ഗാസ: വെടിനിർത്തൽ കരാറിന്റെ ഭാഗമായി ഏഴു ഇസ്രയേൽ ബന്ദികളെ കൂടി ഹമാസ് വിട്ടയച്ചു. രണ്ട് ഇസ്രയേലുകാരെയും അഞ്ച് തായ് സ്വദേശികളെയും റെഡ് ക്രോസിന് കൈമാറിയതായി ഇസ്രയേൽ സേന അറിയിച്ചു. പകരം 30 കുട്ടികളടക്കം 110 പലസ്തീനി തടവുകാരെ ഇസ്രയേൽ മോചിപ്പിക്കും. വെടിനിർത്തൽ കരാറിന്റെ ആദ്യ ഘട്ടമെന്ന നിലയിൽ, ആദ്യ ആറാഴ്ചയ്ക്കുള്ളിൽ 33 ഇസ്രയേൽ തടവുകാരെ മോചിപ്പിക്കും. ഇതിനു പകരമായി 2,000 പലസ്തീൻ തടവുകാരെ ഇസ്രലേയും മോചിപ്പിക്കുമെന്നാണ് വ്യവസ്ഥ.
യുഎസിന്റെ നേതൃത്വത്തിലും ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയിലും ദോഹയിൽ മാസങ്ങളായി നീണ്ട ചർച്ചകൾക്കൊടുവിലാണ് 15 മാസം നീണ്ട യുദ്ധത്തിന് ശേഷം ഗസ്സയിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നത്. ഗസ്സയിലെ ജനവാസമേഖലകളിൽനിന്നു ഇസ്രയേൽ സൈന്യം പിന്മാറിയിട്ടുണ്ട്. വെടിനിർത്തൽ കരാറിന്റെ ആദ്യ ഘട്ടം തീരും മുൻപ് തന്നെ രണ്ടാം ഘട്ടത്തിനുള്ള ചർച്ച ആരംഭിക്കും. നാലാം ബന്ദി കൈമാറ്റം ഉടൻ തന്നെയുണ്ടാകും.