ഇസ്ലാമബാദ്: പാക് ആണവ ശാസ്ത്രജ്ഞൻമാരെ ഭീകര സംഘടനയായ തെഹ്‌രീകെ താലിബാൻ പാക്കിസ്ഥാൻ (ടിടിപി) തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ട്. പാക് ആണവോർജ്ജ കമ്മിഷനിലെ ശാസ്ത്രജ്ഞൻമാരും ജീവനക്കാരും അടക്കം 16 പേരെയാണ് തട്ടിക്കൊണ്ട് പോയത്. അഫ്ഗാനിസ്ഥാനുമായി അതിർത്തി പങ്കിടുന്ന ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ ലക്കി മർവാട്ട് ഏരിയയിൽ ആണവോർജ്ജ കമ്മീഷന്റെ ഖനനം നടക്കുന്നുണ്ട്. ഇവിടെ ജോലി ചെയ്യുന്നവരെയാണ് ബന്ദികളാക്കിയത്. ജീവനക്കാർ ഉപയോഗിച്ചിരുന്ന വാഹനങ്ങൾ ഭീകരർ അഗ്നിക്കിരയാക്കിയിരുന്നു. പാക്കിസ്ഥാനിലെ ഏറ്റവും വലിയ യുറേനിയം ഖനിയിൽ നിന്ന് ടിടിപി ഗണ്യമായ അളവിൽ യുറേനിയം പിടിച്ചെടുത്തതായും വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ടിടിപി ശക്തി കേന്ദ്രമാണ് ലക്കി മർവാട്ട് ഏരിയ.
പാക് ജയിലിൽ കഴിയുന്ന ടിടിപി ഭീകരരെ മോചിപ്പിക്കണമെന്നാണ് ഭീകരസംഘടന മുന്നോട്ട് വെച്ച് ആവശ്യം. ബന്ദികളുടെ വീഡിയോ ടിടിപി പുറത്തുവിട്ടു. ടിടിപി പുറത്തുവിട്ട വീഡിയോയിൽ ഭീകരസംഘടനയുടെ ആവശ്യം അംഗീകരിച്ച് തങ്ങളുടെ ജീവൻ രക്ഷിക്കാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനോട് ജീവനക്കാർ അഭ്യർത്ഥിക്കുന്നത് കാണാം.
അഫ്ഗാൻ-പാക് അതിർത്തിയിൽ താലിബാനും പാക് പട്ടാളവും തമ്മിൽ ശക്തമായ ഏറ്റുമുട്ടൽ നടക്കുകയാണ്. സുരക്ഷാ ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടു പോകുന്നതടക്കമുള്ള ആക്രമ സംഭവങ്ങൾ ഇവിടെ പതിവാണ്.