ഡമാസ്കസ്: സിറിയയുടെ വടക്കുള്ള നഗരമായ മൻബിജിനടുത്ത് തിങ്കളാഴ്ചയുണ്ടായ കാർബോംബ് സ്ഫോടനത്തിൽ 20 പേർ മരിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു സ്ഫോടനം. കാർഷിക തൊഴിലാളികളുമായി സഞ്ചരിക്കുകയായിരുന്ന ഒരു വാഹനത്തിന്റെ സമീപത്ത് നിർത്തിയിട്ടിരുന്ന മറ്റൊരു കാർ പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തിൽ 15 പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെടുകയും പത്തിലധികം പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് 5 പേർ കൂടി മരണമടഞ്ഞത്. 11 സ്ത്രീകളും മൂന്ന് കുട്ടികളും മരിച്ചവരിൽ ഉൾപ്പെടുന്നു.
മൂന്ന് ദിവസത്തിനുള്ളിൽ അവിടെ നടന്ന രണ്ടാമത്തെ ആക്രമണമാണിതെന്നും ഡിസംബറിൽ ബഷർ അൽ-അസദിനെ അധികാരത്തിൽ നിന്ന് പുറത്താക്കിയതിനുശേഷം രാജ്യം കണ്ട ഏറ്റവും മാരകമായ ആക്രമണമാണിതെന്നും സിറിയൻ പ്രസിഡന്റ് ഓഫീസ് അറിയിച്ചു. രണ്ടുമാസത്തിനിടെ മൻബിജിലുണ്ടാകുന്ന ഏഴാമത്തെ കാർ ബോംബ് സ്ഫോടനമാണെന്ന് സിവിൽ ഡിഫൻസ് ഡെപ്യൂട്ടി ഡയറക്ടർ മുനീർ മുസ്തഫ പറഞ്ഞു. ഡിസംബറിൽ ബശ്ശാറുൽ അസദിന്റെ ഭരണം തകർന്ന ശേഷവും അലപ്പോയുടെ വടക്കുകിഴക്കൻ മേഖലയായ മൻബിജിൽ നിരവധി ആക്രമണങ്ങൾ നടന്നിരുന്നു. തുർക്കി അനുകൂല സിറിയൻ നാഷനൽ ആർമിയും യു.എസ് പിന്തുണയുള്ള കുർദുകളുടെ സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടൽ നടക്കുന്ന പ്രദേശം കൂടിയാണിത്.