ന്യൂഡൽഹി: രാജീവ് കുമാർ വിരമിച്ചതിന് പിന്നാലെ ഗ്യാനേഷ് കുമാറിനെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിച്ചു. സെലക്ഷൻ കമ്മിറ്റി യോഗത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വിയോജിപ്പു തള്ളിയാണ് നിയമനം. 1988 ബാച്ച് കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ ഗ്യാനേഷ് കുമാർ ആഗ്ര സ്വദേശിയാണ്. നിലവിൽ തെരഞ്ഞെടുപ്പ് കമ്മീഷണറായി പ്രവർത്തിക്കുകയായിരുന്നു. ഇദ്ദേഹം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായതോടെ ഹരിയാനയിലെ ചീഫ് സെക്രട്ടറി വിവേക് ജോഷിയെ പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചും ഉത്തരവിറക്കിയിട്ടുണ്ട്.
പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തര മന്ത്രി, ലോക്സഭാ പ്രതിപക്ഷ നേതാവ് എന്നിവരുൾപ്പെട്ട സമിതിയാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ തെരഞ്ഞെടുക്കുന്നത്. ഈ പാനലിൽ കേന്ദ്രസർക്കാരിന് ഭൂരിപക്ഷം ലഭിക്കുന്നതിനാൽ സ്വതന്ത്ര നിയമനം സാധ്യമല്ലെന്ന് ആരോപിച്ചുള്ള കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണ്. സെലക്ഷന്‍ കമ്മിറ്റിയില്‍നിന്നു സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ കേന്ദ്രം ഒഴിവാക്കിയത് നേരത്തെ വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് രാഹുൽ ഗാന്ധി വിയോജിപ്പ് രേഖപ്പെടുത്തിയത്.
ഈ വര്‍ഷം ബിഹാറില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പും അടുത്ത വര്‍ഷം ബംഗാള്‍, അസം, തമിഴ്‌നാട്, കേരളം എന്നിവിടങ്ങളില്‍ നടക്കുന്ന തിരഞ്ഞെടുപ്പും ഗ്യാനേഷ് കുമാറാകും നിയന്ത്രിക്കുക.