പ്രമുഖ ഷോർട് വിഡിയോ പ്ലാറ്റ്ഫോമായ ടിക് ടോക് യുഎസിലെ പ്രവർത്തനം അവസാനിപ്പിച്ചു. ആപ്പിനുള്ള നിരോധനം ഇന്നലെ (ജനുവരി 19 ഞായറാഴ്ച) പ്രാബല്യത്തിൽ വരുന്നതിനു മണിക്കൂറുകൾ മുൻപാണ് പ്രവർത്തനം നിർത്തിയത്. ഗൂഗിൾ പ്ലേ സ്റ്റോർ, ആപ് സ്റ്റോർ എന്നിവയിൽനിന്നു ടിക് ടോക് നീക്കിയെന്നു വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. 19-നകം ബൈറ്റ്ഡാൻസ് കമ്പനിയുടെ യുഎസിലെ മുഴുവൻ ആസ്തിയും വിറ്റൊഴിയണമെന്ന ജോ ബൈഡൻ സർക്കാർ നടപ്പാക്കിയ നിയമം പാലിക്കാത്തതിനാലാണ് പ്രവർത്തനം നിർത്തുന്നത്. ആസ്തി വിറ്റില്ലെങ്കിൽ രാജ്യത്ത് നിരോധനം നേരിടണമെന്ന നിയമത്തിന് സുപ്രീംകോടതി വെള്ളിയാഴ്ച അംഗീകാരം നൽകിയിരുന്നു.
17 കോടി ഉപഭോക്താക്കളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ നിയമം ഹനിക്കുമെന്ന ടിക് ടോകിന്റെ വാദം സുപ്രീംകോടതി തള്ളിയിരുന്നു. ടിക് ടോക് യുഎസിൽ ലഭ്യമാക്കുന്നുണ്ടെങ്കിൽ അത് അമേരിക്കൻ ഉടമസ്ഥതയിൽ മാത്രമായിരിക്കണമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരിൻ ജീൻ-പിയറി പറഞ്ഞു. ട്രംപ് ഭരണകൂടമാണ് നിയമം നടപ്പാക്കേണ്ടതെന്നും അവർ ചൂണ്ടിക്കാണിച്ചു.
ഡോണൾഡ് ട്രംപ് ഇന്ന് പ്രസിഡന്റായി അധികാരമേൽക്കുന്നതോടെ നിരോധനം പിൻവലിച്ചേക്കുമെന്നു റിപ്പോർട്ടുണ്ട്. ‘‘നിരോധനനിയമം പ്രാബല്യത്തിലായതിനാൽ, നിർഭാഗ്യവശാൽ, യുഎസിൽ ടിക് ടോക് ഉപയോഗിക്കാനാകില്ല. പ്രസിഡന്റ് ട്രംപിൽ ഞങ്ങൾക്കു പ്രതീക്ഷയുണ്ട്. അദ്ദേഹം സ്ഥാനമേറ്റാൽ പരിഹാരത്തിനു ശ്രമിക്കുമെന്നു സൂചിപ്പിച്ചിരുന്നു, കാത്തിരിക്കുക’’– ടിക് ടോക് അറിയിച്ചു.
ഇലോൺ മസ്‌കിന് ടിക് ടോക്കിന്റെ യുഎസ് ബിസിനസ് വിൽക്കുമെന്ന റിപ്പോർട്ടുകൾ നേരത്തെ ഉയർന്നുവന്നിരുന്നു. എന്നാൽ ഇത് കമ്പനിതന്നെ തള്ളിയിരുന്നു.