പെരുവന്താനം: മുണ്ടക്കയം – കുട്ടിക്കാനം പാതയിൽ പെരുവന്താനത്തിന് സമീപം റോഡിലേക്ക് കൂറ്റൻ കല്ല് അടർന്നുവീണ് അപകടം. പുലർച്ചെ 4:30-ഓടെയാണ് സംഭവം നടന്നത്. മലമുകളിൽ നിന്നും ഇളകി വന്ന വലിയ കല്ല് അതുവഴി കടന്നുപോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിന്റെ പിന്നിൽ വന്നിടിക്കുകയായിരുന്നു. അപകടത്തിൽ ബസിലുണ്ടായിരുന്ന ഒരു യാത്രക്കാരന് പരുക്കേറ്റു.
വലിയൊരു ദുരന്തമാണ് ഇവിടെ തലനാരിഴയ്ക്ക് ഒഴിവായത്. അതിരാവിലെ ആയിരുന്നതിനാൽ റോഡിൽ മറ്റ് വാഹനങ്ങളുടെ തിരക്ക് കുറവായിരുന്നു. അപകടസമയത്ത് ബസിന് പിന്നിലായി ഇരുചക്ര വാഹനങ്ങളോ മറ്റ് ചെറിയ വാഹനങ്ങളോ ഇല്ലാതിരുന്നത് വൻ അപകടം ഒഴിവാക്കാൻ കാരണമായി. ചെറിയ വാഹനങ്ങളുടെ മുകളിലേക്കാണ് കല്ല് വീണിരുന്നതെങ്കിൽ ജീവഹാനി ഉൾപ്പെടെ സംഭവിക്കാൻ സാധ്യതയുണ്ടായിരുന്നു. പരുക്കേറ്റ യാത്രക്കാരനെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവ സ്ഥലത്ത് പെരുവന്താനം പോലീസ് എത്തി.

