നടൻ ഷാനവാസ് അന്തരിച്ചിട്ട് ഒരു വർഷമായി. ഒരു നടൻ എന്നതിനേക്കാൾ അദ്ദേഹത്തിന്റെ ഖ്യാതി മലയാളത്തിന്റെ നിത്യഹരിതനായകൻ പ്രേംനസീറിന്റെ പുത്രൻ എന്ന നിലയിലായിരിക്കും. പ്രേംനസീറിൻ്റെ 36-ാം ഓർമ്മ ദിനമായിരുന്ന 2025 ജനുവരി 16-നു ശേഷം ഏഴു മാസം പിന്നിട്ടപ്പോൾ 71 വയസ്സുണ്ടായിരുന്ന മകനും യാത്രയായി.
നായകനായി വെള്ളിത്തിരയിൽ വന്ന് പിന്നീട് വില്ലൻ വേഷത്തിലും അഭിനയിച്ച് വളരെ ഉയരങ്ങളിൽ എത്തിയില്ലങ്കിലും, 50-ലധികം സിനിമകളിൽ അഭിനയിച്ച് മലയാളികളുടെ ഓർമ്മയിൽ നിലനില്‍ക്കുന്ന ഒരു നടനായിരുന്നു ഷാനവാസ്.
അബ്ദുൾ ഖാദർ എന്ന പ്രേം നസീറിന്റെയും ഹബീബ ബീവിയുടെയും പുത്രനായി 1955-ലാന്ന് ഷാനവാസ് തിരുവനന്തപുരത്താണ് ജനിച്ചത്; മൂന്നു സഹോദരിമാരാണുള്ളത്. സിനിമാ നടനും നിർമ്മാതാവുമായ പ്രേംനവാസ് (അബ്ദുൽ വഹാബ്) പിതൃസഹോദരനാണ്.
ചിറയിൻകീഴ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, മോണ്ട്ഫോർട്ട് സ്കൂൾ, യേർക്കാട് എന്നിവിടങ്ങളിൽനിന്ന് സ്ക്കൂൾ വിദ്യാഭ്യാസം നേടുകയും ചെന്നൈയിലെ ന്യൂ കോളേജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടുകയും ചെയ്തു.
ചെന്നൈയിൽ എംഎ അവസാനവർഷ വിദ്യാർഥിയായിരിക്കെയാണ് 1981-ൽ ‘പ്രേമഗീതങ്ങളി’ലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഷാനവാസിന് സിനിമയിലേക്ക് വഴി ഒരുക്കിയ ‘പ്രേമഗീതങ്ങൾ’. നായികാ പ്രാധാന്യമുള്ള (‘ഗീത‘യായി അംബിക) ഒരു സിനിമയായിരുന്നു അത് എങ്കിലും ഇന്നും ഷാനവാസിൻ്റേതായി മിക്കവരുടെയും ഓർമ്മയിൽ നിലനില്‍ക്കുന്നത് ആ സിനിമയിലെ ‘അജിത്‘ എന്ന കഥാപാത്രമാണ്.
‘മണിത്താലി’, ‘ഗാനം’, ‘ഹിമം’, ‘ചിത്രം’, കോരിത്തരിച്ച നാൾ’, ചൈനാ ടൗൺ’ (2011) തുടങ്ങിയവയാണ് അഭിനയിച്ച ചിത്രങ്ങളിൽ ചിലത്. ‘ഇവൻ ഒരു സിംഹം’ എന്ന സിനിമയിൽ ആദ്യമായി നസീറിനൊപ്പം അഭിനയിച്ചു. തുടർന്ന് ഏഴ് സിനിമകളിൽ പിതാവും മകനും ഒന്നിച്ചു. ‘ജനഗണമന‘യാണ് അവസാന ചിത്രം.
ഏതാനും സിനിമകളിൽ നായകനായി. ഒട്ടേറെ ചിത്രങ്ങളിൽ വില്ലനായും നടിച്ചു. മലയാളം, തമിഴ് ഭാഷകളിലായി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്; 51 എന്ന ഒരു കണക്ക് മാദ്ധ്യമങ്ങളിൽ കണ്ടു. കൂടാതെ ഏതാനും ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.
1989-ൽ നസീറിന്റെ മരണശേഷവും അഭിനയം തുടർന്നെങ്കിലും വേഷങ്ങളിൽ ആവർത്തന വിരസതയായി; ശ്രദ്ധേയമായ വേഷങ്ങൾ കിട്ടാതായപ്പോൾ ഷാനവാസ് സിനിമാരംഗം വിട്ടു. ‘ഇൻസ്പെക്ടർ ബാലറാം’ (1995)-ലെ വേഷമാണ് അക്കാലത്ത് ചെയ്ത ശ്രദ്ധയമായ ഒന്ന്.
