ലഹരിവസ്തുക്കൾ മിഠായി രൂപത്തിലാക്കി വിദ്യാർത്ഥികളെ വലയിലാക്കാൻ ശ്രമം. കോഴിക്കോട് നഗരത്തിൽ എക്സൈസ് നടത്തിയ പരിശോധനയിൽ, കുട്ടികൾക്കിടയിൽ വിൽപ്പനയ്‌ക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവ് മിഠായികൾ പിടികൂടി.
ലഹരി വ്യാപാരികൾ അനുദിനം പുതിയ രീതികൾ ആവിഷ്കരിക്കുമ്പോൾ, ഇതിൽ ഏറ്റവും പുതിയതായിരുന്നു കഞ്ചാവ് ചേർത്ത മിഠായികൾ. കോഴിക്കോട് നഗരത്തിലെ പൊറ്റമലയിൽ നടത്തിയ പരിശോധനയിലാണ് എക്സൈസ് ഇവ കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശ് സ്വദേശി ആകാശിനെ അറസ്റ്റ് ചെയ്തു.
പ്രതിയിൽ നിന്ന് 31 കഞ്ചാവ് മിഠായികൾ കണ്ടെടുത്തതായി അധികൃതർ അറിയിച്ചു. ഇവയുടേത് മൊത്തത്തിൽ 96 ഗ്രാം തൂക്കം വരും. പെട്ടിക്കടയിലൂടെയാണ് ഈ മിഠായികൾ വിൽപ്പന നടത്തിയത്. വിദ്യാർത്ഥികൾ, പ്രത്യേകിച്ച് കൊച്ചു കുട്ടികളെയായിരുന്നു പ്രധാന ലക്‌ഷ്യം.
സ്കൂൾ-കോളേജ് പരിസരങ്ങളിലെ ചില ചെറിയ കടകളിലൂടെയും പെട്ടിക്കടകളിലൂടെയും മാഫിയകൾ ലഹരി വിൽപ്പന നടത്തുകയാണെന്ന് അധികൃതർ പറയുന്നു. നിഷ്കളങ്കരായ വിദ്യാർത്ഥികളെ ലഹരിക്ക് അടിമകളാക്കാനുള്ള ഈ കുപ്രേരണക്കെതിരെ കർശന നടപടികൾ ഉണ്ടാകുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി