Tuesday, July 8, 2025
Mantis Partners Sydney
Jeevan MRI Kottayam, Thodupuzha
Home » തൊണ്ടിമുതൽ കേസിൽ ആന്‍റണി രാജു വിചാരണ നേരിടണമെന്ന് സുപ്രീം കോടതി.
തൊണ്ടിമുതൽ കേസിൽ ആന്‍റണി രാജു വിചാരണ നേരിടണമെന്ന് സുപ്രീം കോടതി.

തൊണ്ടിമുതൽ കേസിൽ ആന്‍റണി രാജു വിചാരണ നേരിടണമെന്ന് സുപ്രീം കോടതി.

by Editor

ന്യൂഡൽഹി: മുൻ മന്ത്രിയും ജനാധിപത്യ കേരള കോൺഗ്രസ് നേതാവുമായ ആന്റണി രാജുവിനെതിരായ തൊണ്ടിമുതൽ കേസിൽ തുടർ നടപടിയാകാമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. സാങ്കേതിക കാരണം പറഞ്ഞ് ആന്റണി രാജുവിനെതിരായ ക്രിമിനൽ നടപടി ഒഴിവാക്കിയതിൽ കേരള ഹൈക്കോടതിക്കു പിഴവു പറ്റിയെന്നു വ്യക്തമാക്കിയ സുപ്രീം കോടതി, രാജുവിനെതിരായ കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിൽ ക്രിമിനൽ കേസ് നിലനിൽക്കുമെന്നും വിചാരണ ഒരു വർഷത്തിനകം പൂർത്തിയാക്കാനുമാണ് ജഡ്ജിമാരായ സി.ടി. രവികുമാർ, സഞ്ജയ് കാരോൾ എന്നിവരുടെ ബെഞ്ച് ഉത്തരവിട്ടത് എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ലഹരിമരുന്ന് കേസിലെ തൊണ്ടി മുതലായ അടിവസ്ത്രത്തില്‍ അന്ന് ജൂനിയര്‍ അഭിഭാഷകനായിരുന്ന ആന്‍റണി രാജു കൃത്യമം നടത്തിയെന്നായിരുന്നു കേസ്. പ്രതി വിചാരണ നേരിടണമെന്നും ഒരു വർഷത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണമെന്നും കോടതി നിർദ്ദേശം നൽകി. ആന്റണി രാജു അടക്കം പ്രതികൾ അടുത്ത മാസം 20-ന് വിചാരണ കോടതിയിൽ ഹാജരാകണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു.

1990 ഏപ്രില്‍ 4-നാണ് കേസിനാസ്പദമായ സംഭവം. തിരുവനന്തപുരം വിമാനത്താവളത്തില്‍ ലഹരി മരുന്ന് കേസില്‍ പിടിയിലായ ഓസ്‌ട്രേലിയന്‍ പൗരനെ രക്ഷപ്പെടുത്താന്‍ തൊണ്ടിമുതലായ അടിവസ്ത്രം കോടതിയിൽ നിന്നും മാറ്റി പകരം മറ്റൊന്ന് വെച്ചുവെന്നാണ് കേസ്. കേസില്‍ മന്ത്രി ആന്റണി രാജു, കോടതി ജീവനക്കാരനായ ജോസ് എന്നിവരാണ് ഒന്നും രണ്ടും പ്രതികള്‍. വിചാരണക്കോടതിയിൽ ശിക്ഷിക്കപ്പെട്ട ഓസ്ട്രേലിയൻ പൗരൻ കേസ് ഹൈക്കോടതിയിൽ എത്തിയപ്പോൾ കുറ്റവിമുക്തനായി. കോടതിയിൽ സൂക്ഷിച്ചിരുന്ന അടിവസ്ത്രത്തിൽ കൃത്രിമത്വം നടന്നുവെന്നു ചൂണ്ടിക്കാട്ടി അന്വേഷണ ഉദ്യോഗസ്ഥൻ പരാതി നൽകിയതോടെയാണ് പ്രതിക്കു വേണ്ടി ഹാജരായ ആന്റണി രാജുവും കോടതി ജീവനക്കാരനായ ജോസും പ്രതികളായത്.

വിചാരണ നേരിടാൻ പറ‍ഞ്ഞാൽ നേരിടുമെന്നും അതിലൊന്നും പ്രശ്നമില്ലെന്നും ആന്‍റണി രാജു പറഞ്ഞു. വിധി പകര്‍പ്പിന്‍റെ പൂര്‍ണ വിവരം ലഭിച്ചിട്ടില്ല. അതിനുശേഷം ഇക്കാര്യത്തിൽ വിശദമായി പ്രതികരിക്കാം. താൻ ഇവിടെ തന്നെയുണ്ട്. അപ്പീൽ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വിധിപകര്‍പ്പ് ലഭിച്ചശേഷം തുടര്‍ കാര്യങ്ങള്‍ തീരുമാനിക്കുമെന്നും ആന്‍റണി രാജു പറഞ്ഞു. വിധിയിൽ ഒരു ഭയവുമില്ലെന്നും നിയമം നിയമത്തിന്‍റെ വഴിക്ക് പോകുമെന്നും വിചാരണ നേരിടുമെന്നും ആന്‍റണി രാജു പറ‍ഞ്ഞു.

അതേസമയം, സുപ്രീം കോടതിയുടേത് അബദ്ധ വിധിയാണെന്ന് ആന്‍റണി രാജുവിന്‍റെ അഭിഭാഷകൻ ദീപക് പ്രകാശ് പറഞ്ഞു. തൊണ്ടി മുതൽ സൂക്ഷിക്കുന്ന കോടതിയിലെ ജീവനക്കാരനായ ആളുടെ ഭാഗത്ത് നിന്നുണ്ടായ പിഴവാണെന്ന് സിബിഐ കേരള പൊലീസിന് റിപ്പോര്‍ട്ട് നൽകിയിട്ടുണ്ട്. അതിൽ ആന്‍റണി രാജുവിന്‍റെ പേരു പോലുമില്ല. ആന്‍റണി രാജു തൊണ്ടു മുതൽ വാങ്ങികൊണ്ടുപോകുന്നതിന് അപേക്ഷ നൽകിയെന്ന് പറയുന്നത് അടിസ്ഥാന രഹിതമാണ്. അപേക്ഷ നൽകിയത് പ്രതിയാണെന്നും അഭിഭാഷകൻ ദീപക് പ്രകാശ് പറഞ്ഞു. കേസിൽ സാക്ഷി മൊഴിയോ തെളിവുകളോ ഇല്ലെന്നും അതിനാൽ തന്നെ വിചാരണ നേരിടണമെന്ന് പറഞ്ഞുള്ള കോടതി വിധി അബദ്ധമാണെന്നും അഡ്വ. ദീപക് പ്രകാശ് പറഞ്ഞു.

Send your news and Advertisements

You may also like

error: Content is protected !!