ഉത്തർപ്രദേശ് ഗാസിപൂർ സ്വദേശിയായ അഭിഷേക് സിങ് (40) ആത്മഹത്യ ചെയ്തു. ചെന്നൈയിലെ ഒരു സ്വകാര്യ കമ്പനിയിലായിരുന്നു ഇയാൾ ജോലിചെയ്തിരുന്നത്. മംഗളുരുവിലെ ഒരു ലോഡ്ജ് മുറിയിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.
മരണത്തിന് മുമ്പ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ അഭിഷേക്, സിഐഎസ്എഫ് അസിസ്റ്റന്റ് കമാണ്ടന്റായ കാമുകി തന്നെ വഞ്ചിച്ചുവെന്നും അവൾ വിവാഹിതയാണെന്ന കാര്യം മറച്ചുവെച്ചുവെന്നും ആരോപിച്ചു. അവളുമായി സ്നേഹബന്ധത്തിലായിരുന്നെങ്കിലും അവൾ വിവാഹിതയാണെന്നും ഒരുകുഞ്ഞിന്റെ മാതാവാണെന്നും പിന്നീടാണ് മനസ്സിലായതെന്നും വിഡിയോയിൽ പറയുന്നു.
അഭിഷേകിന്റെ ബന്ധുക്കളുടെ പരാതിയനുസരിച്ച്, യുവതി മാനസിക പീഡനം നടത്തിയെന്നും ലൈംഗികമായി ചൂഷണം ചെയ്തുവെന്നും ആരോപണമുണ്ട്. അതേസമയം, യുവതി സ്വർണാഭരണങ്ങളും എട്ട് ലക്ഷം രൂപയും കൈക്കലാക്കിയതായും ഇയാൾ വീഡിയോയിൽ വ്യക്തമാക്കുന്നു.
കൂടാതെ, യുവതിക്ക് മറ്റു പലരുമായും സമാനമായ ബന്ധമുണ്ടായിരുന്നതായും പരാതിയിലുണ്ട്. ആത്മഹത്യയ്ക്കുമുന്‍പ് അഭിഷേക് സഹോദരനെ വിളിച്ച് യുവതി വിവാഹം നിഷേധിച്ചതായി അറിയിച്ചിരുന്നു. ഇതേത്തുടർന്ന് മാനസികമായി തകർന്ന യുവാവ് ജീവനൊടുക്കുകയായിരുന്നു.
കുടുംബത്തിന്റെ പരാതിയിന്മേൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.