അബുദാബി: പശ്ചിമേഷ്യൻ യുദ്ധഭീതിയെ തുടർന്ന് പൗരന്മാർക്ക് മൂന്ന് രാജ്യങ്ങളിലേക്ക് യാത്ര വിലക്ക് ഏർപ്പെടുത്തി യുഎഇ. ഇറാൻ, ലബനൻ, ഇറാഖ് എന്നീ രാജ്യങ്ങളിലേക്കുള്ള യാത്ര പാടില്ലെന്ന് യുഎഇ പൗരന്മാർക്ക് നിർദ്ദേശം നൽകി. നിലവിൽ ഈ രാജ്യങ്ങളിലുള്ള എല്ലാ യുഎഇ പൗരന്മാരും ഉടൻ തന്നെ യുഎഇയിലേക്ക് മടങ്ങണമെന്നും വിദേശകാര്യ മന്ത്രാലയം അഭ്യർത്ഥിച്ചു.
ഇറാൻ, ലെബനൻ, ഇറാഖ് എന്നിവിടങ്ങളിലെ യുഎഇ പൗരന്മാർ +971 800 44444 എന്ന നമ്പറിൽ മന്ത്രാലയവുമായി ബന്ധപ്പെടണമെന്നും വിദേശകാര്യ മന്ത്രാലയം അഭ്യർത്ഥിച്ചു. പൗരന്മാരെ സംരക്ഷിക്കുന്നതിനായി നടപ്പിലാക്കുന്ന മുൻകരുതൽ നടപടികളുടെ ഭാഗമായാണ് ഈ നടപടികൾ സ്വീകരിച്ചിരിക്കുന്നതെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
അതേസമയം ഹോർമൂസ് കടലിടുക്കിലടക്കം അമേരിക്ക തുടരുന്ന ഉപരോധം അവസാനിപ്പിക്കണമെന്ന അന്ത്യശാസനവുമായി ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയാൻ. ഇതുവരെ ഇറാന്റെ ക്ഷമ എന്താണെന്ന് ലോകം കണ്ടു. എന്നാൽ ഇനിയും ഞങ്ങൾക്ക് ക്ഷമിക്കാനാകില്ല. ഈ നാവിക ഉപരോധവും യുദ്ധം തന്നെയെന്നും ഇനിയും തുടർന്നാൽ കടുത്ത തീരുമാനമെടുക്കുമെന്നും ഇറാൻ പ്രസിഡന്‍റ് മുന്നറിയിപ്പ് നൽകി.
പശ്ചിമേഷ്യൻ സംഘർഷത്തിൽ അമേരിക്ക ദയനീയമായി പരാജയപ്പെട്ടെന്നാണ് ഇറാൻ പരമോന്നത നേതാവിന്‍റെ പുതിയ സന്ദേശം. ഹോർമസിലും പേർഷ്യൻ ഗൾഫിലും ഇറാൻ പുതിയ അധ്യായം തുറക്കുന്നുവെന്നും മൊജ്തബ ഖമനെയി അവകാശപ്പെട്ടു. മേഖലയിൽ അമേരിക്കൻ സാമ്രാജ്യത്വം ദയനീയമായി പരാജയപ്പെട്ടെന്നും അമേരിക്കയുടെ ചൂഷണം സമ്പൂർണമായി അവസാനിപ്പിക്കുമെന്നും മൊജ്തബ ഖമനെയി പുതിയ സന്ദേശത്തിലൂടെ പറഞ്ഞു. അമേരിക്കയുടെ സ്ഥാനം പശ്ചിമേഷ്യൻ മേഖലയിലല്ല, മറിച്ച് കടലിന്റെ അടിത്തട്ടിലായിരിക്കുമെന്ന് തെളിയിക്കുമെന്നും ഇറാൻ പരമോന്നത നേതാവ് സന്ദേശത്തിൽ മുന്നറിയിപ്പ് നൽകി. ഇറാന്‍ സ്റ്റേറ്റ് മീഡിയയാണ് മുജ്തബയുടെ എഴുതി തയ്യാറാക്കിയ പ്രസ്താവന പുറത്തുവിട്ടത്. മേഖലയിലെ അരക്ഷിതാവസ്ഥയ്ക്ക് കാരണം അമേരിക്കയുടെ സൈനിക സാന്നിധ്യമാണെന്നും മേഖലയിലുള്ളത് അമേരിക്കയുടെ പാവ താവളങ്ങളെന്നും മുജ്തബ തുറന്നടിച്ചു. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖമനയിയുടെ പ്രസ്താവന ഇറാന്‍ സ്റ്റേറ്റ് മീഡിയ പുറത്തുവിട്ടത്.
അതിനിടെ ഹോര്‍മുസ് കടലിടുക്കിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇറാനിലേക്ക് 6 കര ഇടനാഴികള്‍ പാകിസ്താന്‍ തുറന്നു. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് പിന്നാലെ ഇറാനിയലേക്കുള്ള 3000 ഷിപ്പിംഗ് കണ്ടെയ്നറുകള്‍ കറാച്ചിയിലും ഗ്വാഡോര്‍ തുറമുഖത്തും കുടുങ്ങിക്കിടക്കുകയാണ്. ഇവ ഇറാനിലെത്തിക്കാനാണ് പുതിയ കര ഇടനാഴി തുറന്നത്.
അതേസമയം ബോംബാക്രമണത്തേക്കാൾ ഫലപ്രദമായി ഇറാനെ തളർത്തുന്നത് നിലവിലെ നാവിക ഉപരോധം ആണെന്ന് ട്രംപ് പറഞ്ഞു. ഇറാനിലെ എണ്ണ വ്യവസായം തകർച്ചയുടെ വക്കിലാണെന്നും, അവർ ഒരു കരാറിനായി “അതിയായി ആഗ്രഹിക്കുന്നു” (desperately want a deal) എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാൻ ചർച്ചകൾക്ക് തയ്യാറായില്ലെങ്കിൽ അതീവ ശക്തമായ സൈനിക പ്രത്യാക്രമണങ്ങൾ നടത്താനുള്ള പദ്ധതികൾ യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) ട്രംപിന് മുന്നിൽ അവതരിപ്പിച്ചിട്ടുണ്ട്. ഹോർമുസ് കടലിടുക്കിന്റെ ഭാഗങ്ങൾ പിടിച്ചെടുക്കുന്നതും ഇറാന്റെ ആണവ സമ്പുഷ്ടീകരണ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള നീക്കങ്ങളും ഇതിൽ ഉൾപ്പെടുന്നു. . ഹോർമുസ് കടലിടുക്ക്, തെക്കൻ അറേബ്യൻ ഗൾഫ്, ഒമാൻ ഉൾക്കടൽ എന്നിവിടങ്ങളിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളാണ് യുഎസ് സെൻട്രൽ കമാൻഡ് പരിഗണിക്കുന്നത് എന്നാണ് സൂചന.

