കൊച്ചി: കേരളത്തിലെ വ്യവസായ കണക്കുകൾ തെറ്റാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നടത്തിയ പരാമർശത്തിനെതിരെ വ്യവസായ മന്ത്രി പി. രാജീവ് പ്രതികരിച്ചു. ശശി തരൂർ വിവാദത്തിലെ ചർച്ച കേരളീയരും കേരള വിരുദ്ധരുമെന്ന നിലയിലേക്ക് മാറിയെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. “കേരളം വ്യവസായ നിക്ഷേപത്തിന് മികച്ച സംസ്ഥാനമാണ്. എന്നാൽ, പ്രതിപക്ഷം തെറ്റായ കണക്കുകൾ പ്രചരിപ്പിക്കുകയാണ്. കാര്യങ്ങൾ ‘കേരളീയരും കേരളവിരുദ്ധരും’ എന്ന രീതിയിലേക്ക് കൊണ്ടുപോകാനാണ് ചിലരുടെ ശ്രമം. സങ്കുചിത രാഷ്ട്രീയത്തിന്റെ പേരിൽ സംസ്ഥാനത്തിന്റെ വികസനം തടയാൻ അനുവദിക്കില്ല, പ്രതിപക്ഷം നിയമസഭയിൽ ആകാം, പക്ഷേ കേരളത്തിനുള്ള പ്രതിപക്ഷമാകരുത്. കേരളത്തെ സ്നേഹിക്കുന്ന എല്ലാവരും ഒരുമിച്ച് നിൽക്കണം” പി. രാജീവ് വ്യക്തമാക്കി.
തെറ്റായ കണക്കുകളാൽ ഏച്ചുകെട്ടിയ വിവരങ്ങളിലാണ് സർക്കാർ മേനി നടിക്കുന്നതെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞത് . 3 വര്‍ഷം കൊണ്ട് 3 ലക്ഷം സംരംഭങ്ങള്‍ ആരംഭിച്ചെന്നത് കള്ളക്കണക്കാണ്. 3 വര്‍ഷം കൊണ്ടു കേരളത്തിൽ 3 ലക്ഷം സംരംഭങ്ങള്‍ ആരംഭിച്ചുവെന്ന റിപ്പോർട്ട് ശരിയാവണമെങ്കിൽ ഓരോ നിയോജക മണ്ഡലത്തിലും കുറഞ്ഞത് 2000 സംരംഭങ്ങള്‍ വരണം. ഇത്രയും സംരംഭങ്ങളിലൂടെ സംസ്ഥാനത്തിലേക്ക് വന്ന നിക്ഷേപം എവിടെയാണെന്നും അദ്ദേഹം ചോദിച്ചു. കൊച്ചു കേരളം കോവിഡിനെ പിടിച്ചുകെട്ടി എന്ന ലേഖനം ഓർമയില്ലേ? പിആർ ഏജൻസിയെ വച്ചാണ് അതുണ്ടാക്കിയത്. പിന്നീട് കോവിഡ് മരണം സംബന്ധിച്ച വിവരങ്ങൾ കേരളം മറച്ചുവച്ചു എന്ന വിവരങ്ങൾ പുറത്തായിരുന്നു. ഇതുപോലെയാണ് ഇപ്പോഴത്തെ വ്യാവസായിക വളർച്ച സംബന്ധിച്ച റിപ്പോർട്ടെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു.
തരൂരിൻ്റെ ലേഖന വിവാദത്തിൽ യുഡിഎഫിൽ വിമർശനം തുടരുന്നതിനിടെ സ്റ്റാർട്ട് അപ്പ് കണക്കുമായി മുഖ്യമന്ത്രിയുടെ ഓഫീസും രംഗത്തുവന്നു. യുഡിഎഫ് സർക്കാരിന്റെ കാലത്ത് 300 സ്‌റ്റാർട്ട് അപ്പുകൾ മാത്രമാണുണ്ടായിരുന്നത്. എൽഡിഎഫ് ഭരണത്തിൽ 8 വർഷം കൊണ്ട് 6200 ആയി വർധിച്ചു. 5800 കോടിയുടെ നിക്ഷേപമുണ്ടായി. 2026 ഓടെ 15,000 സ്റ്റാർട്ട് അപ്പുകളാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് സോഷ്യൽ മീഡിയയിൽ കുറിച്ചു.