നിലമ്പൂർ: പ്രതിപക്ഷ നേതാവ് വിഡി സതീശൻ നയിക്കുന്ന മലയോര സമരയാത്രയിൽ പിവി അൻവർ പങ്കെടുത്തു. മൂന്നര കൊല്ലമായി ആർ എസ് എസ്സിന്റെ പണിയെടുക്കുകയാണ് മുഖ്യമന്ത്രിയുടെ ഓഫീസെന്ന് പറഞ്ഞ അൻവർ സർക്കാരിനെതിരെ രൂക്ഷ വിമർശനം നടത്തി. വന്യജീവി പ്രശ്നത്തിൻ്റെ ഗൗരവം മനസ്സിലാക്കാത്ത രണ്ട് പേർ കേരളത്തിന്റെ മുഖ്യമന്ത്രിയും വനം മന്ത്രിയുമാണ്. കടുവ ഒരു സ്ത്രീയെ കടിച്ചുകൊന്ന സമയത്ത് ഫാഷൻ ഷോയിൽ പാടുന്ന തരത്തിലേക്ക് വനം മന്ത്രി തരംതാണുവെന്നും അൻവർ വിമർശിച്ചു. വെടിവെച്ച് കൊല്ലാനുള്ള അധികാരം ഉണ്ടായിട്ടും കേരളത്തിലെ സർക്കാർ അത് ചെയ്യുന്നില്ല. മുഖ്യമന്ത്രിക്കും വനം മന്ത്രിക്കും ഉത്തരവ് നൽകാൻ ത്രാണിയില്ല. തുടർന്ന് വരാനിരിക്കുന്ന യുഡിഎഫ് സർക്കാർ ഏറ്റെടുക്കേണ്ട ഏറ്റവും വലിയ കാര്യം മലയോര മേഖലയാണ് എന്നതും അൻവർ ഓർമിപ്പിച്ചു.
നിലമ്പൂരിൽ എൽ ഡി എഫിന് അനുകൂലമായി വോട്ട് ചെയ്ത ജനങ്ങളോട് ഈ അഴിമതികൾ തുറന്നു പറയാനാണ് ഞാൻ എം എൽ എ സ്ഥാനം രാജി വെച്ചത്. കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വരാൻ പോകുകയാണ്. മുപ്പത്തിനായിരത്തിൽ കുറയാത്ത വോട്ടിന്റെ ഭൂരിപക്ഷത്തിൽ നിലമ്പൂരിൽ പിണറായിസത്തിന്റെ അവസാന ആണി അടിക്കും. മലപ്പുറം ജില്ലയെ ക്രിമിനൽ ജില്ലയാകാനുള്ള ബോധപൂർവമായ പരിശ്രമം നടക്കുന്നതായും അൻവർ ആരോപിച്ചു. എഡിജിപി അജിത്കുമാറിനെതിരെ താൻ ഉയർത്തിയ ആരോപണങ്ങളും അൻവർ ആവർത്തിച്ചു.