Tuesday, July 8, 2025
Mantis Partners Sydney
Jeevan MRI Kottayam, Thodupuzha
Home » സമഗ്ര വികസനത്തിനുള്ള സാമ്പത്തിക രേഖയെന്ന് മുഖ്യമന്ത്രി; പൊള്ളയായ ബജറ്റ് എന്ന് വി.ഡി സതീശൻ; മൈതാന പ്രസംഗം ആണെന്ന് സുരേന്ദ്രൻ.
സമഗ്ര വികസനത്തിനുള്ള സാമ്പത്തിക രേഖയെന്ന് മുഖ്യമന്ത്രി; പൊള്ളയായ ബജറ്റ് എന്ന് വി.ഡി സതീശൻ; മൈതാന പ്രസംഗം ആണെന്ന് സുരേന്ദ്രൻ.

സമഗ്ര വികസനത്തിനുള്ള സാമ്പത്തിക രേഖയെന്ന് മുഖ്യമന്ത്രി; പൊള്ളയായ ബജറ്റ് എന്ന് വി.ഡി സതീശൻ; മൈതാന പ്രസംഗം ആണെന്ന് സുരേന്ദ്രൻ.

by Editor

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ ലക്ഷ്യമാക്കിയിട്ടുള്ള നവകേരള നിര്‍മ്മാണത്തിന് ആവേശകരമായ പുതിയ കുതിപ്പു നല്‍കാന്‍ പോരുന്ന ക്രിയാത്മക ഇടപെടലാണ് കേരളത്തിന്റെ ഈ വാര്‍ഷിക പൊതുബജറ്റ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ കടുത്ത സാമ്പത്തിക വിവേചനങ്ങള്‍ക്കിടയിലും കഠിന പരിശ്രമങ്ങളിലൂടെ കേരളത്തിന്റെ വികസനത്തെയും കേരളീയരുടെ ജീവിതക്ഷേമത്തെയും ശക്തിപ്പെടുത്തി മുമ്പോട്ടു കൊണ്ടുപോവുന്ന സമീപനമാണ് 2025-26 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റില്‍ കേരളം സ്വീകരിച്ചിട്ടുള്ളത്. ഹ്രസ്വകാലാടിസ്ഥാനത്തിലുള്ള ക്ഷേമ ആശ്വാസങ്ങള്‍ക്കും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള വികസനത്തിനും ഒരുപോലെ ഊന്നല്‍ നല്‍കുന്നു. ജനജീവിതത്തെ ഞെരുക്കാതെ വിഭവസമാഹരണം നടത്തുന്നു. വിഭവസമാഹണത്തിനായി പുതിയ മേഖലകള്‍ കണ്ടെത്തുന്നു.

അര്‍ഹതപ്പെട്ടതു കേന്ദ്രം തരാതിരിക്കുന്ന സാഹചര്യത്തിലും ജനജീവിതവും നാടിന്റെ വികസനവും ഉപേക്ഷിക്കപ്പെടില്ല എന്നത് ഉറപ്പാക്കുന്നു ഈ ബജറ്റ്. വിലക്കയറ്റത്തിന്റെ ദേശവ്യാപക അന്തരീക്ഷത്തിലും സാധാരണ ഉപഭോക്താക്കളുടെ താല്പര്യങ്ങളെ സംരക്ഷിക്കുന്നു. നവകേരള നിര്‍മ്മിതിക്കും വിജ്ഞാന സമ്പദ്ഘടനാ വികസനത്തിനും അടിസ്ഥാന വികസന വിപുലീകരണത്തിനും പുതുതലമുറയുടെ ഭാവി ഭദ്രമാക്കലിനും അടിസ്ഥാന ജനവിഭാഗങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനും ബജറ്റ് പ്രത്യേക ശ്രദ്ധ വെച്ചിരിക്കുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉന്നത നിലവാരത്തിലാക്കുന്നതിനും പൊതുജനാരോഗ്യ സംവിധാനത്തെ കൂടുതൽ മികവുറ്റതാക്കുന്നതിനും സഹായകമാകുന്ന പ്രഖ്യാപനങ്ങളാണ് ഉണ്ടായിട്ടുള്ളത്. കേരളത്തിന്റെ സമസ്ത മേഖലകളെയും വികസനോന്മുഖമായി സ്പര്‍ശിക്കുന്നതും സമതുലിതമായ ഉണര്‍വ് എല്ലാ മേഖലകളിലും ഉറപ്പാക്കുന്നതുമായ ബജറ്റാണിത്. സമഗ്ര വികസനത്തിനായുള്ള കേരളത്തിന്റെ സാമ്പത്തിക രേഖയാണിത്. അവകാശപ്പെട്ടതു നിഷേധിക്കുന്നതിലൂടെ കേരളത്തെ സാമ്പത്തികമായി ഞെരുക്കിക്കളയാമെന്നു കരുതുന്ന രാഷ്ട്രീയ നിലപാടുകളെ ബദല്‍ വിഭവസമാഹണത്തിന്റെ വഴികള്‍ കണ്ടെത്തി കേരളം അതിജീവിക്കും എന്നതിന്റെ പ്രത്യാശാനിര്‍ഭരമായ തെളിവുരേഖ കൂടിയാണ് ഈ ബജറ്റ്.

