ഡൽഹി: രാജ്യതലസ്ഥാനം നയിക്കാന്‍ വീണ്ടും വനിതാ മുഖ്യമന്ത്രി. ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ രേഖ ഗുപ്തയെ ഡൽഹി മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു. മഹിളാ മോർച്ച ദേശീയ വൈസ് പ്രസിഡന്റാണ് രേഖഗുപ്ത. ഇത്തവണ ഷാലിമാർ ബാഗ് മണ്ഡലത്തിൽ 29595 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രേഖ ഗുപ്ത വിജയിച്ചത്. ചരിത്രപ്രസിദ്ധമായ രാംലീല മൈതാനത്ത് വ്യാഴാഴ്ച രേഖ ഗുപ്ത മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. പർവേശ് വർമ്മ ഉപമുഖ്യമന്ത്രിയും വിജേന്ദ്ര ഗുപ്ത സ്പീക്കറുമാകും. 27 വർഷത്തിന് ശേഷമാണ് ബിജെപി ഡൽഹിയിൽ ഭരണം പിടിച്ചെടുക്കുന്നത്.
ഡൽഹിയെ നയിക്കാൻ വീണ്ടും വനിതാ മുഖ്യമന്ത്രി എത്തുന്നതോടെ കൂടുതൽ വനിതാ മുഖ്യമന്ത്രിമാർ അധികാരത്തിൽ എത്തിയ ഇടമായി ഡൽഹി മാറിയിരിക്കുകയാണ്. സുഷമ സ്വരാജിനും, ഷീല ദീക്ഷിത്തിനും അതിഷിക്കും ശേഷം ദില്ലിയിലെ നാലാമത് വനിതാ മുഖ്യമന്ത്രിയായാണ് രേഖ ഗുപ്ത സത്യപ്രതിജ്ഞ ചെയ്യുക. എ ബി വി പിയിലൂടെ രാഷ്ട്രീയത്തിലെത്തിയ രേഖ, ഡൽഹിയിലെ രാഷ്ട്രീയ വഴികളിൽ സുപരിചിതയാണ്. ഡൽഹി യൂണിവേഴ്സിറ്റി സ്റ്റുഡന്‍റ്സ് യൂണിയൻ പ്രസിഡന്‍റ് സ്ഥാനത്തേക്ക് ജയിച്ചുകയറിയതുമുതൽ രേഖ, രാജ്യ തലസ്ഥാനത്തെ ബി ജെ പിയുടെ പ്രിയ നേതാവായി വളരുകയായിരുന്നു. 50 വയസുള്ള ഇവർ മഹിളാ മോർച്ച ദേശീയ വൈസ് പ്രസിഡന്‍റായും പ്രവർത്തിക്കുകയാണ്. രാജ്യ തലസ്ഥാനത്തെ നയിക്കാൻ വനിത മതിയെന്ന ആർ എസ് എസ് നിർദ്ദേശം ബി ജെ പിയും ശരിവച്ചതോടെയാണ് രേഖക്ക് നറുക്കുവീണത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് രേഖ ഗുപ്തയുടെ പേരിലേക്ക് എത്തണമെന്നു നിർദേശിച്ചതെന്നും വിവരമുണ്ട്. രാജ്യത്ത് നിലവിൽ ബി ജെ പിയുടെ ഏക വനിതാ മുഖ്യമന്ത്രി എന്ന ഖ്യാതിയും ഇതോടെ രേഖ ഗുപ്തക്ക് സ്വന്തമാകും.
ഇന്ന് പന്ത്രണ്ട് മണിക്ക് രാംലീല മൈതാനത്ത് ഡൽഹി ഗവർണർ രേഖ ഗുപ്തയ്ക്ക് സത്യവാചകം ചൊല്ലി കൊടുക്കും. വികസിത ഡൽഹിയെന്ന മുദ്രാവാക്യമുയർത്തിയാണ് ചടങ്ങ്. വികസിത് ഡൽഹി ശപഥ് സമാരോഹ് എന്നാണ് ചടങ്ങിന് പേരിട്ടിരിക്കുന്നത്. ചടങ്ങിലേക്ക് മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും കാവൽ മുഖ്യമന്ത്രി അതിഷിയെയും, ദില്ലി പിസിസി അധ്യക്ഷൻ ദേവേന്ദ്ര യാദവിനെയും ക്ഷണിച്ചിട്ടുണ്ട്. 20 സംസ്ഥാനങ്ങളിലെയും എൻഡിഎ മുഖ്യമന്ത്രിമാരെയും ഉപമുഖ്യമന്ത്രിമാരെയും എല്ലാ പ്രധാന നേതാക്കളെയും സെലിബ്രിററികളെയും പങ്കെടുപ്പിച്ച് ചടങ്ങ് ശക്തിപ്രകടനമാക്കാനാണ് ബിജെപി തീരുമാനം.