106
കോട്ടയം: ഇന്ന് (വ്യാഴാഴ്ച) വിവാഹിതനാവാനിരുന്ന യുവാവ് തലേദിവസം വാഹനാപകടത്തിൽ മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതര പരുക്ക്. കടപ്ലാമറ്റം വയലാ നെല്ലിക്കുന്ന് ഭാഗത്ത് കൊച്ചുപാറയിൽ ജിൻസണിന്റെ മകൻ ജിജോ ജിൻസണാണ് (21) മരിച്ചത്. സുഹൃത്ത് വയലാ സ്വദേശി അജിത്തിനെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 10 നായിരുന്നു അപകടം. ഇന്ന് രാവിലെ ഇലക്കാട് പള്ളിയിൽ ജിജോമോന്റെ വിവാഹം നടക്കാനിരിക്കെയാണ് ദാരുണ അന്ത്യം. കുറവിലങ്ങാട് ഭാഗത്തു നിന്നു വരുകയായിരുന്ന ബൈക്കിൽ ട്രാവലർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ രണ്ടു പേരും റോഡിൽ തെറിച്ചു വീണു. ഉടൻ തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.