Friday, July 18, 2025
Mantis Partners Sydney
Home » റിപ്പബ്ലിക് ദിനാശംസകളുമായി രാഷ്ട്രപതിയും മുഖ്യമന്ത്രിയും
റിപ്പബ്ലിക് ദിനാശംസകളുമായി രാഷ്ട്രപതിയും മുഖ്യമന്ത്രിയും

റിപ്പബ്ലിക് ദിനാശംസകളുമായി രാഷ്ട്രപതിയും മുഖ്യമന്ത്രിയും

by Editor

ന്യൂഡൽഹി: എഴുപത്തിയാറാമത് റിപ്പബ്ലിക്ക് ദിനസന്ദേശത്തിൽ മൂന്നാം മോദി സർക്കാരിന്റെ കേന്ദ്രസർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമായ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനെ പൂർണ്ണമായി പിന്താങ്ങുകയാണ് രാഷ്ട്രപതി ദ്രൌപദി മുർമ്മു. തെരഞ്ഞെടുപ്പുകളെ ഒന്നിപ്പിക്കുന്ന നടപടി രാജ്യത്ത് ഭരണസ്ഥിരത ഉറപ്പാക്കും. ഒപ്പം നയവൃത്യാനം ഇല്ലാതാക്കും ഒപ്പം സാമ്പത്തിക ലാഭം ഉൾപ്പെടെ നിരവധി നേട്ടങ്ങൾ ഉറപ്പാക്കുമെന്നും രാഷ്ട്രപതി പുകഴ്ത്തി. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് സംയുക്ത പാർലമെന്റി സമിതിയുടെ പരിഗണനയിൽ ഇരിക്കെയാണ് രാഷ്ട്രപതി ബില്ലിനെ പിന്തുണച്ചത്.

അധിനിവേശ മനോഭാവത്തിന്റെ ശേഷിപ്പുകൾ തുടച്ചുനീക്കാനുള്ള ശ്രമത്തിലാണ് രാജ്യമെന്ന് രാഷ്‌ട്രപതി പറഞ്ഞു. 1947 -ൽ സ്വാതന്ത്ര്യം നേടിയെങ്കിലും അധിനിവേശ മനോഭാവത്തിന്റെ പല ശേഷിപ്പുകളും ഇന്ത്യയിൽ നിലനിന്നിരുന്നുവെന്ന് സൂചിപ്പിച്ചുകൊണ്ടായിരുന്നു രാഷ്‌ട്രപതിയുടെ വാക്കുകൾ. ആ മനോഭാവം മാറ്റുന്നതിനുള്ള സംഘടിത ശ്രമങ്ങൾക്കാണ് നാം ഈയിടെയായി സാക്ഷ്യം വഹിക്കുന്നതെന്ന് രാഷ്‌ട്രപതി പറഞ്ഞു. റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്‌ട്രപതി.

ആഗോളരംഗത്ത് ഇന്ത്യ വികസനത്തിൽ വ്യക്തമായ ഇടം കണ്ടെത്തി. കേന്ദ്രസർക്കാറിന്റെ വികസന പദ്ധതികൾ പൊതുജനക്ഷേമത്തിന് പുതിയ നിർവചനം രചിച്ചു. രാജ്യത്തിന്റെ എല്ലാ മേഖലയിലും ഉയർച്ചയും സ്വയം പര്യാപ്തതയും ദൃശ്യമാണെന്നും രാഷ്ട്രപതി ദ്രൌപദിമുർമ്മു പറഞ്ഞു. സന്ദേശത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളെ കുറിച്ചും രാഷ്ട്രപതി പരാമര്‍ശിച്ചു. പൊതുക്ഷേമത്തിന് കേന്ദ്ര സര്‍ക്കാര്‍ പുതിയ നിര്‍വചനം നല്‍കിയെന്നും പാര്‍പ്പിടം, കുടിവെള്ളം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങളെ അവകാശങ്ങളാക്കിയെന്നും രാഷ്ട്രപതി പറഞ്ഞു. പ്രധാനമന്ത്രി പട്ടികജാതി അഭയോദയ പദ്ധതിയിലൂടെ തൊഴിലവസരങ്ങളും വരുമാന അവസരങ്ങളും സൃഷ്ടിക്കുന്നത് പട്ടികജാതി ജനതയുടെ ദാരിദ്ര്യം വേഗത്തില്‍ ഇല്ലാതാക്കുന്നുവെന്ന് ദ്രൗപതി മുര്‍മു പറഞ്ഞു. ധനകാര്യ മേഖലയില്‍ സര്‍ക്കാര്‍ സാങ്കേതികവിദ്യ ഉപയോഗിച്ച രീതി മാതൃകാപരമെന്നും രാഷ്ട്രപതി വ്യക്തമാക്കി. ആഗോളതലത്തില്‍ ഇന്ത്യ വികസനത്തില്‍ വ്യക്തമായ ഇടം കണ്ടെത്തിയെന്നും, ഇന്ത്യ നേതൃസ്ഥാനത്തേക്ക് കുതിക്കുകയാണെന്നും റിപബ്ലിക് ദിന സന്ദേശത്തില്‍ രാഷ്ട്രപതി പറഞ്ഞു.

