ബംഗളൂരു: ബൈക്കുകൾ മോഷ്ടിച്ച് വർഷങ്ങളോളം പൊലീസിനെ വെട്ടിച്ച് കടന്നുപോയ പ്രതി ഒടുവിൽ പിടിയിൽ. ആന്ധ്രാപ്രദേശിലെ ചിറ്റൂർ സ്വദേശി പ്രസാദ് ബാബുവാണ് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 100-ലധികം ഇരുചക്രവാഹനങ്ങൾ മോഷ്ടിച്ചതിന് പൊലീസ് പിടികൂടിയത്.
പോലീസിനെ പോലും അമ്പരപ്പിച്ച രീതിയിലായിരുന്നു ഇയാളുടെ മോഷണ തന്ത്രം. ഒരു സ്ക്രൂഡ്രൈവർ, ചെറിയ കല്ല്, ബ്ലേഡ് എന്നിവ മാത്രം ഉപയോഗിച്ച് സെക്കൻഡുകൾക്കകം ഹാൻഡിൽ ലോക്ക് പൊളിച്ചശേഷം വയറുകൾ കൂട്ടിയിണക്കിയാണ് ഇയാൾ ബൈക്കുകൾ സ്റ്റാർട്ട് ചെയ്യുന്നത്. ചിറ്റൂരിലേക്കോ തമിഴ്നാട്ടിലേക്കോ കൊണ്ടുപോയി വാഹനങ്ങൾ വളരെ കുറവു വിലയ്ക്ക് വിൽക്കുകയായിരുന്നു.
ബംഗളൂരു പോലീസിന്റെ അന്വേഷണത്തിൽ 112 ഇരുചക്രവാഹനങ്ങൾ കണ്ടെടുത്തു, അതിൽ നിന്ന് 12 എണ്ണം തമിഴ്നാട് പൊലീസിന് കൈമാറി. മോഷണം സംബന്ധിച്ച കൂടുതൽ അന്വേഷണങ്ങൾ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.