പ്രയാഗ്‍രാജ്: ജനുവരി 13-ന് ആരംഭിച്ച മഹാകുംഭമേളയിൽ ഇതുവരെയുള്ള കണക്കുകൾ പ്രകാരം 60 കോടി തീർഥാടകരാണ് ത്രിവേണീ സംഗമത്തിൽ പുണ്യസ്നാനം ചെയ്തത്. ശിവരാത്രി ദിനമായ ഫെബ്രുവരി 26-നാണ് അവസാനത്തെ അമൃതസ്നാനം. ശിവരാത്രിയുടെ ഭാഗമായി ലക്ഷക്കണക്കിന് ആളുകളാണ് പ്രയാഗ്‌രാജിലേക്ക് എത്തുന്നത്. തിരക്ക് വർദ്ധിക്കുന്ന സാഹചര്യത്തിൽ പ്രയാഗ്‌രാജിൽ ഗതാഗത നിയന്ത്രണം കടുപ്പിച്ചിട്ടുണ്ട്. ട്രെയിൻ, വിമാനം, റോഡ് മാർഗം എത്തുന്നവരുടെ എണ്ണം അനിയന്ത്രിതമായി ഉയരുകയാണ്. ശിവരാത്രി വരെ തിരക്ക് വർദ്ധന തുടരുമെന്നാണ് വിലയിരുത്തൽ. തിരക്കേറിയ പ്രദേശങ്ങളിൽ കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കുന്നുണ്ട്.
4.50 ലക്ഷത്തിലധികം പേരാണ് വിമാനമാർഗം മാത്രം കുംഭമേളയ്‌ക്കെത്തിയത്. അവസാനത്തെ അമൃത് സ്നാനത്തിൽ പങ്കെടുക്കാൻ എത്തുന്ന എല്ലാ ഭക്തർക്കും ആവശ്യമായ ഒരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ടെന്ന് സർക്കാർ അറിയിച്ചു. സ്വച്ഛ് മഹാകുംഭമേള എന്ന ആശയത്തിലൂന്നി പ്രയാഗ്‌രാജിൽ ഇന്നലെ ശുചിത്വ ക്യാമ്പയിൻ ആരംഭിച്ചുവെന്നു ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. നാല് സോണുകളിലായി 15,000-ത്തിലധികം ശുചീകരണ തൊഴിലാളികൾ ചേർന്ന് ഒരു ശുചിത്വ ഡ്രൈവ് നടത്തും. ശുചീകരണ പ്രവർത്തനങ്ങൾക്കായി ദിവസേന മാർഗ നിർദേശങ്ങൾ നൽകുന്നുണ്ടെന്നും ഉയർന്ന ശുചിത്വ നിലവാരം പുലർത്തുന്നതിനാവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു.
കഴിഞ്ഞ ദിവസം മഹാകുംഭമേളയിൽ പങ്കെടുക്കാൻ ബോളിവുഡ് സൂപ്പർസ്റ്റാർ അക്ഷയ് കുമാർ ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലെത്തിയിരുന്നു. നേരത്തെ അനുപം ഖേർ, വിക്കി കൗശൽ, തമന്ന ഭാട്ടിയ തുടങ്ങിയ ബോളിവുഡ് താരങ്ങളും എത്തിയിരുന്നു.
ഫെബ്രുവരി 26-ന് മഹാശിവരാത്രി; ഐതിഹ്യങ്ങൾ, വ്രതമെടുക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ടത്