പിന്നീട് ഗൾഫിൽ ഷിപ്പിങ് കമ്പനിയിൽ മാനേജരായി; ‘റോളക്സ്’ വാച്ചിൻ്റെ സെയിൽസ് ഡിവിഷനിലും ജോലി ചെയ്തിരുന്നതായി അറിയാം. ഇടക്കാലത്ത് ഷാനവാസ് മലേഷ്യയിൽ താമസമാക്കിയിരുന്നതായി കേട്ടിരുന്നു. അതിനുശേഷമാണ് സീരിയലിൽ അഭിനയിച്ചതും വീണ്ടും സിനിമയിൽ എത്തുന്നതും.
2011-ൽ പുറത്തിറങ്ങിയ ‘ചൈനാ ടൗൺ’ എന്ന ചലച്ചിത്രത്തിലൂടെ അദ്ദേഹം സിനിമാ രംഗത്തേയ്ക്കു പുനഃപ്രവേശനം നടത്തിയിരുന്നു. പക്ഷേ, അതിനൊരു തുടർച്ചയുണ്ടായില്ലങ്കിലും ‘സക്കറിയയുടെ ഗര്‍ഭിണികള്‍’, ‘കുമ്പസാരം’, ‘ബഷീറിന്റെ പ്രേമലേഖനം’ (2017) എന്നീ സിനിമകളിലുടെ ഭാഗമായ ഷാനവാസ് ഏറ്റവും ഒടുവില്‍ അഭിനയിച്ചത് ‘ജനഗണമന’ (2022) എന്ന ചിത്രത്തിലാണ്.
ഇടയ്ക്ക് ചില തമിഴ് സിനിമകളിലും ഷാനവാസിനെ കണ്ടു.
‘ശംഖുപുഷ്പം’, ‘കടമറ്റത്ത് കത്തനാര്’, ‘അമ്മത്തൊട്ടില്‍’ എന്നിങ്ങനെ ചില സീരിയലുകളില്‍ പ്രധാന വേഷത്തില്‍ വന്നെങ്കിലും ഷാനവാസിന് ആ രംഗത്തും തുടരാൻ കഴിഞ്ഞില്ല.
2025 ഓഗസ്റ്റ് നാല് 11.40-മണിയോടെ ഷാനവാസ് അന്തരിച്ചു. വൃക്കരോഗത്തിനു ചികിത്സയിലായിരുന്ന ഷാനവാസിനെ തലേന്ന് രാത്രി ഏഴുമണിയോടെ തിരുവനന്തപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 71-ാം വയസ്സിലാണ് അന്ത്യം. വഴുതക്കാട് ആകാശവാണിക്കു സമീപം ഫ്ളാറ്റിലായിരുന്നു ഷാനവാസിൻ്റെ താമസം.
പ്രേംനസീറിന്റ മൂത്ത സഹോദരി സുലൈഖാ ബീവിയുടെ മകൾ ആയിഷ ബീവിയാണ് ഭാര്യ. ഷമീര്‍ഖാന്‍ (ദുബായ്), അജിത് ഖാന് എന്നിവരാണ് മക്കള്‍. മരുമകൾ: ഹന (കൊല്ലം). സഹോദരങ്ങൾ: ലൈല, റസിയ, റീത്ത.
‘ഉപ്പുകണ്ടം ബ്രദേഴ്സ് ബാക്ക് ഇൻ ആക്ഷൻ’ എന്ന മലയാള ചിത്രത്തിലൂടെ മകൻ ‘ഷമീർ’ തന്റെ ഭാഗ്യം പരീക്ഷിച്ചുവെങ്കിലും ചിത്രം പരാജയപ്പെടുകയും പിന്നീട് മലേഷ്യയിൽ ‘വ്ലോഗ്ഗെർ’ എന്ന കമ്പനിയിൽ ഒരു മാനേജരായി ജോലി നേടുകയും ചെയ്തു. രണ്ടാമത്തെ പുത്രനായ അജിത് ഖാൻ ഓസ്ട്രേലിയയിൽ ജോലി ചെയ്യുന്നു.
ആർ. ഗോപാലകൃഷ്ണൻ | 2026 ഓഗസ്റ്റ് 05

