ബ്രിസ്ബേൻ: ആൽഫ്രഡ് ചുഴലിക്കാറ്റിന്റെ തീവത്ര കുറഞ്ഞെങ്കിലും ഓസ്‌ട്രേലിയയുടെ കിഴക്കൻ തീരത്ത് ശക്തമായ കാറ്റും കനത്ത മഴയും വെള്ളപ്പൊക്കവും ആണ് അനുഭവപ്പെടുന്നത്. തെക്കുകിഴക്കൻ ക്വീൻസ്‌ലാന്റിലെ 318,387 പ്രോപ്പർട്ടികളിലും വടക്കൻ ന്യൂ സൗത്ത് വെയിൽസിലെ 16,000 പ്രോപ്പർട്ടികളിലും വൈദ്യുതി തടസ്സപ്പെട്ടിരിക്കുകയാണ്. ഗോൾഡ് കോസ്റ്റിൽ ഒരു ലക്ഷത്തിലധികം പേർക്കും ബ്രിസ്ബേൻ നഗരത്തിൽ ഏകദേശം 50,000 പേർക്കും വൈദ്യുതിയില്ല. ട്രോപ്പിക്കൽ ലോ ആയി തരംതാഴ്ത്തിയിട്ടുണ്ടെങ്കിലും, ആൽഫ്രഡ് ചുഴലിക്കാറ്റിന്റെ ആഘാതം ഇപ്പോഴും രൂക്ഷമാണ്. കനത്ത മഴയും ശക്തമായ കാറ്റും വെള്ളപ്പൊക്ക ഭീഷണിയും നിലനിൽക്കുന്നു.
ക്വീൻസ്‌ലാൻഡിലും ന്യൂ സൗത്ത് വെയിൽസിലും സ്ഥിതി വളരെ ഗുരുതരമായി തുടരുകയാണെന്ന് പ്രധാനമന്ത്രി ആന്റണി അൽബനീസ് പറഞ്ഞു, വരും ദിവസങ്ങളിൽ കനത്ത മഴ, നാശനഷ്ടമുണ്ടാക്കുന്ന കാറ്റ്, തീരപ്രദേശങ്ങളിൽ തിരമാലകൾ എന്നിവ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. അധികാരികളുടെ നിർദേശങ്ങൾ ശ്രദ്ധിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു. ഈ ദുരന്തത്തെ നേരിടാൻ സർക്കാർ എല്ലാ സഹായവും നൽകുമെന്ന് അദ്ദേഹം ഉറപ്പ് നൽകി.
ഓസ്‌ട്രേലിയയുടെ കിഴക്കൻ തീരത്ത് 50 വർഷത്തിനിടെ ആദ്യമായാണ് ഇത്തരമൊരു ചുഴലിക്കാറ്റ് വീശുന്നത്. സാധാരണയായി ഓസ്‌ട്രേലിയയുടെ വടക്കൻ പ്രദേശങ്ങളിലേക്ക് സഞ്ചരിക്കുന്ന രീതിയിലാണ് ചുഴലിക്കാറ്റുകള്‍ രൂപപ്പെടാറുള്ളത്. 1974 ലെ ട്രോപ്പിക്കൽ സൈക്ലോൺ സോയി ആയിരുന്നു ഏറ്റവും ഒടുവില്‍ മേഖലയിൽ ചുഴലിക്കാറ്റ്. ഇതിന് പുറമേ ഒട്ടും മനസിലാകാത്ത പ്രകൃതമാണ് ആൽഫ്രഡ് ചുഴലിക്കാറ്റ് കാണിച്ചത്. വ്യാഴാഴ്ച രാത്രിയോടെ ചുഴലിക്കാറ്റ് ആഞ്ഞടിക്കുമെന്നാണ് ആദ്യം വിലയിരുത്തിയിരുന്നത്. എന്നാല്‍ പിന്നീട് ഇത് വെള്ളിയാഴ്ചയാകുകയും ശേഷം ശനിയാഴ്ചയാകുകയും ചെയ്തു. വളരെ സാവധാനത്തിലാണ് ആൽഫ്രഡ് ചുഴലിക്കാറ്റ് സമുദ്രത്തിലൂടെ മുന്നോട്ട് നീങ്ങിയത്. 16 ദിവസമെടുത്താണ് ചുഴലിക്കാറ്റ് കരതൊട്ടത്. ഈ സമയത്തിനുള്ളിൽ ചുഴലിക്കാറ്റിന്‍റെ ശക്തി കുറഞ്ഞെങ്കിലും ശക്തമായ മഴയാണ് പല മേഖലകളിലും പെയ്തത്. പല താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിൽ ആയി. കാലാവസ്ഥാ വകുപ്പിന്‍റെ കണക്കുകൾ പ്രകാരം വെള്ളിയാഴ്ചയും ശനിയാഴ്ചയും വടക്കൻ ന്യൂ സൌത്ത് വെയിൽസിലും തെക്കുകിഴക്കൻ ക്വീൻസ്‌ലാൻഡിലും ഏകദേശം 200 മില്ലിമീറ്റർ മഴ വീതമാണ് ലഭിച്ചത്. ഇന്നും നാളെയും കൂടി ശക്തമായ മഴയാണ് പ്രവചിക്കുന്നത്.