ക്ഷേമ സംരംഭങ്ങൾ, കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനുള്ള ശ്രമങ്ങൾ, ഭരണം പുനർനിർവചിക്കാൻ ലക്ഷ്യമിട്ടുള്ള പരിഷ്കാരങ്ങൾ എന്നിവയെ കുറിച്ചും രാഷ്ട്രപതി പ്രസംഗത്തിൽ എടുത്തുപറഞ്ഞു. ഒളിംപിക്‌സിലെയും പാരാലിംപിക്‌സിലെയും രാജ്യത്തിന്റെ നേട്ടങ്ങൾ ഉയർത്തിക്കാണിച്ച രാഷ്ട്രപതി കായികരംഗത്ത് ഇന്ത്യയുടെ ശ്രദ്ധേയമായ മുന്നേറ്റങ്ങളെയും അഭിനന്ദിച്ചു. ഏറ്റവും പ്രായം കുറഞ്ഞ ലോക ചെസ് ചാംപ്യനായി മാറിയ ഡി. ഗുകേഷിനെയും രാഷ്ട്രപതി പ്രശംസിച്ചു. 80 കോടി തൈകൾ നട്ടുപിടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ‘മിഷൻ ലൈഫ് സ്റ്റൈൽ ഫോർ എൻവയോൺമെന്റ്’, ‘ഏക് പെദ് മാ കേ നാം’ ക്യാംപെയ്നുകളെയും രാഷ്ട്രപതി തന്റെ പ്രസംഗത്തിൽ എടുത്തു പറഞ്ഞു. കൂടാതെ ബഹിരാകാശ രംഗത്ത് മികച്ച നേട്ടങ്ങൾ കൈവരിച്ച ഐഎസ്ആർഒയുടെ സമീപകാല വിജയങ്ങളെയും രാഷ്ട്രപതി പ്രശംസിച്ചു.

രാജ്യത്തിന്റെ അതിർത്തികൾ കാക്കുന്ന സൈനികർക്കും അതിർത്തികൾക്കുള്ളിൽ ജനങ്ങളെ സുരക്ഷിതരായി കാത്തു സൂക്ഷിക്കുന്ന പൊലീസ്, അർദ്ധസൈനിക വിഭാഗങ്ങൾക്കും അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ടാണ് രാഷ്‌ട്രപതി അഭിസംബോധന പൂർത്തിയാക്കിയത്.

മുഖ്യമന്ത്രി പിണറായി വിജയൻ്റെ റിപ്പബ്ളിക് ദിനാശംസ

ഇന്ത്യയെന്ന ജനാധിപത്യ രാഷ്ട്രത്തിൻ്റെ ആത്മാവ് തുടിക്കുന്ന ഭരണഘടന നിലവിൽ വന്നിട്ട് 75 വർഷം തികയുകയാണ്. ഇന്ത്യയെന്ന ആശയം മൂർത്തമാകുന്നത് ഭരണഘടനയുടെ പൂർത്തീകരണത്തോടെയാണ്.

നിരവധി സംസ്കാരങ്ങളും ഉപദേശീയതകളും കോർത്തിണക്കി ഒരു ബഹുസ്വര ജനാധിപത്യ രാഷ്ട്രത്തിനു രൂപം നൽകാൻ ഭരണഘടനാ നിർമ്മാതാക്കൾക്കു സാധിച്ചു. ഭരണഘടനയിൽ അന്തർലീനമായ മഹത്തായ മൂല്യങ്ങളും സാമ്രാജ്യ അടിമത്വത്തിനെതിരായ ഉജ്ജ്വല പോരാട്ടത്തിന്റെ പാരമ്പര്യവും സംരക്ഷിക്കാൻ ഓരോ ഇന്ത്യക്കാരനുമുള്ള ഉത്തരവാദിത്തമാണ് റിപ്പബ്ലിക് ദിനം ഓർമ്മിപ്പിക്കുന്നത്.

സമത്വവും നീതിയും മതനിരപേക്ഷതയും സാഹോദര്യവും പുലരുന്ന സമൂഹമായി ഉത്തരോത്തരം വളരാൻ നമുക്ക് കഴിയണം. നമ്മുടെ ഭരണഘടനയ്ക്കും ജനാധിപത്യത്തിനും എതിരെ ഉയരുന്ന വെല്ലുവിളികളെ പ്രതിരോധിക്കുന്നത് ഓരോരുത്തരുടെയും കർത്തവ്യമാണ് എന്ന ബോധം നമ്മെ നയിക്കണം. നാടിൻ്റെ നന്മയ്ക്കും ശോഭനമായ ഭാവിക്കുമായി ഒറ്റക്കെട്ടായി നിൽക്കാം. എല്ലാവർക്കും റിപ്പബ്ളിക് ദിനാശംസകൾ.

Send your news and Advertisements

You may also like

error: Content is protected !!