ആഫ്രിക്കൻ രാജ്യങ്ങളായ കോംഗോ (DRC), ഉഗാണ്ട എന്നിവിടങ്ങളിൽ ‘ബുണ്ടിബുഗ്യോ’ (Bundibugyo) വകഭേദത്തിലുള്ള എബോള വൈറസ് അതിവേഗം പടരുന്ന സാഹചര്യത്തിൽ ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ (PHEIC) പ്രഖ്യാപിച്ചു. ലോകാരോഗ്യ സംഘടനയുടെ (WHO) ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഈ രോഗബാധയെത്തുടർന്ന് ഇതുവരെ 220-ലധികം മരണങ്ങൾ (സംശയിക്കപ്പെടുന്നവ ഉൾപ്പെടെ) സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ ആയിരത്തോളം ആളുകളിൽ രോഗബാധ സ്ഥിരീകരിക്കുകയോ സംശയിക്കുകയോ ചെയ്യുന്നുണ്ട്.
ഇതിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിലും കനത്ത ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. രാജ്യത്തെ പ്രതിരോധ മുൻകരുതലുകൾ ശക്തമാക്കുന്നതിൻ്റെ ഭാഗമായി കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി നഡ്ഡയുടെ നേതൃത്വത്തിൽ ഉന്നതതല അവലോകന യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. രോഗബാധയെ നേരിടാൻ രാജ്യം പൂർണ സജ്ജമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിൽ മന്ത്രി വ്യക്തമാക്കി.
നിലവിൽ ഇന്ത്യയിൽ എവിടെയും എബോള കേസുകളൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല. എങ്കിലും വിദേശത്ത് നിന്നും എത്തുന്നവരിലൂടെ രോഗം രാജ്യത്തേക്ക് എത്താതിരിക്കാൻ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും നിരീക്ഷണം കർശനമാക്കും. രാജ്യത്തെ പ്രധാന അന്താരാഷ്ട്ര വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, കര അതിർത്തികൾ എന്നിവിടങ്ങളിലെല്ലാം പ്രത്യേക സ്ക്രീനിങ് സംവിധാനങ്ങളും തെർമൽ സ്കാനിങും സജ്ജമാക്കും.
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ (DRC), ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നീ രാജ്യങ്ങളിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ (Non-Essential Travel) പൂർണ്ണമായും ഒഴിവാക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. നിലവിലുള്ള ബന്ദിബുഗ്യോ എബോള വൈറസ് വകഭേദത്തിന് നിലവിൽ അംഗീകൃത വാക്‌സിനുകളോ പ്രത്യേക ചികിത്സകളോ ലഭ്യമല്ല എന്നത് പ്രതിരോധ നടപടികളുടെ പ്രാധാന്യം വർധിപ്പിക്കുന്നു. എബോള ബാധിത പ്രദേശങ്ങളിൽ നിന്ന് നേരിട്ടോ അല്ലാതെയോ ഇന്ത്യയിൽ എത്തുന്ന യാത്രക്കാർക്ക് രോഗ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഇമിഗ്രേഷൻ ക്ലിയറൻസിന് മുമ്പായി തന്നെ എയർപോർട്ട് ഹെൽത്ത് ഓഫീസർമാരെ വിവരം അറിയിക്കേണ്ടതാണ്.
പെട്ടെന്നുണ്ടാകുന്ന ശക്തമായ പനി, ക്ഷീണം, ഛർദ്ദി, അതിശക്തമായ തലവേദന, തൊണ്ടവേദന, അകാരണമായ രക്തസ്രാവം എന്നിവയാണ് രോഗ ലക്ഷണങ്ങൾ. രോഗബാധിതരായ ആളുകളുടെ രക്തം, തുപ്പൽ, മൂത്രം, വിയർപ്പ് തുടങ്ങിയ ശാരീരിക ദ്രാവകങ്ങളുമായി നേരിട്ട് സമ്പർക്കമുണ്ടാകുന്നതിലൂടെയാണ് വൈറസ് പകരുന്നത്. ഇത് വായുവിലൂടെ പകരില്ല.
രോഗം നേരത്തെ കണ്ടെത്താനും പ്രതിരോധിക്കാനുമുള്ള നടപടികൾ കാര്യക്ഷമമാക്കണമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്, നാഷണൽ സെൻ്റർ ഫോർ ഡിസീസ് കൺട്രോൾ തുടങ്ങിയ ഗവേഷണ സ്ഥാപനങ്ങളോട് കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. രോഗ ലക്ഷണങ്ങളോടെ എത്തുന്നവരുടെ സാമ്പിൾ പരിശോധനകൾ വേഗത്തിലാക്കുക, പോസിറ്റീവ് ആകുന്ന പക്ഷം സമ്പർക്കപ്പട്ടിക കൃത്യമായി തയ്യാറാക്കി ട്രാക്ക് ചെയ്യുക തുടങ്ങിയ അടിയന്തര ചുമതലകളും ഈ സ്ഥാപനങ്ങൾക്ക് കൈമാറിയിട്ടുണ്ട്. പ്രത്യേക ഐസൊലേഷൻ വാർഡുകൾ സജ്ജമാക്കാൻ സംസ്ഥാനങ്ങൾക്കും കേന്ദ്രം നിർദേശം നൽകും.
കേരളത്തിലെ ജാഗ്രത
സംസ്ഥാന ആരോഗ്യ വകുപ്പും വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കൊച്ചി (CIAL), തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങൾ വഴി ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും എത്തുന്നവരെ നിരീക്ഷിക്കാൻ പ്രത്യേക ആരോഗ്യസംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. മറ്റുള്ള സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങളിൽ ഇറങ്ങി ട്രെയിൻ മാർഗ്ഗം കേരളത്തിലേക്ക് എത്തുന്ന യാത്രക്കാരെ നിരീക്ഷിക്കാൻ റെയിൽവേ സ്റ്റേഷനുകളിലും പ്രത്യേക ശ്രദ്ധ പുലർത്താൻ നിർദ്ദേശമുണ്ട്.

