അമേരിക്കയില്‍ സൈനിക ഹെലികോപ്റ്ററും വിമാനവും കൂട്ടിയിടിച്ച് തകര്‍ന്നു. തകര്‍ന്ന വിമാനം പൊട്ടോമാക് നദിയില്‍ പതിച്ചു. പൊട്ടോമാക് നദിയിൽനിന്നു 18 മൃതദേഹങ്ങൾ കരയിൽ എത്തിച്ചെന്നു റോയിറ്റേഴ്സ് വാർത്താഏജൻസി റിപ്പോർട്ട് ചെയ്‌തു. യുഎസ് സമയം രാത്രി 8.58 ഓടെയാണ് അപകടം നടന്നത്. റീഗൻ വിമാനത്താവളത്തിൽ ലാൻഡിങ്ങിന് ശ്രമിക്കുന്നതിനിടെ വിമാനം ഹെലികോപ്റ്ററുമായി കൂട്ടിയിടിക്കുകയായിരുന്നു. വിമാനത്തിൽ 64 യാത്രക്കാർ ഉണ്ടായിരുന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അമേരിക്കന്‍ സൈന്യത്തിന്റെ ബ്ലാക്ക് ഹോക്ക് ഹെലികോപ്ടര്‍ അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ ഫ്ളൈറ്റ് 5342 ആയാണ് കൂട്ടിയിടിച്ചത്. 375 അടി ഉയരത്തിൽ വച്ചാണ് അപകടത്തിൽപ്പെട്ടത്. ബ്ലാക്ക്‌ഹോക്ക് ഹെലികോപ്റ്ററിൽ മൂന്ന് യുഎസ് സൈനികരാണ് ഉണ്ടായിരുന്നത്. സേനയുടെ ഹെലികോപ്റ്ററാണ് അപകടത്തിൽ പെട്ടതെന്ന് യുഎസ് ആർമി സ്ഥിരീകരിച്ചു. പരിശീലന പറക്കലിനിടെയാണ് അപകടമുണ്ടായത്. രക്ഷാപ്രവർത്തനം തുടരുകയാണെന്നും അധികൃതർ അറിയിച്ചു.
വിമാനദുരന്തത്തിൽ അകപ്പെട്ടവർക്കായി പ്രാർഥിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചു. അപകടത്തിൽ അകപ്പെട്ടവർക്കായി പ്രാർഥിക്കാൻ വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ് എക്സിൽ അഭ്യർഥിച്ചു.