കോടി അധിക യാത്രക്കാരെ സഹായിക്കുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. പ്രാദേശിക മേഖലകളിലേക്കുള്ള കണക്ടിവിറ്റി മെച്ചപ്പെടുത്തിക്കൊണ്ടുള്ള പദ്ധതി ഹെലിപാഡുകളെയും മലയോരമേഖലകളിലെയും വടക്കുകിഴക്കൻ മേഖലകളിലെയും ചെറിയ വിമാനത്താവളങ്ങളെയും ബന്ധിപ്പിക്കും. 2016-ൽ ആരംഭിച്ച ഉഡാൻ പദ്ധതി 1.4 കോടിയിലധികം യാത്രക്കാർക്ക് പ്രയോജനം ചെയ്തു. പദ്ധതി പ്രകാരം, രണ്ട് വാട്ടർ എയറോഡ്രോമുകളും 13 ഹെലിപോർട്ടുകളും ഉൾപ്പെടെ 88 വിമാനത്താവളങ്ങളെ ബന്ധിപ്പിക്കുന്ന 619 റൂട്ടുകൾ ഇതുവരെ പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്.
സമുദ്ര മേഖലയുടെ സാധ്യതകൾ വർദ്ധിപ്പിക്കുന്നതിനായി വിവിധ വികസന പദ്ധതികൾ കൊണ്ടുവരുമെന്ന് ധനമന്ത്രി പറഞ്ഞു. മത്സ്യ ഉത്പാദനത്തിലും അക്വാകൾച്ചറിലും ഇന്ത്യ രണ്ടാം സ്ഥാനത്താണുള്ളത്. സമുദ്രോത്പന്ന കയറ്റുമതിയിലൂടെ 60,000 കോടി രൂപയാണ് രാജ്യം നേടിയത്. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയിൽ സമുദ്രമേഖലയും സുപ്രധാന പങ്കുവഹിക്കുന്നുണ്ട്. ആൻഡമാൻ നിക്കോബാർ, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ സമുദ്രോത്പാദനത്തിന് പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കും.