ബംഗ്ലാദേശിനുള്ള എല്ലാ സഹായങ്ങളും യുഎസ് നിർത്തിവെച്ചു. നിലവിലുള്ള ഗ്രാന്റുകളും കരാറുകളും പദ്ധതികളും നിർത്തിവെക്കാൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉത്തരവിട്ടു. യുഎസ് ഏജൻസി ഫോർ ഇൻ്റർനാഷണൽ ഡെവലപ്‌മെന്റാണ് (USAID) ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ബംഗ്ലാദേശിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി കണക്കിലെടുക്കുമ്പോൾ യു.എസിൽനിന്ന് സാമ്പത്തിക സഹായം ലഭിക്കാതാകുന്നത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും. മുഹമ്മദ് യൂനുസിന്റെ കീഴിലുള്ള ഇടക്കാല ബംഗ്ലാദേശ് സർക്കാരിനെ സംബന്ധിച്ചും വിഷയം വലിയ തിരിച്ചടിയാണ്.
യുക്രൈനടക്കം ചില രാജ്യങ്ങൾക്കുള്ള സാമ്പത്തികസഹായം 90 ദിവസത്തേക്ക് മരവിപ്പിക്കുന്നതായി യു.എസ്. വിദേശകാര്യസെക്രട്ടറി മാർക്ക് റൂബിയോ നേരത്തെ അറിയിച്ചിരുന്നു. ഇസ്രയേലിനും ഈജിപ്തിനുമുള്ള സൈനിക ധനസഹായം ഒഴികെ നിലവിലുള്ള എല്ലാ വിദേശ സഹായങ്ങളും നിർത്തിവയ്‌ക്കുമെന്ന് യുഎസ് ഏജൻസി ഫോർ ഇൻ്റർനാഷണൽ ഡെവലപ്‌മെന്റിന്റെ ഉത്തരവിൽ പറയുന്നു. യു.എസിന്റെ പുതിയ വിദേശനയങ്ങളുമായി പൊരുത്തപ്പെടുന്ന സാമ്പത്തികസഹായം മാത്രം തുടരാനുള്ള പദ്ധതികളുടെ ഭാഗമാണ് നടപടി.
യുഎസ്എഐഡിയുടെ സഹായം ഏറ്റവും കൂടുതൽ ലഭിക്കുന്ന ഏഷ്യൻ രാജ്യമാണ് ബംഗ്ളാദേശ്. 2024 സെപ്റ്റംബറിൽ, യുഎസ് 202 മില്യൺ ഡോളറിന്റെ സഹായം ബംഗ്ലാദേശിന് വാഗ്ദാനം ചെയ്തിരുന്നു. ഉത്തരവ് പ്രാബല്യത്തിൽ വന്നതോടെ ഇതും മുടങ്ങി. ബംഗ്ലാദേശിലെ പൊതുജനാരോഗ്യരക്ഷാ പദ്ധതികൾ അടക്കം മുന്നോട്ട് പോകുന്നത് യുഎസ് സഹായത്താലാണ്. പുതിയ രാഷ്‌ട്രീയ സംഭവ വികാസത്തിന് പിന്നാലെ ബംഗ്ലാദേശിന് ഇന്ത്യ നൽകി വരുന്ന സഹായവും പുർണ്ണമായും ഇല്ലാതായി. യുഎസ് കൂടി വാതിൽ കൊട്ടിയടച്ചതോടെ യൂനുസും സംഘവും സമാനതകളില്ലാത്ത പ്രതിസന്ധിയിലാണ് അകപ്പെട്ടിരിക്കുന്നത്.