പൊള്ളയായ ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്നു വി.ഡി സതീശൻ

രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റിനെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വിമർശിച്ചു. സംസ്ഥാനത്തിൻ്റെ ധനസ്ഥിതിയെ പരിഗണിച്ചു ഉള്ള ബജറ്റല്ലെന്നും പൊള്ളയായ ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്നും വി.ഡി സതീശൻ പറഞ്ഞു. യാഥാർഥ്യബോധമില്ലാത്ത ബജറ്റ്. ബജറ്റ് ഓർഡർ ചെയ്യാതെയാണ് അവതരിപ്പിച്ചതെന്ന് വി.ഡി സതീശൻ പറഞ്ഞു. പ്ലാൻ ബി എന്നത് പ്ലാൻ വെട്ടി കുറക്കലാണെന്ന് ഇപ്പോൾ മനസിലായി. സ്കോളർഷിപ്പുകൾ പോലും വെട്ടിക്കുറച്ചു. ബാധ്യത തീർക്കാനുള്ള പണം പോലും സർക്കാരിന്റെ കയ്യിലില്ല. നടപടിക്രമങ്ങളനുസരിച്ച് ബജറ്റിന് ഒരു ദിവസം മുന്‍പ് സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് നല്‍കണമെന്നും എന്നാല്‍ ഇത്തവണ അത് നല്‍കിയില്ലെന്നും സതീശന്‍ നിയമസഭയില്‍ പറഞ്ഞു.

മൈതാന പ്രസംഗം പോലെ ആണ് ഇന്നത്തെ ബജറ്റെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ 

പുത്തരിക്കണ്ടത്തെ മൈതാന പ്രസംഗം പോലെ ആണ് ഇന്നത്തെ ബജറ്റെന്ന് ആണ് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ പറഞ്ഞത്. സാമ്പത്തികപ്രതിസന്ധി ഉൾപ്പെടെയുള്ള അടിസ്ഥാന പ്രശനങ്ങൾക്കുള്ള ഒരു നടപടിയും ബജറ്റില്‍ ഇല്ല. കേന്ദ്രഅവഗണന എന്ന തേഞ്ഞൊട്ടിയ രാഷ്ട്രീയ ആയുധം മാത്രമാണ് ബജറ്റിൽ ഉടനീളം ധനമന്ത്രി പറഞ്ഞത്. ബജറ്റിൽ പറയുന്ന പ്രധാന കാര്യങ്ങൾ എല്ലാം കേന്ദ്രാവിഷകൃത പദ്ധതികളാണെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന്‍റെ സാമ്പത്തിക മിസ് മാനേജ്മെന്റിന്റെ ഫലം ആണ് കേരളം അഭിമുഖീകരിക്കുന്ന പ്രതിസന്ധി. അത് കേന്ദ്രത്തിന്റെ തലയിൽ ചാരേണ്ടെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. ഇന്ത്യയില്‍ ഏറ്റവുമധികം തൊഴിലില്ലായ്മ ശരാശരിയുള്ള സംസ്ഥാനമാണ് കേരളം. ഈ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനുള്ള ഒരു നടപടിയും ബജറ്റില്‍ നിര്‍ദേശിക്കുന്നില്ല, കേരളത്തിലെ തകര്‍ന്നടിഞ്ഞ വ്യാവസായിക രംഗത്തെ പുനര്‍ജീവിപ്പിക്കാന്‍ ഉതകുന്ന യാതൊരു നിര്‍ദേശവും ബജറ്റ് മുന്നോട്ട് വെച്ചിട്ടില്ലെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

Send your news and Advertisements

You may also like

error: Content is protected !!